Top

ബോളിവുഡിലേക്ക് തിരിച്ചുവരവറിയിച്ച് അനുഷ്ക ശർമ്മ; എത്തുന്നത് ഇന്ത്യയുടെ വനിതാ ഫാസ്റ്റ് ബൗളറായി

അമ്മയായതിന് ശേഷമുള്ള അനുഷ്കയുടെ ആദ്യ ചിത്രമാണിത്

30 May 2022 7:25 AM GMT
ഫിൽമി റിപ്പോർട്ടർ

ബോളിവുഡിലേക്ക് തിരിച്ചുവരവറിയിച്ച് അനുഷ്ക ശർമ്മ; എത്തുന്നത് ഇന്ത്യയുടെ വനിതാ ഫാസ്റ്റ് ബൗളറായി
X

'ചക്ദാ എക്സ്പ്രസ്സ്' എന്ന പുതിയ ചിത്രത്തിലൂടെ അനുഷ്‌ക ശർമ്മ തന്റെ ബോളിവുഡ് തിരിച്ചുവരവ് പ്രഖ്യാപിച്ചിരിക്കുകയാണ്. ബിഗ് സ്‌ക്രീനിൽ പ്രശസ്ത ഇന്ത്യൻ ഫാസ്റ്റ് ബൗളർ താരമായ ജുലൻ ഗോസ്വാമിയുടെ ജീവിത കഥയുമായാണ് താരം എത്തുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. ഇതിന്റെ ഭാഗമായി ഏതാനും നാളുകളായി അനുഷ്ക ക്രിക്കറ്റ് പരിശീലനത്തിലായിരുന്നു. പരിശീലനം നടത്തുന്ന ചിത്രങ്ങളും വിഡിയോകളും താരം സമൂഹ മധ്യമങ്ങളിലൂടെ പങ്കുവച്ചതും ആരാധകർ ഏറ്റെടുത്തിരുന്നു. അമ്മയായതിന് ശേഷമുള്ള അനുഷ്കയുടെ ആദ്യ ചിത്രമാണിത്.

ഇപ്പോഴിതാ താരം 'ചക്ദാ എക്സ്പ്രസ്സി'ന്റെ ചിത്രീകരണം ആരംഭിച്ചുവെന്ന പുതിയ വാർത്തകളാണ് എത്തുന്നത്. ഇന്ന് മുതൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഫാസ്റ്റ് ബൗളർ ജുലൻ ഗോസ്വാമിയിലേക്ക് എത്താൻ അനുഷ്ക മാസങ്ങൾ നീണ്ട തയ്യാറെടുപ്പുകളാണ് നടത്തിയത്.

ഇന്ത്യയിലും ഇംഗ്ലണ്ടിലുമായാണ് സിനിമയുടെ ചിത്രീകരണം നടക്കുക. 30 ദിവസത്തെ ഷെഡ്യൂളിൽ ചിത്രീകരണത്തിനായി അനുഷ്‌ക യുകെയിലേക്ക് പോകുമെന്നും ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയ്‌ക്കായി ക്രിക്കറ്റ് കളിക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ എല്ലാ തടസ്സങ്ങൾക്കിടയിലും ജുലൻ നേരിട്ട വഴികളാണ് കഥ. ഇന്ത്യൻ വനിതാ ദേശീയ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായ ഇന്ത്യയുടെ അഭിമാനമാണ് ജുലൻ. ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ വനിത എന്ന ലോക റെക്കോർഡും ജുലൻ സ്വന്തമാക്കിയിട്ടുണ്ട്. ഇതിന്റെ ബഹുമാനാർത്ഥം 2018ൽ, ജുലന്റെ പേരിൽ ഇന്ത്യൻ തപാൽ സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു.

Story highlights: Anushka Sharma returns to Bollywood; Arriving as India's women fast bowler

Next Story