Top

'സിംഹമായാല്‍ ചിലപ്പോള്‍ പല്ല് കാണിക്കും, വേണ്ടി വന്നാല്‍ കടിക്കും'; സ്വതന്ത്ര ഭാരതത്തിന്റെ സിംഹം ഇങ്ങനെയാണെന്ന് അനുപം ഖേര്‍

13 July 2022 11:49 AM GMT
ഫിൽമി റിപ്പോർട്ടർ

സിംഹമായാല്‍ ചിലപ്പോള്‍ പല്ല് കാണിക്കും, വേണ്ടി വന്നാല്‍ കടിക്കും; സ്വതന്ത്ര ഭാരതത്തിന്റെ സിംഹം ഇങ്ങനെയാണെന്ന് അനുപം ഖേര്‍
X

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത ദേശീയചിഹ്നം വിവാദത്തില്‍ പ്രതികരണവുമായി ബോളിവുഡ് നടന്‍ അനുപം ഖേര്‍. ഇത് സ്വതന്ത്ര ഭാരതത്തിന്റെ സിംഹമാണെന്നാണ് നടന്‍ അഭിപ്രായപ്പെട്ടത്. സിംഹമായാല്‍ ചിലപ്പോള്‍ പല്ലുകാണിക്കുമെന്നും വേണ്ടി വന്നാല്‍ കടിക്കുമെന്നും അനുപം ഖേര്‍ ട്വീറ്റില്‍ കുറിച്ചു.

'സിംഹമായാല്‍ ചിലപ്പോള്‍ പല്ല് കാണിച്ചെന്നുവരും. വേണ്ടിവന്നാല്‍ സിംഹം കടിച്ചുവെന്നും വരും. എല്ലാത്തിനും ഉപരി, ഇത് സ്വതന്ത്ര ഭാരതത്തിന്റെ സിംഹമാണ്. ജയ് ഹിന്ദ്,' ദേശീയ ചിഹ്നത്തിന്റെ വീഡിയോ പങ്കുവച്ച് അനുപം ഖേറിന്റെ ട്വീറ്റ് ചെയ്തു.

സിംഹങ്ങളുടെ പല്ലുകള്‍ തുറന്നു കാണിക്കുന്ന തരത്തിലുള്ള ദേശീയ ചിഹ്നം വന്‍ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്. സംഭവത്തില്‍ പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. അശോകസ്തംഭത്തിന്റെ വികലപകര്‍പ്പ് പ്രതിനിധീകരിക്കുന്നത് മോദിയുടെ ഇന്ത്യയെയാണെന്നാണ് വിഷയത്തില്‍ സിപിഐഎം പിബി അംഗം എംഎ ബേബി പ്രതികരിച്ചത്. അര്‍ത്ഥവത്തായ അശോകസ്തംഭത്തെയും ഇന്ത്യയുടെ അടയാളത്തെയും മോദി അപമാനിക്കുകയാണ്. കഴിയും വേഗം അത് എടുത്തു മാറ്റണമെന്നും എംഎ ബേബി ആവശ്യപ്പെട്ടു.

'നമ്മുടെ ദേശീയ ചിഹ്നമായ മഹനീയമായ അശോക സിംഹങ്ങളോടുള്ള അപമാനം' എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപിയും പ്രസാര്‍ ഭാരതിയുടെ മുന്‍ സിഇഒയുമായ ജവഹര്‍ സിര്‍കാര്‍ ഇതിനെ വിശേഷിപ്പിച്ചത്. ഒറിജിനല്‍ ഇടതുവശത്താണ്, ഭംഗിയുള്ളതും ആത്മവിശ്വാസമുള്ളതുമാണത്. വലതുവശത്തുള്ളത് മോദിയുടെ പതിപ്പാണ് ആക്രമാണാത്മകവും ആനുപാത രഹിതവുമാണത്. ചിഹ്നത്തിന്റെ പഴയതും പുതിയ പതിപ്പും താരതമ്യം ചെയ്ത് അദ്ദേഹം ട്വീറ്റ് ചെയ്തു.

എന്നാല്‍, ചിഹ്നത്തിന് 'വ്യതിചലനം' ഇല്ലെന്ന് ശില്പത്തിന്റെ ഡിസൈനര്‍മാര്‍ അവകാശപ്പെട്ടു. ദേശീയ ചിഹ്നത്തിലുള്ള സിംഹങ്ങള്‍ക്ക് സൗമ്യമായ ഭാവമാണുള്ളത് എന്നാല്‍ പുതിയ ശില്‍പ്പത്തിലുള്ളതിന് നരഭോജി പ്രവണത തോന്നിക്കുന്നെന്ന് ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനദാതള്‍ ട്വീറ്റ് ചെയ്തു. 'ഓരോ ചിഹ്നവും ഒരു മനുഷ്യന്റെ ചിന്തയെയും യഥാര്‍ത്ഥ സ്വഭാവത്തെയും ചൂണ്ടികാണിക്കുന്നെന്നും' ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.

Story Highlights; Anupam kher reacts on national emblem controversy

Next Story