''ജീവിതം കൈവിടരുത്, പൊരുതി ജീവിക്കണം''; അന്തരിച്ച ബോളിവുഡ് നടന് അമിതാഭ് ദയാലിന്റെ വാക്കുകള്‍ ശ്രദ്ധനേടുന്നു
ആശുപത്രി വാസത്തിനിടെ അമതാഭ് ദയാലിന് കൊവിഡും ബാധിച്ചിരുന്നു
3 Feb 2022 6:56 AM GMT
ഫിൽമി റിപ്പോർട്ടർ

ബോളിവുഡ് നടന് അമിതാഭ് ദയാല്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഫെബ്രുവരി രണ്ടിനായിരുന്നു അന്ത്യം. നേരത്തെ ജനുവരി 17-ന് ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്ക് ശേഷം വസതിയിലെത്തിയ ശേഷമായിരുന്നു അന്ത്യം. സംവിധായികയും നിര്‍മ്മാതാവുമായ അദ്ദേഹത്തിന്റെ ഭാര്യ മൃണാളിനി പട്ടീല്‍ ആണ് അമിതാഭിന്റെ വിയോഗ വാര്‍ത്ത മാധ്യമങ്ങളോട് അറിയിച്ചത്.
ആശുപത്രി വാസത്തിനിടെ അമതാഭ് ദയാലിന് കൊവിഡും ബാധിച്ചിരുന്നു. അതേസമയം, ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അമിതാഭ് ദയാല്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശം മരണത്തിന് പിന്നാലെ ഇപ്പോള്‍ വൈറലാകുകയാണ്. ഒരിക്കലും കോവിഡിന് മുന്നില്‍ താന്‍ കീഴടങ്ങുകയില്ലെന്നും അതിനെതിരേയുള്ള പോരാട്ടം ഇനിയും തുടരുമെന്നും അമിതാഭ് വിഡീയയിലൂടെ പറഞ്ഞിരുന്നു. മറ്റൊരു വിഡിയോയില്‍ ''ജീവിതം കൈവിടരുത്, പൊരുതി ജീവിക്കണം, മരണത്തോട് പോരാടുന്നത് എളുപ്പമല്ല, എന്നാല്‍ നിങ്ങളുടെ ഭയത്തോട് പോരാടുന്നത് എളുപ്പമാണ്'' എന്നും അദ്ദേഹം പറഞ്ഞു.
അമിതാഭ് ബച്ചനൊപ്പം 'വിരുദ്ധ്' എന്ന ചിത്രത്തില്‍ പ്രധാന വേഷമിട്ടിട്ടുണ്ട്. 'കാഗര്‍', 'രംഗാദ്രി' തുടങ്ങിയവയാണ് അമിതാഭ് ദയാലിന്റെ മറ്റു ചിത്രങ്ങള്‍.