Top

ലക്ഷദ്വീപിലെ ബിജെപി ഓഫീസുകളില്‍ കരിഓയില്‍ ഒഴിച്ച് പ്രതിഷേധം; പ്രഫുല്‍ പട്ടേല്‍ ഇന്ന് ദ്വീപ് വിടും

കരിഓയില്‍ ഒഴിച്ചവര്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

18 Jun 2021 10:56 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലക്ഷദ്വീപിലെ ബിജെപി ഓഫീസുകളില്‍ കരിഓയില്‍ ഒഴിച്ച് പ്രതിഷേധം; പ്രഫുല്‍ പട്ടേല്‍ ഇന്ന് ദ്വീപ് വിടും
X

ലക്ഷദ്വീപിലെ ബിജെപി ഓഫീസുകള്‍ക്കുനേരെ ദ്വീപ് നിവാസികളുടെ കരിഓയില്‍ പ്രതിഷേധം. കവരത്തിയിലെ രണ്ട് ബിജെപി ഓഫീസുകള്‍ക്കുനേരെയും അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാപിച്ച ഫ്‌ലക്‌സ് ബോര്‍ഡുകള്‍ക്കു നേരെയും പ്രതിഷേധക്കാര്‍ കരിഓയില്‍ ഒഴിച്ചു. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ദ്വീപ് സന്ദര്‍ശനം മതിയാക്കി മടങ്ങുന്ന സമയത്താണ് കരിഓയില്‍ പ്രതിഷേധവും നടന്നത്. കരിഓയില്‍ ഒഴിച്ചവര്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ദില്ലിയില്‍ നിന്നും അടിയന്തിരമായി വിളിപ്പിച്ചതിനെത്തുടര്‍ന്നാണ് പ്രഫുല്‍ പട്ടേല്‍ ദ്വീപ് വിടുന്നതെന്നാണ് സൂചന. പ്രത്യേക വിമാനത്തിലാണ് അഡ്മിനിസ്‌ട്രേറ്ററുടെ മടക്കയാത്ര. പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായതിനുശേഷം പിരിച്ചുവിടപ്പെട്ട മുന്നൂറോളം ജീവനക്കാര്‍ സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ആഹ്വാനമനുസരിച്ച് കഴിഞ്ഞ ദിവസം സ്വന്തം വീടുകളില്‍ പ്ലക്കാഡുകളുമായി പ്രതിഷേധിച്ചിരുന്നു.

അതേസമയം ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് എതിരായ ബയോ വെപ്പണ്‍ പരാമര്‍ശത്തില്‍ രാജ്യദ്രോഹക്കേസ് ചുമത്തപ്പെട്ട സംവിധായിക ഐഷ സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ദ്വീപിലേക്ക് തിരിച്ചു. അഭിഭാഷകന് ഒപ്പമാണ് ഐഷയുടെ യാത്ര. ചോദ്യം ചെയ്യലിന് പൂര്‍ണമായും സഹകരിക്കുമെന്നും ഇതിന് ശേഷം മടങ്ങിയെത്താനാവുമെന്നാണ് കരുതുന്നത് എന്നും ഐഷ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. തനിക്ക് സംഭവിച്ചത് നാക്കുപിഴയെ ആയുധമാക്കിയാണ് ഇപ്പോഴത്തെ നടപടികള്‍ എന്നും ഐഷ ആവര്‍ത്തിച്ചു.

വിമാനമാര്‍ഗമാണ് യാത്ര. അഗത്തി ദ്വീപ് വഴി കവരത്തിയിലേക്ക് എത്തും. ഞായറാഴ്ച വൈകീട്ട് പൊലീസിന് മുമ്പാകെ ഹാജരാവാനാണ് നിര്‍ദേശം. ഇത് പ്രകാരം നടപടികള്‍ക്ക് വിധേയമാവും. പൊലീസിന് മുന്നിലെത്താന്‍ ഭയമില്ലെന്നും ഐഷ പ്രതികരിച്ചു. നിയമ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്ന് വ്യക്കമാക്കിയ ഐഷ ഇപ്പോഴത്തെ നടപടികളില്‍ പൊലീസുകാരെ കുറ്റപ്പെടുത്തുന്നില്ല അവര്‍ ചെയ്യുന്നത് അവരുടെ ജോലി മാത്രമാണ്. എന്നാല്‍ തനിക്കെതിരായി കൃത്യമായ അജണ്ട ഉള്ളത് ബിജെപിക്കാണെന്നും ഐഷ ചൂണ്ടിക്കാട്ടി.

Next Story