Top

'പൃഥ്വിരാജി'ന് വേണ്ടി തയ്യാറാക്കിയത് 50,000 വസ്ത്രങ്ങളും 500 തലപ്പാവുകളും; ബ്രഹ്മാണ്ഡ ചിത്രത്തെ കുറിച്ച സംവിധായകൻ

രാജസ്ഥാനി രാജാവിന്റെ കഥയായതുകൊണ്ട് അവിടെ നിന്നു തന്നെയുള്ള ഒരാളെക്കൊണ്ടാണ് വസ്ത്രങ്ങൾ രൂപകല്പന ചെയ്യിപ്പിച്ചെടുത്തത്

17 May 2022 2:58 AM GMT
ഫിൽമി റിപ്പോർട്ടർ

പൃഥ്വിരാജിന് വേണ്ടി തയ്യാറാക്കിയത് 50,000 വസ്ത്രങ്ങളും 500 തലപ്പാവുകളും; ബ്രഹ്മാണ്ഡ ചിത്രത്തെ കുറിച്ച സംവിധായകൻ
X

അക്ഷയ് കുമാർ ടൈറ്റിൽ റോളിലെത്തുന്ന ചരിത്ര സിനിമ 'പൃഥ്വിരാജ്' റിലീസിനൊരുങ്ങുകയാണ്. സാമ്രാജ് പൃഥ്വിരാജ് ചൌഹാന്റെ ചരിത്ര പ്രണയ കഥയ്ക്ക് തുടക്കം മുതലേ എതിർപ്പുകൾ ഉടലെടുത്തിരുന്നുവെങ്കിലും അതിനെയൊക്കെ മറികടന്നു കൊണ്ടാണ് ചിത്രം ജൂൺ മൂന്നിന് തിയേറ്ററുകളിൽ എത്തുന്നത്. ചരിത്ര സിനിമയായതു കൊണ്ട് തന്നെ പഴയ കാലഘട്ടം സിനിമയിൽ കൊണ്ടുവരിക എന്നത് വെല്ലുവിളി നിറഞ്ഞ കാര്യം കൂടിയാണ്. ഇപ്പോഴിതാ ചിത്രത്തിനെപ്പറ്റി തുറന്നു പറയുകയാണ് സംവിധായകൻ ഡോ. ചന്ദ്രപ്രകാശ് ദ്വിവേദി.

സിനിമയിലെ അഭിനേതാക്കൾക്ക് വേണ്ടി 50,000 തരം വസ്ത്രങ്ങളും 500 തലപ്പാവുകളുമാണ് തയ്യാറാക്കിയതെന്നാണ് സംവിധായകൻ പറയുന്നത്. 'പൃഥ്വിരാജ്' പോലൊരു സിനിമ സ്‌ക്രീനിലെത്തിക്കുമ്പോൾ ഏറെ സൂക്ഷ്മത പുലർത്തേണ്ടിയിരുന്നു എന്നും ചന്ദ്രപ്രകാശ് ദ്വിവേദി പറയുന്നു. അന്നത്തെ കാലത്ത് രാജാക്കന്മാർ മുതൽ സാധാരണക്കാർ വരെ അണിഞ്ഞിരുന്ന വസ്ത്രങ്ങളുടെ അതേ മാതൃകയിൽ തന്നെയാണ് എല്ലാവർക്കും തായ്യാറാക്കിയിരുന്നത് എന്നും തലപ്പാവുണ്ടാക്കാൻ വേണ്ടി മാത്രം ഒരു വിദ​ഗ്ധനുൻ ഉണ്ടായിരുന്നു എന്നും ദ്വിവേദി കൂട്ടിച്ചേർത്തു.

രാജസ്ഥാനി രാജാവിന്റെ കഥയായതുകൊണ്ട് അവിടെ നിന്നു തന്നെയുള്ള ഒരാളെക്കൊണ്ടാണ് വസ്ത്രങ്ങൾ രൂപകല്പന ചെയ്യിപ്പിച്ചെടുത്തത്. അതിനായി അദ്ദേഹത്തെ രാജസ്ഥാനിൽ നിന്ന് മുംബൈയിൽ കൊണ്ട് വന്നു താമസിപ്പിക്കു​കയായിരുന്നു. ഈ സിനിമയേക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് മനസിലാക്കുന്ന ആദിത്യ ചോപ്രയേപ്പോലൊരു നിർമാതാവിനെ കിട്ടിയതിൽ ഞാൻ അഭിമാനംകൊള്ളുന്നു. ഇതുപോലൊരു കഥ പറയാൻ അദ്ദേഹം നന്നായി എന്നെ പിന്തുണച്ചു.

പൃഥ്വിരാജ് എന്റെ സ്വപ്നമാണ്. ശക്തനും ഇതിഹാസവുമായ രാജാവിനെക്കുറിച്ച് ഒരു സിനിമ നിർമ്മിക്കാൻ ശ്രമിക്കുന്നതിന് മുമ്പ് ഒരു വലിയ ഗവേഷണം തന്നെ വേണ്ടി വന്നു. കാരണം ഞാൻ വളരെക്കാലമായി വളർത്തിയെടുത്ത ഒരു തിരക്കഥയാണിത്. കൃത്യമായി പറഞ്ഞാൽ, ഓരോ വസ്തുതയും ഒന്നിലധികം തവണ പരിശോധിച്ചതിൽ എനിക്ക് പൂർണ സംതൃപ്തി ലഭിക്കാൻ ഏകദേശം ആറുമാസമെങ്കിലും എടുത്തു. ഞങ്ങളുടെ സിനിമയിൽ സാമ്രാട്ട് പൃഥ്വിരാജ് ചൗഹാനോട് ഞങ്ങൾ നീതി പുലർത്തുന്നുവെന്ന് ഉറപ്പാക്കാൻ അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള നിരവധി പുസ്തകങ്ങൾ ഞാൻ വായിച്ചു. ഇന്ന്, എന്റെ സ്വപ്നം സാക്ഷാത്കരിക്കുമ്പോൾ ഒരു എഴുത്തുകാരനും ചലച്ചിത്ര നിർമ്മാതാവും എന്ന നിലയിൽ ഞാൻ സംതൃപ്തനാണ്.

2020ലായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. എന്നാൽ പൃഥ്വിരാജ് എന്ന പേര് മാറ്റി പൃഥ്വിരാജ് ചൗഹാനെന്ന് ഭണാധികാരിയുടെ മുഴുന്‍ പേര് മാറ്റണമെന്നുമുള്ള ആവശ്യം ഉന്നയിച്ച് ആള്‍ ഇന്ത്യാ സമാജ് പരിഷ്‌കരണ സമിതി അധ്യക്ഷന്‍ ഹര്‍ചന്ദ് ഗുജ്ജാര്‍ രംഗത്തെത്തിയിരുന്നു. ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ ചിത്രത്തില്‍ അവതരിപ്പിക്കരുതെന്നും എവിടെയെങ്കിലും അത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ടെങ്കില്‍ അത് സത്യസന്ധമായിരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതിനു പിന്നാലെ 'പൃഥ്വിരാജി'നെതിരെ കാർണി സേനയും രംഗത്തെത്തി.

അലഹബാദ് കോടതിയിൽ ഇതുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജിയുമായി കർണി സേന നൽകുകയും ചെയ്തിരുന്നു. റിലീസ് നിരോധിക്കണമെന്ന ആവശ്യമാണ് സേന മുന്നോട്ടു വെച്ചത്. ഇതിനെല്ലാം മറികടന്നാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലാണ് റിലീസ് ചെയ്യുക.

Story highlights: 50,000 garments and 500 turbans made for 'Prithviraj'; Says Director of the movie

Next Story