Top

പിന്മാറിയ സംഘടന വീണ്ടും സമരമുഖത്തേക്ക്; കർഷകസമരം ശക്തിപ്പെടുന്നു

ബി‌കെ‌യു ലോക് ശക്തി നേതാവായ താക്കൂർ ഷിയോരാജ് സിംഗ് ഭാട്ടി അണികളോട് ഗാസിപൂർ അതിർത്തിയിലേക്കെത്താനും സമരം പുനരാരംഭിക്കാനും ആവശ്യപ്പെടുകയായിരുന്നു.

30 Jan 2021 1:16 AM GMT

പിന്മാറിയ സംഘടന വീണ്ടും സമരമുഖത്തേക്ക്; കർഷകസമരം ശക്തിപ്പെടുന്നു
X

നോയിഡ: റിപ്പബ്ലിക് ദിനഘോഷവുമായി ബന്ധപ്പെട്ട് നടന്ന അക്രമ സംഭവങ്ങളെ തുടർന്ന് കർഷകസമരത്തിൽ നിന്നും പിൻവാങ്ങിയ ഭാരതീയ കിസാൻ യൂണിയൻ ലോക് ശക്തി വീണ്ടും സമര മുന്നണിയിലേക്ക്. രാജ്യം നടപ്പിലാക്കിയ പുതിയ കാർഷിക നയങ്ങളിൽ പ്രതിഷേധിച്ചു രണ്ടു മാസത്തിലേറെയായി നടത്തി വരുന്ന കർഷകസമരത്തിൽ നിന്നാണ് ബികെയു ലോക് ശക്തി കഴിഞ്ഞ ദിവസം പിൻവാങ്ങിയിരുന്നത്‌.

ഭാരതീയ കിസാന്‍ യൂണിയന്റെ സംഘടനാ വക്താവായ രാകേഷ് ടിക്കയത്തിന്റെ വൈകാരികമായ പ്രസംഗവും തുടർന്ന് ഗാസിപ്പൂർ അതിർത്തിയിലുണ്ടായ സംഭവവികാസങ്ങൾക്കും ശേഷമാണ് ബികെയു ലോക് ശക്തി വീണ്ടും പ്രക്ഷോഭത്തിലേക്ക് ചേർന്നത്. ബി‌കെ‌യു ലോക് ശക്തി നേതാവായ താക്കൂർ ഷിയോരാജ് സിംഗ് ഭാട്ടി അണികളോട് ഗാസിപൂർ അതിർത്തിയിലേക്കെത്താനും സമരം പുനരാരംഭിക്കാനും ആവശ്യപ്പെടുകയായിരുന്നു.

കൂടാതെ മുസാഫർനഗറിൽ വിളിച്ചുചേർത്ത കർഷകരുടെ മഹാപഞ്ചായത്തിലെത്താൻ പശ്ചിമ ഉത്തർപ്രദേശിലെ ബികെയു ലോക് ശക്തി അനുഭാവികളോടും സിംഗ് ഒരു വീഡിയോയിലൂടെ അഭ്യർത്ഥിച്ചിട്ടുണ്ട്. ഈ സർക്കാർ കർഷകരെ നശിപ്പിക്കുമെന്നും ബിജെപിയുടെ ഗുണ്ടകൾ പൊലീസിനൊപ്പം ചേർന്ന് കർഷകരെ ആക്രമിക്കുമെന്നുമായിരുന്നു രാകേഷ് ടിക്കായത് അണികളോട് വികാരാധീനനായി പറഞ്ഞത്. പൊലീസിന്റെ ബുള്ളറ്റുകളെ നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പുതിയ വിവാദപരമായ കാർഷിക നിയമങ്ങൾക്കെതിരായ പോരാട്ടത്തിൽ തങ്ങൾ ടികായത്തിന്റെ ബികെയുവുമായി തോളോട് തോൾ ചേർന്ന് നിൽക്കുമെന്നാണ് ഭാട്ടി അറിയിച്ചത്. മൂന്ന് പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും വിളകൾക്ക് മിനിമം പിന്തുണ വില നിയമവിധേയമാക്കണമെന്നും സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ടിന്റെ ശുപാർശകൾ നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ബികെയു ലോക് ശക്തി ഡിസംബർ 2 മുതൽ നോയിഡയിലെ ദലിത് പ്രേർണ സ്ഥലിൽ തമ്പടിച്ചിരുന്നു.

അനവധി അനുയായികളാണ് ഭാട്ടിയുടെ ആഹ്വാനത്തെ തുടർന്ന് ഗാസിപൂർ സമരവേദിയിലേക്ക് ആവേശപൂർവ്വം വന്നുചേർന്നത്. ഈ സമരത്തിൽ ഇനി യാതൊരു വിധ അടിച്ചമർത്തലുകളും അനുവദിക്കില്ലെന്നാണ് ബികെയു ലോക് ശക്തിയുടെ നിലപാട്.

Next Story