Top

‘ഹിന്ദുക്കള്‍ ഉണര്‍ന്നാലും’ രക്ഷയില്ല; ക്രിസ്തീയ സഭകളെ ഒപ്പം ചേര്‍ക്കാനുറച്ച് ബിജെപി; സഭാ നേതാക്കള്‍ മോഡിയെ കണ്ടേക്കും

ഹിന്ദു വോട്ടുകള്‍ എകീകരിക്കുന്നതുകൊണ്ടു മാത്രം കേരളത്തില്‍ മുന്നേറ്റമുണ്ടാക്കാനാകില്ലെന്ന തിരിച്ചറിവില്‍ ബിജെപി ക്രിസ്തീയ വിഭാഗങ്ങളെ ഒപ്പം നിര്‍ത്താനുള്ള തിരക്കിട്ട നീക്കങ്ങളിലാണെന്ന് റിപ്പോര്‍ട്ട്. ക്രിസ്ത്യന്‍ സഭാനേതാക്കള്‍ക്കിടയിലുള്ള അതൃപ്തി രാഷ്ട്രീയ നേട്ടമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, സഭാ മേലധ്യക്ഷന്‍മാരും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മിലുള്ള കൂടിക്കാഴ്ച്ചയ്ക്ക് ബിജെപി അവസരമൊരുക്കുകയാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ‘മുസ്ലീം ചെറുപ്പക്കാര്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വശീകരിച്ച് വിവാഹം കഴിക്കുന്നു’, ‘ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളില്‍ 80 ശതമാനവും മുസ്ലീം വിദ്യാര്‍ത്ഥികള്‍ സ്വന്തമാക്കുന്നു’, ‘കേരളത്തില്‍ ക്രിസ്ത്യന്‍ ജനസംഖ്യ കുറയുന്നു’ തുടങ്ങിയ ‘ആശങ്കകള്‍’ […]

14 Dec 2020 6:31 AM GMT

‘ഹിന്ദുക്കള്‍ ഉണര്‍ന്നാലും’ രക്ഷയില്ല;  ക്രിസ്തീയ സഭകളെ ഒപ്പം ചേര്‍ക്കാനുറച്ച് ബിജെപി; സഭാ നേതാക്കള്‍ മോഡിയെ കണ്ടേക്കും
X

ഹിന്ദു വോട്ടുകള്‍ എകീകരിക്കുന്നതുകൊണ്ടു മാത്രം കേരളത്തില്‍ മുന്നേറ്റമുണ്ടാക്കാനാകില്ലെന്ന തിരിച്ചറിവില്‍ ബിജെപി ക്രിസ്തീയ വിഭാഗങ്ങളെ ഒപ്പം നിര്‍ത്താനുള്ള തിരക്കിട്ട നീക്കങ്ങളിലാണെന്ന് റിപ്പോര്‍ട്ട്. ക്രിസ്ത്യന്‍ സഭാനേതാക്കള്‍ക്കിടയിലുള്ള അതൃപ്തി രാഷ്ട്രീയ നേട്ടമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, സഭാ മേലധ്യക്ഷന്‍മാരും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മിലുള്ള കൂടിക്കാഴ്ച്ചയ്ക്ക് ബിജെപി അവസരമൊരുക്കുകയാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ‘മുസ്ലീം ചെറുപ്പക്കാര്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വശീകരിച്ച് വിവാഹം കഴിക്കുന്നു’, ‘ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളില്‍ 80 ശതമാനവും മുസ്ലീം വിദ്യാര്‍ത്ഥികള്‍ സ്വന്തമാക്കുന്നു’, ‘കേരളത്തില്‍ ക്രിസ്ത്യന്‍ ജനസംഖ്യ കുറയുന്നു’ തുടങ്ങിയ ‘ആശങ്കകള്‍’ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് സഭാ നേതാക്കള്‍ മെമ്മോറാണ്ടം നല്‍കുമെന്നും വാര്‍ത്തയിലുണ്ട്. പേരുവെളിപ്പടുത്താത്ത ബിജെപി സംസ്ഥാന നേതാക്കളുടെ പ്രതികരണങ്ങള്‍ ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട്.

ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുന്ന രീതിയിലെ അതൃപ്തി സഭാ നേതാക്കള്‍ ബിജെപി നേതാക്കളോട് മുന്‍പേ അറിയിച്ചിരുന്നു. ജനസംഖ്യാനുപാതികമായി പരിശോധിച്ചാല്‍ കിട്ടേണ്ടതിന്റെ പകുതിയേ അവര്‍ക്ക് ലഭിക്കുന്നുള്ളൂ. നീതി നിഷേധിക്കപ്പെടുകയാണെന്ന തോന്നല്‍ അവര്‍ക്കുണ്ട്.

ബിജെപി നേതാവ്

സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ ആലഞ്ചേരി വെള്ളിയാഴ്ച്ച രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തത് കത്തോലിക്കാ സഭ ബിജെപിയുമായി സഹകരിക്കുന്നതിന്റെ സൂചനയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. മിസോറാമിലേയും, കേരളത്തിലേയും വിവിധ മതവിഭാഗങ്ങളെക്കുറിച്ച്, മുന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയെഴുതിയ ‘ജസ്റ്റിസ് ഫോര്‍ ഓള്‍, പ്രെജുഡിസ് ടു നണ്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിലാണ് ആലഞ്ചേരി പങ്കെടുത്തത്. ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ പുസ്തകം കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയ്ക്ക് നല്‍കിക്കൊണ്ടാണ് പ്രകാശനം നിര്‍വ്വഹിച്ചത്. ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ പരിപാടിയില്‍ ആശംസയറിയിച്ച് സംസാരിച്ചു. നവംബറില്‍ ശ്രീധരന്‍പിള്ള സഭാ നേതാക്കളെ വിരുന്നിന് ക്ഷണിച്ചിരുന്നു. ക്രിസ്തീയ സമൂഹത്തോട് ‘അനീതി’ കാണിക്കുകയാണെന്ന സഭാ മേലധ്യന്‍ക്ഷമാരുടെ പരാതികള്‍ പ്രധാനമന്ത്രിയുടെ അടുക്കലെത്തിക്കാമെന്ന് മിസോറാം ഗവര്‍ണര്‍ ഉറപ്പുനല്‍കിയതായും അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നു.

2050ഓടെ കേരളത്തിലെ മുസ്ലീം ജനസംഖ്യ 35 ശതമാനമാകുമെന്ന സെന്റര്‍ ഫോര്‍ ഡെവപ്‌മെന്റ് സ്റ്റഡീസ് പ്രൊഫസര്‍ കെ സി സക്കറിയയുടെ പഠനനിരീക്ഷണം വാട്‌സാപ്പില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഈ നിരീക്ഷണത്തെ സഭ ഗൗരവമായെടുത്തിട്ടുണ്ടെന്നും മുസ്ലീം ജനസംഖ്യയുടെ പകുതിയായി ക്രിസ്ത്യന്‍ ജനസംഖ്യ കുറയുമെന്ന ആശങ്കയുണ്ടെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്തയിലുണ്ട്. കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫില്‍ മുസ്ലീം ലീഗ് ആധിപത്യം സ്ഥാപിച്ചുകൊണ്ടിരിക്കുകയാണെന്നാണ് സഭയുടെ മറ്റൊരു ആശങ്ക.

പത്ത് ശതമാനം മുന്നോക്ക സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ നീക്കം സഭയും കോണ്‍ഗ്രസും തമ്മില്‍ അകലുന്ന സാഹചര്യം പരമാവധി വിനിയോഗിക്കാനാണ്. ലീഗിന്റെ നേതൃത്വത്തില്‍ പിന്നോക്ക-ദളിത് വിഭാഗങ്ങള്‍ സാമ്പത്തിക സംവരണത്തിനെതിരെ രൂക്ഷ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോള്‍ സഭ സര്‍ക്കാര്‍ നപടിയെ സ്വാഗതം ചെയ്ത് അഭിനന്ദിച്ചിരുന്നു. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ മുന്നണിയിലെടുത്തതിന് പിന്നില്‍ സമുദായ പ്രാതിനിധ്യം കാണിക്കുക എന്ന പകല്‍പോലെ വ്യക്തമായ ലക്ഷ്യമുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ബിജെപി ക്രിസ്ത്യന്‍ വോട്ടുകള്‍ നോട്ടമിടുന്നതെന്തുകൊണ്ട്

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു വെല്ലുവിളിയാണ് ബിജെപി കേരളത്തില്‍ നേരിടുന്നത്. സംസ്ഥാനത്തെ ജനസംഖ്യയില്‍ 40 ശതമാനം ന്യൂനപക്ഷ വിഭാഗങ്ങളാണ്. ഹിന്ദു വോട്ടുകള്‍ യുഡിഎഫിലും എല്‍ഡിഎഫിലുമായി ഭിന്നിച്ചുകിടക്കുന്നു. ഹിന്ദു വോട്ടുകളുടെ ഏകീകരണം കൊണ്ടു മാത്രം വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവ് ബിജെപിക്കും സംഘ്പരിവാറിനുമുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളിലൊന്നിനെ ഒപ്പം നിര്‍ത്തിയാല്‍ മാത്രമേ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ കഴിയൂ. സഭാ മേലധ്യക്ഷന്‍മാര്‍ ‘ലവ് ജിഹാദ്’, ‘ജനസംഖ്യാ’ വാദങ്ങളുയര്‍ത്തുന്ന ഇപ്പോഴത്തെ സാഹചര്യം സുവര്‍ണാവസരമായാണ് ബിജെപി കാണുന്നത്. ഹിന്ദുവോട്ടുകള്‍ ഏകീകരിക്കുന്നതിനുള്ള ശ്രമം തുടരുന്നതിനൊപ്പം വലിയൊരു വിഭാഗം ക്രിസ്ത്യന്‍ സമൂഹത്തെ വോട്ട് ബാങ്കായി ഉറപ്പിക്കുകയാണ് ബിജെപി ലക്ഷ്യം.

സംസ്ഥാനത്ത് ബിജെപിയുടെ വളര്‍ച്ചയില്‍ ക്രിസ്ത്യന്‍ സമൂഹത്തിന്റെ പിന്തുണ വളരെയേറെ പ്രധാനമാണ്. ചില പ്രാദേശിക കക്ഷികളെ ഒപ്പം നിര്‍ത്താനുള്ള മുന്‍പത്തെ ശ്രമങ്ങള്‍ ഫലം കണ്ടില്ല. ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്ന് പിന്തുണ നേടാന്‍ പുതിയ തന്ത്രങ്ങള്‍ പയറ്റേണ്ടതുണ്ട്. ബിജെപിയെ പിന്തുണയ്ക്കുന്നതില്‍ ക്രിസ്ത്യന്‍ സമൂഹത്തിന് വിയോജിപ്പില്ലെന്നാണ് അറിയാന്‍ കഴിയുന്നത്.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി

2020 തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടിങ്ങില്‍ സഭാ നേതൃത്വം ഇടപെടല്‍ നടത്തിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. സംസ്ഥാനത്ത് ഇക്കുറി പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലുമായി 500ഓളം ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥികളെ ബിജെപി അണിനിരത്തിയിരുന്നു.

Next Story