Top

എന്തൊക്കെ സംഭവിച്ചാലും നീതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകും: സുഷീല്‍ മോദി

എന്തൊക്കെ സംഭവിച്ചാലും നിതീഷ് കുമാര്‍ തന്നെയായിരിക്കും ബീഹാറിന്റെ മുഖ്യമന്ത്രിയാവുകയെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുഷീല്‍ മോദി പറഞ്ഞു.

6 Oct 2020 8:55 AM GMT

എന്തൊക്കെ സംഭവിച്ചാലും നീതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകും: സുഷീല്‍ മോദി
X

എന്തൊക്കെ സംഭവിച്ചാലും നിതീഷ് കുമാര്‍ തന്നെയായിരിക്കും ബീഹാറിന്റെ മുഖ്യമന്ത്രിയാവുകയെന്ന് മുതിര്‍ന്ന ബിജെപി നേതാവും ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ സുഷീല്‍ മോദി പറഞ്ഞു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിനെതിരെ പ്രചാരണം നടത്തിയ ചിരാഗ് പാസ്വാന്റെ ആരോപണങ്ങളെ തള്ളികൊണ്ടായിരുന്നു സുഷീല്‍ മോദിയുടെ പ്രതികരണം.

മാസങ്ങളായി മുഖ്യമന്ത്രിയും ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയും തമ്മില്‍ പ്രത്യയശാസ്ത്രപരമായ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു. തുടര്‍ന്ന് ചിരാഗ് പാസ്വാന്റെ എല്‍ജെപി വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം ഞായറാഴ്ച്ച വ്യക്തമാക്കുകയായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം തങ്ങള്‍ ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ തയ്യാറാണെന്ന് എല്‍ജെപി തുറന്നുപറച്ചില്‍ നടത്തി. മുഖ്യമന്ത്രി നിതിഷ് കുമാറിനെ ചിരാഗ് പാസ്വാന്‍ കടന്നാക്രമിക്കുകയായിരുന്നു. നിതീഷ് കുമാറിന് വോട്ടു ചെയ്യരുതെന്നാവശ്യയപ്പെട്ടുകൊണ്ട് ഒരു തുറന്ന കത്തും പാസ്വാന്‍ തിങ്കളാഴ്ച്ച പുറത്തിറക്കിയിരുന്നു.

എന്നാല്‍ എല്‍ജെപിയുടെ നടപടികളില്‍ ഇത്രയും നാള്‍ ബിജെപി നിശബ്ദത പാലിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഒട്ടേറെ ചോദ്യങ്ങളായിരുന്നു ഉയര്‍ന്ന് വന്നിരുന്നത്. ഇതിനെ തുടര്‍ന്ന് ജെഡിയുവിനെയും നിതീഷ് കുമാറിനെയും ഒതുക്കുന്നതിനുവേണ്ടിയാണ് എല്‍ജെപിയെ ഒറ്റയ്ക്ക് മത്സരിക്കാന്‍ ബിജെപി അനുവദിക്കുന്നതെന്ന വിശകലനങ്ങള്‍ വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് സുഷീല്‍ മോദിയുടെ വിശദീകരണം.

അതേസമയം എന്‍ഡിഎയെ പ്രതിനിധീകരിച്ച് നാല് പാര്‍ട്ടികളായിരിക്കും തെരഞ്ഞടുപ്പില്‍ മത്സരിക്കുകയെന്നും സുഷീല്‍ മോദി ഇന്ന് വ്യക്തമാക്കി. ബിജെപി, ജെഡിയു, ജിതന്‍ രാം മഞ്ചിയുടെ എച്ച്എഎം, വികാസ് ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടി എന്നിവയാണ് എന്‍ഡിഎയ്ക്ക് വേണ്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കുക. ഈ നാല് ഘടക കക്ഷികള്‍ക്കു മാത്രമേ തെരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങള്‍ പ്രചാരണത്തിനായി ഉപയോഗിക്കാന്‍ അനുവാദമുണ്ടാവു. പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ ആരെങ്കിലും ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചാല്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് പരാതിപ്പെടുമെന്നും സുഷീല്‍ മോദി വ്യക്തമാക്കി.

Next Story