സോളിസിറ്റര്‍ ജനറലുമായി സുവേന്ദു അധികാരിയുടെ രഹസ്യകൂടിക്കാഴ്ച്ച; തുഷാര്‍ മേത്തയെ പുറത്താക്കണമെന്നാവാശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് തൃണമൂലിന്റ കത്ത്
പശ്ചിമ ബംഗാള്‍ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വസതിയില്‍ രഹസ്യസന്ദര്‍ശനം നടത്തിയത് വിവാദത്തില്‍. ബി ജെ പി നേതാവ് സുവേന്ദു അധികാരി കഴിഞ്ഞ ദിവസം തുഷാര്‍ മേത്തയുടെ വസതിയിലെത്തിയതാണ് വന്‍ വിവാദത്തിന് തിരികൊളുത്തിയത്. സുവേന്ദു അധികാരിയുമായി രഹസ്യകൂടിക്കാഴ്ച്ച നടത്തിയ തുഷാര്‍ മേത്തയെ സോളിസിറ്റര്‍ ജനറല്‍ സ്ഥാനത്ത് നിന്നും നീക്കണമെന്നാവശ്യപ്പെട്ട് മൂന്നു തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി. അതേസമയം സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച്ച നടത്തിയിട്ടില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കി. സുവേന്ദു […]
3 July 2021 12:49 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പശ്ചിമ ബംഗാള്‍ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വസതിയില്‍ രഹസ്യസന്ദര്‍ശനം നടത്തിയത് വിവാദത്തില്‍. ബി ജെ പി നേതാവ് സുവേന്ദു അധികാരി കഴിഞ്ഞ ദിവസം തുഷാര്‍ മേത്തയുടെ വസതിയിലെത്തിയതാണ് വന്‍ വിവാദത്തിന് തിരികൊളുത്തിയത്. സുവേന്ദു അധികാരിയുമായി രഹസ്യകൂടിക്കാഴ്ച്ച നടത്തിയ തുഷാര്‍ മേത്തയെ സോളിസിറ്റര്‍ ജനറല്‍ സ്ഥാനത്ത് നിന്നും നീക്കണമെന്നാവശ്യപ്പെട്ട് മൂന്നു തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി.
അതേസമയം സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച്ച നടത്തിയിട്ടില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കി. സുവേന്ദു അധികാരിയ്ക്കെതിരേ സി ബി ഐ, എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് അന്വേഷണം നടക്കുന്നതിനിടെ രഹസ്യകൂടിക്കാഴ്ച്ച സംശയാസ്പദമാണെന്ന് കാണിച്ച് തൃണമൂല്‍ നേതാക്കളായ ഡെറിക്ക് ഒബ്രിയാന്, സുകേന്ദു ശേഖര്‍ റോയ് മെഹ്വാ മൊയിത്ര എന്നിവരാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. അനുചിതവും സോളിസിറ്റര്‍ ജനറല്‍ പദവിയുടെ സത്യസന്ധതയെ കളങ്കപ്പെടുത്തുന്നതുമാണ് സുവേന്ദുവുമായുള്ള തുഷാര്‍ മേത്തയുടെ കൂടിക്കാഴ്ച്ചയെന്ന് ബംഗാള്‍ എം പിമാര്‍ അഭിപ്രായപ്പെട്ടു. മാത്രമല്ല സുവേന്ദു-മേത്ത കൂടിക്കാഴ്ച്ച നടന്നത് സുവേന്ദുവും ആഭ്യന്തരമന്ത്രി അമിത് ഷായും തമ്മിലുള്ള കൂടിക്കാഴ്ച്ചയ്ക്ക് തൊട്ടുപിന്നാലെയാണെന്നും തൃണമൂല്‍ നേതാക്കള്‍ ചൂണ്ടിക്കാണിച്ചു.
നാരദാ ഒളിക്യാമറാ കേസില്‍ സുവേന്ദു അധികാരിയെ വിചാരണ ചെയ്യുന്നതിന് സി ബി ഐ സമര്‍പ്പിച്ച അപേക്ഷ ഇപ്പോഴും ലോക്സഭാസ്പീക്കര്‍ ഓം പ്രകാശ് ബിര്‍ളയുടെ മുന്നിലാണ്. നാരദാ ഒളിക്യാമറാക്കേസ്, ശാരദാ ചിട്ടിഫണ്ട് കേസ് എന്നിവയില്‍ സുവേന്ദു അധികാരി ആരോപണ വിധേയനാണ്.
എന്നാല്‍ സുവേന്ദു തന്റെ വസതിയിലെത്തിയെങ്കിലും കൂടിക്കാഴ്ച്ച നടത്തുന്നതിന് സാധ്യമല്ലെന്ന് അറിയിച്ചതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കി. 2011ല്‍ ടു ജി അഴിമതിക്കേസില്‍ ആരോപണ വിധേയനായിരുന്ന അന്നത്തെ കേന്ദ്ര ടെലിക്കോം മന്ത്രി എ രാജയുടെ അഭിഭാഷകനുമായി സോളിസിറ്റര്‍ ജനറലായിരിക്കെ ഗോപാല്‍ സുബ്രഹ്മണ്യം കൂടിക്കാഴ്ച്ച നടത്തിയത് വിവാദമായിരുന്നു. ആരോപണത്തെ തുടര്‍ന്ന് മുതിര്‍ന്ന അഭിഭാഷകനായ ഗോപാല്‍ സുബ്രഹ്മണ്യത്തെ സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്തുന്നതിനെ 2014ല്‍ ആദ്യ നരേന്ദ്രമോദി സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. അതേ തുടര്‍ന്ന് ഗോപാല്‍ സുബ്രഹ്മണ്യം രാജയ്ക്കുവേണ്ടി ഹാജരാകുന്നതില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്തു.