ISL 20-21

സിഡോഞ്ചയുടെ പകരക്കാരന്‍ ലിവര്‍പൂള്‍ നോട്ടമിട്ടതാരം; ബ്ലാസ്‌റ്റേഴ്‌സുമായി കരാര്‍ ഒപ്പിട്ടു

കേരള ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്എല്ലില്‍ നേരിട്ട ഏറ്റവും വലിയ തിരച്ചടിയായിരുന്നു നായകന്‍ സെര്‍ജിയൊ സിഡോഞ്ചയുടെ പരുക്ക്. പകരക്കാരനെ കണ്ടെത്താന്‍ ബ്ലാസ്റ്റേഴ്‌സിന് കഴിയുന്നില്ല എന്നായിരുന്നു ആരാധകരുടെ പരാതി. എന്നാല്‍ അതിന് ഒരു പരിഹാരമാവുകയാണ്. സിഡോഞ്ചക്ക് പകരം എത്തുന്നതും ഒരു സ്പാനിഷ് താരം തന്നെയാണ്.

ഓസ്‌ട്രേലിയന്‍ എ ലീഗില്‍ പെര്‍ത്ത് ഗ്ലോറിയുടെ ഡിഫന്‍സിവ് മിഡ്ഫീല്‍ഡര്‍ യുവന്‍ഡെയാണ് സിഡോഞ്ചയുടെ വിടവ് നികത്താന്‍ എത്തുന്നത്. മധ്യനിരയിലും പ്രതിരോധത്തിലും ഒരുപോലെ തിളങ്ങാന്‍ കെല്‍പ്പുള്ളവന്‍. താരവുമായി ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് കരാര്‍ ഒപ്പിട്ടതായി ആണ് റിപ്പോര്‍ട്ടുകള്‍. പരിശീലികന്‍ കിബു വികുന ചില സൂചനകള്‍ നല്‍കിയിരുന്നെങ്കിലും ആരെന്ന കാര്യത്തില്‍ വ്യക്തത വരുത്തിയില്ല. ഔദ്യോഗികമായ പ്രഖ്യാപനം ഉടന്‍ ഉണ്ടാകാനാണ് സാധ്യത.

34 കാരനായ യുവാന്‍ഡെ തന്റെ കരിയര്‍ തുടങ്ങുന്നത് സ്പാനിഷ് ക്ലബ്ബായ റെയല്‍ ബെറ്റിസിന് വേണ്ടിയാണ്. 2005-2011 കാലഘട്ടത്തില്‍ ബെറ്റിസിന്റെ സീനിയര്‍ ടീമിന് വേണ്ടിയും ബൂട്ടണിഞ്ഞു. ആദ്യ മത്സരം കരുത്തരായ റയല്‍ മാഡ്രിഡിനെതിരെ ആയിരുന്നു. ആദ്യ ഗോള്‍ നേട്ടം അത്‌ലറ്റിക്കൊ മാഡ്രിഡിന് എതിരെയും. പിന്നീട് ലോണില്‍ ഗ്രനാഡയിലേക്ക് യുവാന്‍ഡെ ചേക്കേറി.

2007ല്‍ യുവാന്‍ഡയെ ടീമിലെത്തിക്കാന്‍ ലിവര്‍പൂള്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ കരാറിലെത്താന്‍ സാധിക്കാതെ പോയി. 2018 സീസണിലാണ് യുവാന്‍ഡെ പെര്‍ത്ത് ഗ്ലോറിയിലെതത്തുന്നത്. കന്നി സീസണില്‍ തന്നെ നിര്‍ണായക പ്രകടനം കാഴ്ച വച്ചു.