Top

'കിട്ടിയ തുക മുഴുവൻ നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കും'; 'പാൻ മസാല' വിവാദത്തിൽ മാപ്പ് ചോദിച്ച് അക്ഷയ് കുമാർ

'ഭാവിയിൽ ഇത്തരം പരസ്യങ്ങളുടെ ഭാഗമാകില്ല എന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു'

21 April 2022 1:35 AM GMT
ഫിൽമി റിപ്പോർട്ടർ

കിട്ടിയ തുക മുഴുവൻ നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കും; പാൻ മസാല വിവാദത്തിൽ മാപ്പ് ചോദിച്ച് അക്ഷയ് കുമാർ
X

ബോളിവുഡ് താരം അക്ഷയ് കുമാർ പാൻ മസാല പരസ്യത്തിൽ അഭിനയിച്ചത് ഏറെ വിമർശനങ്ങൾക്ക് കാരണമായിരിക്കുകയാണ്. ഇപ്പോഴിതാ വിഷയത്തിൽ മാപ്പ് അപേക്ഷ നടത്തി താരം. പ്രേക്ഷകരിൽ നിന്ന് ലഭിച്ച പ്രതികരണം തന്നെ ഏറെ വിഷമിപ്പിച്ചു. ഇനി പാൻ മസാല പരസ്യങ്ങളിൽ അഭിനയിക്കുകയില്ല. പരസ്യത്തിൽ നിന്ന് ലഭിച്ച തുക നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കുമെന്ന് അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.

'ഞാൻ എന്റെ ആരാധകരോടും എല്ലാ പ്രേക്ഷകരോടും ക്ഷമ ചോദിക്കുന്നു. നിങ്ങളുടെ പ്രതികരണം എന്നെ ഏറെ വേദനിപ്പിച്ചു. പുകയില ഉപയോഗത്തെ ഞാൻ ഒരിക്കലും പിന്തുണയ്ക്കുകയില്ല. വിമൽ എലൈച്ചിയുമായുള്ള പരസ്യങ്ങൾ മൂലം നിങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് ഞാൻ മനസ്സിലാക്കുന്നു. വിനയപൂർവ്വം ഞാൻ അതിൽ നിന്ന് പിൻവാങ്ങുന്നു. എനിക്ക് ലഭിച്ച തുക എന്തെങ്കിലും നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കുവാൻ തീരുമാനിച്ചു. ഞാനുമായുള്ള കരാർ അവസാനിക്കുന്നത് വരെ അവർ ആ പരസ്യം സംപ്രേഷണം ചെയ്യും. എന്നാൽ ഭാവിയിൽ ഇത്തരം പരസ്യങ്ങളുടെ ഭാഗമാകില്ല എന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. നിങ്ങളുടെ സ്നേഹം പ്രതീക്ഷിക്കുന്നു', അക്ഷയ് കുമാർ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അക്ഷയ് കുമാർ അഭിനയിച്ച വിമൽ പാൻ മസാലയുടെ പരസ്യം പുറത്തിറങ്ങിയത്. അജയ് ദേവ്ഗണും ഷാരൂഖ് ഖാനും പാൻ മസാല ചവച്ചുകൊണ്ട് ആരാണ് ഈ പുതിയ കില്ലാഡി എന്ന് ചോദിക്കുന്നതും അക്ഷയ് കുമാർ പാൻ മസാല ചവച്ചുകൊണ്ട് കടന്നു വരുന്നതുമാണ് പരസ്യം.

പരസ്യത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ വിമർശനം ഉയരുന്നുണ്ട്. നടന്റെ ഒരു പഴയകാല വീഡിയോ സോഷ്യൽ മീഡിയയിൽ പരക്കുന്നുണ്ട്. പുകയിലയ്‌ക്കെതിരെ നടൻ സംസാരിക്കുന്നതാണ് വീഡിയോ. 'ഞാൻ എന്റെ സഹപ്രവർത്തകരോട് ഇത്തരം പ്രൊഡക്ടുകൾ പ്രോത്സാഹിപ്പിക്കരുത് എന്ന് പറയാറുണ്ട്. പ്രേക്ഷകർ അത് അനുകരിക്കാൻ സാധ്യതയുണ്ട്' എന്നാണ് അക്ഷയ് കുമാർ വീഡിയോയിൽ പറയുന്നത്.

വർഷങ്ങൾക്ക് മുൻപ് പുകയില ഉൽപ്പന്നങ്ങളുടെ പരസ്യത്തിൽ അഭിനയിക്കില്ല എന്ന് പറഞ്ഞ അതെ നടൻ ഇന്ന് ''വിമൽ'' പരസ്യത്തിൽ അഭിനയിക്കുന്നു. അക്ഷയ് കുമാർ ഒരു അവസരവാദിയാണ്' എന്ന് ചിലർ ട്വിറ്ററിലൂടെ അഭിപ്രായപ്പെടുന്നു.

എന്നാൽ പാൻ മസാല പരസ്യങ്ങൾ അഭിനയിക്കുന്നതിനെ അജയ് ദേവ്ഗൺ അനുകൂലിച്ച് സംസാരിച്ചിട്ടുണ്ട്. പാൻ മസാല ഉപയോഗിക്കണമോ വേണ്ടയോ എന്നത് ഓരോരുത്തരുടെ വ്യക്തിപരമായ താൽപര്യമാണ്. പാൻ മസാല ഉപയോഗം എന്നത് തെറ്റാണെങ്കിൽ അതിന്റെ വിൽപ്പനയാണ് നിർത്തേണ്ടത് എന്നാണ് അജയ് ദേവ്ഗൺ പറഞ്ഞത്.

story highlights: akshay kumar apologises for his pan masala advertisment

Next Story