Top

'സിനിമകൾ സമ്പദ്‌വ്യവസ്ഥയെ ഏറെ സഹായിക്കുന്നു'; ബോയ്‌കോട്ട് ക്യാംപെയ്നുകൾക്കെതിരെ അക്ഷയ് കുമാർ

കഴിഞ്ഞ ദിവസം അക്ഷയ് കുമാർ ചിത്രം രക്ഷാ ബന്ധന് നേരെ ബഹിഷ്കരണ ക്യാംപെയ്ൻ ഉയർന്നിരുന്നു.

8 Aug 2022 4:51 PM GMT
ഫിൽമി റിപ്പോർട്ടർ

സിനിമകൾ സമ്പദ്‌വ്യവസ്ഥയെ ഏറെ സഹായിക്കുന്നു; ബോയ്‌കോട്ട് ക്യാംപെയ്നുകൾക്കെതിരെ അക്ഷയ് കുമാർ
X

ബോളിവുഡ് സിനിമകൾക്ക് നേരെ നടക്കുന്ന ബോയ്‌കോട്ട് ക്യാംപെയ്നുകളിൽ പ്രതികരണവുമായി അക്ഷയ് കുമാർ. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ സിനിമകൾ ഏറെ സഹായിക്കുന്നുണ്ട് എന്നും ഇത്തരം ബഹിഷ്കരണങ്ങൾ മോശമായി തന്നെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊൽക്കത്തയിൽ 'രക്ഷാ ബന്ധൻ' എന്ന സിനിമയുടെ പ്രചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇതൊരു സ്വതന്ത്ര രാജ്യമാണ്, എല്ലാവർക്കും അവർക്ക് ഇഷ്ടമുള്ളത് ചെയ്യാൻ കഴിയും. എന്നാൽ സിനിമകൾ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ഏറെ സഹായിക്കുന്നുണ്ട്. നമ്മൾ വലുതും മഹത്തായതുമായ രാജ്യമായി മാറുന്നതിന്റെ വക്കിലാണ്. അവരോട് ഞാൻ അഭ്യർത്ഥിക്കുന്നു, അത് തകർക്കരുത്', അക്ഷയ് കുമാർ പറഞ്ഞു.

കഴിഞ്ഞ ദിവസം അക്ഷയ് കുമാർ ചിത്രം രക്ഷാ ബന്ധന് നേരെ ബഹിഷ്കരണ ക്യാംപെയ്ൻ ഉയർന്നിരുന്നു. ചിത്രത്തിന്റെ തിരക്കഥാകൃത്ത് കനിക ധില്ലന്റെ പഴയ ട്വീറ്റുകൾ കുത്തിപ്പൊക്കിയാണ് ചിത്രം ബഹിഷ്‌ക്കരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഒരുകൂട്ടംപേർ രംഗത്ത് വന്നത്. പൗരത്വ ബിൽ, പശുക്കളുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവയിൽ കേന്ദ്ര സർക്കാരിന്റെ നയങ്ങളോട് അതൃപ്തി അറിയിച്ചുകൊണ്ട് കനിക മുൻപ് നടത്തിയ ട്വീറ്റുകൾ ആണ് ബോയ്‌കോട്ട് ക്യാംപെയ്നിന് കാരണം.

തന്റെ സഹോദരിമാർക്ക് നല്ല ഭാവി ഉറപ്പാക്കാൻ ജീവിതം ത്യജിക്കാൻ തയ്യാറായ ഒരു ജ്യേഷ്ഠന്റെ കഥ പറയുന്ന രക്ഷാ ബന്ധന്റെ തിരക്കഥ രചിച്ചിരിക്കുന്നത് കനികയും ഭർത്താവ് ഹിമാൻഷു ശർമ്മയും ചേർന്നാണ്. ആഴ്ചകൾക്ക് മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അക്ഷയ്‌ക്ക് പുറമെ ഭൂമി പെഡ്‌നേക്കർ, സഹെജ്‌മീൻ കൗർ, ദീപിക ഖന്ന, സാദിയ ഖത്തീബ്, സ്മൃതി ശ്രീകാന്ത് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആനന്ദ് എൽ റായ് ആണ് ചിത്രത്തിന്റെ സംവിധാനം.

story highlights: akshay kumar comments on the boycott campaigns on movies

Next Story