Top

കായലിൽ ചാടിയ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി; ആത്മഹത്യയിലേക്ക് നയിച്ചത് കുടുംബപ്രശ്നങ്ങൾ

കുണ്ടറ വെള്ളിമൺ സ്വദേശിനി രാഖി മൂന്ന് വയസുകാരൻ ആദി എന്നിവരാണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിക്കുന്നു.

26 Oct 2020 4:58 AM GMT

കായലിൽ ചാടിയ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി; ആത്മഹത്യയിലേക്ക് നയിച്ചത് കുടുംബപ്രശ്നങ്ങൾ
X

കൊല്ലം കുണ്ടറയിൽ മൂന്നു വയസ്സുള്ള മകനൊപ്പം അഷ്ടമുടിക്കായലിൽ ചാടിയ യുവതിയും കുഞ്ഞും മരിച്ചു. കുണ്ടറ വെള്ളിമൺ സ്വദേശിനി രാഖി മൂന്ന് വയസുകാരൻ ആദി എന്നിവരാണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിക്കുന്നു.

വെള്ളിമൺ തോട്ടുംകര സ്വദേശി യശോധരൻ പിള്ളയുടെ മകൾ രാഖി, മൂന്ന് വയസ്സുള്ള മകൻ ആദിയുമായിട്ടാണ് അഷ്ടമുടിക്കായലിൽ ചാടിയത്. ഇന്നലെ രാത്രി മുതൽ ഇരുവരെയും കാണാതാവുക ആയിരുന്നു. തുടർന്ന് കുണ്ടറ പൊലീസ് ഇരുവരെയും കാണാതായതിന് കേസെടുത്തു. ഇന്ന് രാവിലെ അഷ്ടമുടിക്കായലിൽ രാഖിയുടെ മൃതദേഹം കണ്ടെത്തി. പിന്നീട് തിരച്ചിലിനിടെ ആദിയുടെ മൃതദേഹവും കണ്ടെത്തി. രാഖിക്ക് 23 വയസ്സാണ്. മകൻ ആദിക്ക് മൂന്നും. ഭർത്താവ് ഷിജുവുമായുള്ള ദാമ്പത്യ പ്രശ്നം ആത്മഹത്യയിലേക്ക് വഴിവച്ചുവെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.

സ്വകാര്യ ബസിൽ കണ്ടക്ടറായ ഷിജു സ്ഥിരം മദ്യപിച്ച് വീട്ടിൽ ബഹളമുണ്ടാക്കാറുണ്ടായിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. കായലിൽ ചാടിയ ഭാഗത്തുനിന്ന് യുവതിയുടെയും കുട്ടിയുടെയും ചെരുപ്പുകൾ കണ്ടെത്തി. തുടർന്നാണ് പൊലീസിൻ്റെയും അഗ്‌നിശമന സേനയുടെയും നേതൃത്വത്തിൽ തിരച്ചിൽ നടത്തിയത്. രാഖിയുടെയും ആദിയുടെയും മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Next Story