
ഇടുക്കി മൂലമറ്റം പവര്‍ ഹൗസില്‍ പൊട്ടിത്തെറി. പവര്‍ഹൗസിലെ നാലാം നമ്പര്‍ ജനറേറ്ററിലെ ഓക്സിലറി സിസ്റ്റത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയെത്തുടര്‍ന്ന് പവര്‍ഹൗസിലെ വൈദ്യുതി ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ജനറേറ്റര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് പൊട്ടിത്തെറിയുണ്ടായതെങ്കിലും ആളപയാമുണ്ടായില്ലെന്ന് കെഎസ്ഇബി അറിയിച്ചു. അപായസൂചനയെത്തുടര്ന്ന് ജീവനക്കാര്‍ ഓടിമാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. ട്രാന്‍സ്ഫോമറിന്റെ സുരക്ഷാകവചം സ്ഫോടനത്തില്‍ പൊട്ടിത്തെറിച്ചതായി സൂചനയുണ്ട്.
വൈദ്യുതി ഉത്പ്പാദനം നിര്‍ത്തിവെച്ചതിനെത്തുടര്‍ന്ന് വെദ്യുതിക്ഷാമം നേരിടാന്‍ സംസ്ഥാനത്തിന് പുറത്തുനിന്നും കൂടുതല്‍ വൈദ്യുതി എത്തിക്കാന്‍ കെഎസ്ഇബി പദ്ധതിയിടുന്നുണ്ട്. പീക്ക് സമയത്ത് ചെറിയ തോതില്‍ ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്താനുള്ള നീക്കങ്ങളും കെഎസ്ഇബി നടത്തിവരികയാണ്.
അപകടത്തെക്കുറിച്ച് സൂചിപ്പിക്കുന്ന കെഎസ്ഇബിയുടെ അറിയിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ:
അറിയിപ്പ്
ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നാലാം നമ്പർ മെഷീനുമായി ബന്ധപ്പെട്ട സാങ്കേതിക തകരാർ കാരണം ഇടുക്കി നിലത്തിലെ വൈദ്യുത ഉത്പാദനം താൽക്കാലികമായി നിറുത്തി വക്കേണ്ടി വന്നിരിക്കുകയാണ്. ആയതിനാൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിളിലും വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.തകരാർ പരിഹരിച്ച് ഉല്പാദനം എത്രയും വേഗം പുനരാരംഭിക്കുവാനുള്ള ശ്രമം നടന്നു വരുന്നു.പ്രിയപ്പെട്ട ഉപഭോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ നിർവ്യാജം ഖേദിക്കുന്നു.