Top

ടിആര്‍പി റേറ്റിംഗ് തട്ടിപ്പ്: സമൂഹത്തില്‍ വിഷം പരത്തുന്ന റിപ്പബ്ലിക്ക് ഉള്‍പ്പെടെയുള്ള ചാനലുകള്‍ക്ക് ഇനി പരസ്യം നല്‍കില്ലെന്ന് ബജാജ് എംഡി

ടിആര്‍പി റേറ്റിംഗ് തട്ടിപ്പുമായി ബന്ധപ്പെട്ട ഒരു ചാനല്‍ ചര്‍ച്ചയിലൂടെയായിരുന്നു രാജീവ് ബജാജിന്റെ പ്രഖ്യാപനം.

8 Oct 2020 9:05 PM GMT

ടിആര്‍പി റേറ്റിംഗ് തട്ടിപ്പ്: സമൂഹത്തില്‍ വിഷം പരത്തുന്ന റിപ്പബ്ലിക്ക് ഉള്‍പ്പെടെയുള്ള ചാനലുകള്‍ക്ക് ഇനി പരസ്യം നല്‍കില്ലെന്ന് ബജാജ് എംഡി
X

അര്‍ണബ് ഗോ സ്വാമിയുടെ റിപ്പബ്ലിക് ചാനല്‍ ഉള്‍പ്പെടെ മൂന്ന് ടെലിവിഷന്‍ ചാനലുകള്‍ ടിആര്‍പി റേറ്റിംഗില്‍ കൃത്രിമത്വം കാണിച്ചുവെന്ന മുംബൈ പൊലീസിന്റെ കണ്ടെത്തലിനെത്തുടര്‍ന്ന് ചാനലുകള്‍ക്ക് ബിസിനസ് രംഗത്തുനിന്ന് കനത്ത തിരിച്ചടി. സമൂഹത്തില്‍ വിഷം പരത്തുന്ന ഈ മൂന്ന് ചാനലുകള്‍ക്കും പരസ്യം നല്‍കില്ലെന്നും അവയെ കരിമ്പട്ടികയില്‍പ്പെടുത്തിയതായും ബജാജ് മാനേജിംഗ് ഡയറക്ടര്‍ രാജീവ് ബജാജ് വ്യക്തമാക്കി. ടിആര്‍പി റേറ്റിംഗ് തട്ടിപ്പുമായി ബന്ധപ്പെട്ട ഒരു ചാനല്‍ ചര്‍ച്ചയിലൂടെയായിരുന്നു രാജീവ് ബജാജിന്റെ പ്രഖ്യാപനം.

‘സമൂഹത്തിന് തിന്മ ചെയ്യുകയും സമൂഹത്തിലേക്ക് വിഷം പ്രസരിപ്പിക്കുകയും ചെയ്യുന്ന ഒന്നുമായും ബജാജ് ബന്ധപ്പെടില്ല എന്നത് ഞങ്ങളുടെ ഉറച്ച തീരുമാനമാണ്. ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ ഞങ്ങള്‍ അത് വളരെ പ്രധാനപ്പെട്ടതാണെന്ന് വിശ്വസിക്കുന്നു. ഒരു ബ്രാന്‍ഡ് നിര്‍മ്മിച്ചുകൊണ്ടാണ് നമ്മള്‍ ബിസിനസ് ചെയ്യുന്നത്. സുദൃഢമായ ഒരു ബ്രാന്‍ഡ് നിര്‍മ്മിക്കുക എന്നത് തന്നെയാണ് ബിസിനസിന്റെ അടിസ്ഥാനം. ബിസിനസ് വളര്‍ത്തുക മാത്രമാകരുത് ബിസിനസ് സ്ഥാപനങ്ങളുടെ ലക്ഷ്യം. അത് സമൂഹത്തിന് നല്ലത് ചെയ്യുകയും വേണം’. റിപ്പബ്ലിക്ക് ചാനല്‍ ഉള്‍പ്പെടെയുള്ളവയെ കരിമ്പട്ടികയില്‍പ്പെടുത്തിയ തീരുമാനം രാജീവ് ബജാജ് വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

ആകെ മൂന്ന് ചാനലുകള്‍ ടിആര്‍പി റേറ്റിംഗില്‍ ക്രമക്കേട് കാണിച്ചതായി കണ്ടെത്തിയെന്നായിരുന്നു ഇന്നലെ പത്രസമ്മേളനത്തിലൂടെ മുംബൈ പൊലീസ് അധികൃതരുടെ വെളിപ്പെടുത്തല്‍.

നിലവില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി റിപ്പബ്ലിക് ചാനല്‍ ജീവനക്കാരെ രണ്ട് ദിവസത്തിനുളളില്‍ ചോദ്യം ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഒപ്പം റേറ്റിംഗില്‍ കൃത്രിമം നടത്തി പരസ്യ വരുമാനം നേടിയതിനെ കുറിച്ചും അന്വേഷിക്കുമെന്ന്‌ മുംബൈ പൊലീസ് വ്യക്തമാക്കി. റിപ്പബ്ലിക് ചാനലിന്റെ ബാങ്ക് അക്കൗണ്ടുകളും പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കും. ഇതില്‍ എന്തെങ്കിലും കൃത്രിമം നടന്നതായി കണ്ടെത്തിയാല്‍ ചാനലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ഉള്‍പ്പടെ മരവിപ്പിക്കുന്ന കടുത്ത നടപടികളാവും ഉണ്ടാവുക എന്നും പൊലീസ് മേധാവി പരമവീര്‍ സിംഗ് പറഞ്ഞു.

ചാനലിന്റെ റേറ്റിംഗ് കണക്കാക്കുന്നതിനായി ഗാര്‍ഹിക ഉപഭോക്താക്കളുടെ ഡാറ്റകള്‍ ഉപയോഗിക്കുകയും പിന്നീട് ഇതില്‍ കൃത്രിമം നടത്തി പരസ്യ വരുമാനം നിയമവിരുദ്ധമായി നേടിയെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.

Next Story

Popular Stories