Top

500 കോടിയുടെ സിനിമ, വമ്പന്‍ നിര്‍മ്മാതാക്കളുണ്ട്; ജാക്വിലിന് മുന്നില്‍ സുകേഷ് വെച്ച വാഗ്ദാനങ്ങള്‍

കാണാന്‍ ആഞ്ജലീന ജോളിയെപ്പോലെയാണെന്നും സൂപ്പര്‍ ഹീറോ കഥാപാത്രം ചെയ്യാന്‍ അര്‍ഹതയുണ്ടെന്നും സുകേഷ് നടിയോട് പറഞ്ഞു

20 Dec 2021 11:12 AM GMT
ഫിൽമി റിപ്പോർട്ടർ

500 കോടിയുടെ സിനിമ, വമ്പന്‍ നിര്‍മ്മാതാക്കളുണ്ട്; ജാക്വിലിന് മുന്നില്‍ സുകേഷ് വെച്ച വാഗ്ദാനങ്ങള്‍
X

സുകേഷ് ചന്ദ്രന്‍ അറസ്റ്റിലായ 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പുതിയ വെളിപ്പെടുത്തല്‍. ബോളിവുഡ് താരം ജാക്വിലിന് ഫെര്‍ണാണ്ടസുമായി ബന്ധം സ്ഥാപിക്കാന്‍ പല തരത്തിലുള്ള കള്ളങ്ങള്‍ പറഞ്ഞതായാണ് വെളിപ്പെടുത്തല്‍. ഇന്ത്യ ടുഡെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സുകേഷ് താരത്തിന് നല്‍കിയ സമ്മാനങ്ങളുടെ പട്ടിക നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സുകേഷിന്റെ മറ്റ് വാഗ്ദാനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.

സണ്‍ ടിവി ഉടമയാണെന്ന് പറഞ്ഞാണ് സുകേഷ് ജാക്വിലിനെ പരിചയപ്പെടുന്നത്. ഒരു സ്ത്രീ സൂപ്പര്‍ ഹീറോ കഥാപാത്രമാകുന്ന ഒരു വമ്പന്‍ സിനിമ ജാക്വിലിനെ നായികയാക്കി ചെയ്യാമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. 500 കോടി മുടക്കി മൂന്ന് ഭാഗങ്ങളായി ചെയ്യാമെന്നുമായിരുന്നു പറഞ്ഞിരുന്നത്. താരത്തിന് സിനിമയില്‍ അധികം അവസരങ്ങള്‍ ലഭിക്കാത്ത സമയത്ത് സാഹചര്യം മുതലാക്കിയാണ് സുകേഷിന്റെ ഇടപെടല്‍.

കാണാന്‍ ആഞ്ജലീന ജോളിയെപ്പോലെയാണെന്നും സൂപ്പര്‍ ഹീറോ കഥാപാത്രം ചെയ്യാന്‍ അര്‍ഹതയുണ്ടെന്നും സുകേഷ് നടിയോട് പറഞ്ഞു. ജാക്വിലിനെ വിശ്വസിപ്പിക്കാനായി ചില നിര്‍മ്മാതാക്കളുടെ പേരും കൈമാറുകയായിരുന്നു.

അതേസമയം, 200 കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സുകേഷ് ചന്ദ്രശേഖറിനും സംഘത്തിനുമെതിരെ ഇഡി ഡല്‍ഹി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. തിഹാര്‍ ജയിലില്‍ കഴിയവെ ഒരു ബിസിനസുകാരന്റെ ഭാര്യയുടെ പക്കല്‍ നിന്ന് 200 കോടി തട്ടിയെടുത്തു എന്നതാണ് കേസ്. സുകേഷ് ചന്ദ്രശേഖറും ജാക്വിലിനുമായി സാമ്പത്തിക ഇടപാടുകള്‍ നടന്നതിന്റെ തെളിവുകള്‍ ഇഡി കണ്ടെത്തിയിരുന്നു. ജാക്വിലിന് സുകേഷ് ചന്ദ്രശേഖര്‍ നല്‍കിയ 10 കോടി രൂപയുടെ സമ്മാനങ്ങളില്‍ 52 ലക്ഷം രൂപ വിലയുള്ള ഒരു കുതിരയും 9 ലക്ഷം രൂപ വിലമതിക്കുന്ന പേര്‍ഷ്യന്‍ പൂച്ചയും ഉള്‍പ്പെുന്നുവെന്ന് ഇഡി കുറ്റപത്രത്തില്‍ പറയുന്നു.

Next Story