റോഷൻ ആൻഡ്രൂസ് ഇനി ഷാഹിദ് കപൂറിനൊപ്പം പടം പിടിക്കും; മിസ്റ്ററി-ത്രില്ലർ ചിത്രം അണിയറയിൽ
നിലവിൽ പ്രീ പ്രൊഡക്ഷൻ ഘട്ടത്തിലാണ് ചിത്രം.
4 Aug 2022 5:05 PM GMT
ഫിൽമി റിപ്പോർട്ടർ

സംവിധായകൻ റോഷൻ ആൻഡ്രൂസിനൊപ്പം സഹകരിക്കാൻ ബോളിവുഡ് നടൻ ഷാഹിദ് കപൂർ. മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രത്തിനായി ഇരുവരും ഒന്നിക്കുന്ന വാർത്തകൾ ആണ് ഇപ്പോൾ പുറത്ത് വരുന്നത്. സിദ്ധാർത്ഥ് റോയ് കപൂർ ചിത്രം നിർമ്മിക്കും എന്നാണ് വിവരം. വാർത്തകൾ ശരിയെങ്കിൽ റോഷൻ ആൻഡ്രൂസിന്റെ ബോളിവുഡ് അരങ്ങേറ്റമാകും ചിത്രം.
നിലവിൽ പ്രീ പ്രൊഡക്ഷൻ ഘട്ടത്തിലാണ് ചിത്രമുള്ളത് എന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. ഷാഹിദ് കപൂറിൻ്റെ തിരക്കുകൾ കുറയുന്നത് പ്രകാരം ചിത്രീകരണത്തിലേയ്ക്ക് കടക്കും. ദിനേഷ് വിജയനൊപ്പം 'യുണീക് ലവ് സ്റ്റോറി' എന്ന ചിത്രത്തിൽ ആണ് ഷാഹിദ് കപൂർ ഇപ്പോൾ പ്രവർത്തിക്കുന്നത്.
അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് നിര്‍മ്മാണം നിർവ്വഹിച്ച് നിവിൻ പോളി നായകനായെത്തുന്ന ചിത്രമാണ് റോഷൻ ആൻഡ്രൂസിന്റേതായി ഇനി പുറത്തുവരാനുള്ളത്. സിജു വിൽസൻ, അജു വർഗീസ്, സാനിയ ഇയ്യപ്പൻ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജേക്ക്സ് ബിജോയ് ആണ് സിനിമയുടെ സംഗീതം നിർവഹിക്കുന്നത്. ഛായാഗ്രഹണം ആർ ദിവാകർ.
Story highlights: Shahid Kapoor to work with director Rosshan Andrrews