‘പരംപൂജ്യനായ യോഗിജിയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറ്റല്ലേ’; നദ്ദയ്ക്ക് രക്തം കൊണ്ട് കത്തെഴുതി ബിജെപി പ്രവര്ത്തകന്
യോഗിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും നീക്കം ചെയ്താല്‍ താന്‍ സെക്രട്ടറിയേറ്റ് കെട്ടിടത്തിന് മുന്നില്‍ തന്നെ ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയും സോനു താക്കൂര്‍ കത്തിലൂടെ മുഴക്കിയിട്ടുണ്ട്.
2 Jun 2021 8:01 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംഭവിച്ച പാളിച്ചയുടെ പേരില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കടുത്ത വിമര്‍ശനം നേരിടുന്ന പശ്ചാത്തലത്തില്‍ യോഗി ആദിത്യനാഥിനുവേണ്ടി രക്തം കൊണ്ട് കത്തെഴുതി ബിജെപി പ്രവര്ത്തകന്. വരുന്ന തെരഞ്ഞെടുപ്പിന് മുന്‍പായി മുഖം രക്ഷിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ പുനസംഘടിപ്പിക്കാന്‍ ബിജെപി ദേശീയ നേതൃത്വം ആലോചിക്കുന്നുവെന്ന വാര്‍ത്തയ്ക്ക് തൊട്ടുപിന്നാലെയായിരുന്നു കത്ത്. യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും നീക്കരുതെന്ന് പറഞ്ഞുകൊണ്ടാണ് സോനു താക്കൂര്‍ എന്ന പ്രവര്ത്തകന് ബിജെപി ദേശീയ അധ്യക്ഷന്‍ സ്വന്തം രക്തം കൊണ്ട് കത്തെഴുതിയത്.
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുന്‍പായി സര്‍ക്കാരിനെ പുനസംഘടിപ്പിച്ചേക്കുമെങ്കിലും യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും നീക്കാന്‍ സാധ്യതയില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ യോഗിക്കെതിരായി പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ പടയൊരുക്കം നടക്കുന്നുണ്ടെന്നും ആയതിനാലാണ് കത്തെഴുതുന്നതെന്നും സോനു താക്കൂര്‍ രക്തം കൊണ്ട് തന്നെ സൂചിപ്പിച്ചു. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാനായി പരംപൂജ്യനായ യോഗിജി ഇരുപത്തിനാല് മണിക്കൂറും കഠിനാധ്വാനം ചെയ്യുകയാണെന്നും യോഗിയുടെ കടുത്ത ഭക്തനായ ബിജെപി പ്രവര്ത്തകന് എഴുതി.
യോഗിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും നീക്കം ചെയ്താല്‍ താന്‍ സെക്രട്ടറിയേറ്റ് കെട്ടിടത്തിന് മുന്നില്‍ തന്നെ ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയും സോനു താക്കൂര്‍ കത്തിലൂടെ മുഴക്കിയിട്ടുണ്ട്. സ്വന്തം ജീവന് പോലും അപകടത്തിലാക്കിക്കൊണ്ടാണ് യോഗിജി ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലകളിലും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അതിനാല്‍ കൊവിഡ് സാഹചര്യം നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചു. യോഗിയെ പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ എതിര്‍ക്കുന്നവര്‍ക്ക് മുഖ്യമന്ത്രിയാകണമെന്ന അത്യാര്‍ത്തിയാണെന്നും സോനു കൂട്ടിച്ചേര്‍ത്തു.