Top

‘ബിജെപി വാക്‌സിന്‍ ഞാനെടുക്കില്ല’; എങ്ങനെ വിശ്വസിക്കുമെന്ന് അഖിലേഷ് യാദവ്

ബിജെപി കൊണ്ടുവരുന്ന വാക്‌സിനുകളെ എങ്ങനെ വിശ്വസിക്കാനാകുമെന്നും ബിജെപിയുടെ പ്രതിരോധമരുന്ന് ഉപയോഗിക്കാൻ ഞങ്ങൾക്ക് കഴിയില്ലെന്നുമാണ് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

2 Jan 2021 7:13 AM GMT

‘ബിജെപി വാക്‌സിന്‍ ഞാനെടുക്കില്ല’; എങ്ങനെ വിശ്വസിക്കുമെന്ന് അഖിലേഷ് യാദവ്
X

ലഖ്‌നൗ: രാജ്യത്ത് വിതരണത്തിന് എത്തുന്ന കൊവിഡ് വാക്‌സിനെ ‘ബിജെപിയുടെ വാക്‌സിൻ’ എന്ന് വിശേഷിപ്പിച്ച്‌ അഖിലേഷ് യാദവ്. ബിജെപി കൊണ്ടുവരുന്ന വാക്‌സിനുകളെ എങ്ങനെ വിശ്വസിക്കാനാകുമെന്നും ബിജെപിയുടെ പ്രതിരോധമരുന്ന് ഉപയോഗിക്കാൻ ഞങ്ങൾക്ക് കഴിയില്ലെന്നുമാണ് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

2022ഓട് കൂടി സംസ്ഥാനത്ത് തന്റെ പാർട്ടി അധികാരത്തിൽ വരുമെന്നും ശേഷം എല്ലാ ജനങ്ങൾക്കും സൗജന്യമായി വാക്സിൻ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ പുതിയ പ്രതിരോധമരുന്ന് പരീക്ഷിക്കില്ലെന്ന അദ്ദേഹത്തിന്റെ പരാമർശം ഭരണകക്ഷിയുടെ കടുത്ത പ്രതികരണങ്ങൾക്ക് ഇടയാക്കി.

ഈ പ്രസ്താവന രാജ്യത്തെ ഡോക്ടർമാരെയും ശാസ്ത്രജ്ഞരെയും അപമാനിക്കുന്നതിന് തുല്യമെന്നാണ് ഭരണകക്ഷി പ്രതികരിച്ചത്. ‘അഖിലേഷ് യാദവിന് വാക്സിനിൽ വിശ്വാസമില്ല, ജനങ്ങൾക്ക് അഖിലേഷിലും. പ്രതോരോധ മരുന്നിലുള്ള അവിശ്വാസ്യത ഡോക്ടർമാരെയും ശാസ്ത്രജ്ഞരെയും അപമാനിക്കുന്നതിന് തുല്യമാണ്. ഈ പരാമർശത്തിന് അഖിലേഷ് യാദവ് മാപ്പു പറയേണ്ടതാണ്’, ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ കേശവ് പ്രസാദ് മൗര്യ പറഞ്ഞു.

രാജ്യം അധികം വൈകാതെ വാക്സിനേഷനിലേക്ക് കടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ജനുവരി രണ്ട് മുതൽ ഇന്ത്യയിൽ ഡ്രൈ റണ്‍ തുടങ്ങിയിരുന്നു. വാക്‌സിന്‍ ഉപയോഗം കൊണ്ട് രോഗസാധ്യതയെ 80 ശതമാനവും പിടിച്ച് നിര്‍ത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ പറഞ്ഞിരുന്നു.

Next Story