Top

'ഈ ടീം കപ്പടിക്കുമെന്ന് കരുതുന്നുണ്ടോ' ; മനം കവര്‍ന്ന് കപിലിന്റെ ചെകുത്താന്‍മാര്‍; 83 ട്രെയ്‌ലര്‍

ചിത്രത്തില്‍ മദന്‍ ലാല്‍ ആയി ഹാര്‍ഡി സന്ധുവും ബല്‍വീന്ദര്‍ സന്ധുവിന്റെ വേഷത്തില്‍ അമ്മി വിര്‍ക്കും ട്രെയിലറില്‍ തന്നെ ശ്രദ്ധ പിടിച്ച് പറ്റുന്നു

30 Nov 2021 5:28 AM GMT
ഫിൽമി റിപ്പോർട്ടർ

ഈ ടീം കപ്പടിക്കുമെന്ന് കരുതുന്നുണ്ടോ ; മനം കവര്‍ന്ന് കപിലിന്റെ ചെകുത്താന്‍മാര്‍; 83 ട്രെയ്‌ലര്‍
X

ടീം ഇന്ത്യയുടെ പ്രഥമ ലോകകപ്പ് കിരീട നേട്ടത്തെ ആധാരമാക്കി ഒരുക്കിയ സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രം '83' ട്രെയ്‌ലര്‍ പുറത്ത്. 1983 ലെ ലോകകപ്പ് ടൂര്‍ണമെന്റില്‍ ഇന്ത്യയെ നയിച്ച ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ റോളില്‍ ബോളിവുഡ് താരം രണ്‍വീര്‍സിംഗ് എത്തുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം ജീവയും പ്രധാന കഥാപാത്രമായി വേഷമിടുന്നു. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ശ്രീകാന്തായാണ് ജീവ 83 ന്റെ ഭാഗമാവുന്നത്. ചിത്രം ഡിസംബര്‍ 24 ന് ക്രിസ്മസ് റിലീസായി ഇന്ത്യയിലെ തിയേറ്ററുകളിലെത്തും.

ഒട്ടും സാധ്യത കല്‍പ്പിക്കാതിരിരുന്ന ഒരു ടീം എന്ന നിലയില്‍ നിന്നും കരുത്തരായ ഓസ്‌ട്രേലിയയെയും വെസ്റ്റ് ഇന്‍ഡീസിനെയും അട്ടിമറിച്ച ലോകകപ്പ് നേട്ടം കുറിച്ച 1983 ലെ ഇന്ത്യന്‍ ടീമിന്റെ കഥയാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. മൂന്ന് മിനിറ്റില്‍ അധികം നീളുന്ന ട്രെയ്‌ലറില്‍ ഇന്ത്യയുടെ പ്രയാണം സംബന്ധിച്ച് വ്യക്തമായ സൂചനയും നല്‍കുന്നുണ്ട്. ചിത്രത്തില്‍ മദന്‍ ലാല്‍ ആയി ഹാര്‍ഡി സന്ധുവും ബല്‍വീന്ദര്‍ സന്ധുവിന്റെ വേഷത്തില്‍ അമ്മി വിര്‍ക്കും ട്രെയിലറില്‍ തന്നെ ശ്രദ്ധ പിടിച്ച് പറ്റുന്നു.

ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. ദീപിക പദുകോണ്‍ നായികാ വേഷത്തിലെത്തുന്ന സിനിമയില്‍ പങ്കജ് ത്രിപാഠി, ബൊമാന്‍ ഇറാനി, സാക്വിബ് സലിം, ഹാര്‍ഡി സന്ധു, താഹിര്‍ രാജ് ഭാസിന്‍, ഡിങ്കര്‍ ശര്‍മ്മ, ജതിന്‍ സര്‍ന, നിശാന്ത് ദാഹിയ തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

2020ല്‍ റിലീസ് ചെയ്യാനായിരുന്ന ചിത്രം കൊവിഡ് കാരണം പല തവണ മാറ്റിവെയ്ക്കുകയായിരുന്നു.



Next Story

Popular Stories