Top

ഉന്നാവോ പ്രതിയുടെ ഭാര്യയെ മത്സരിപ്പിക്കുന്നില്ല; പ്രതിഷേങ്ങള്‍ക്ക് പിന്നാലെ പട്ടികയില്‍ നിന്ന് പേരുവെട്ടി ബിജെപി

ലക്‌നൗ: യുപി ഉന്നാവോ പീഡനക്കേസിലെ പ്രതിയും മുന്‍ ബിജെപി എംഎല്‍എയുമായ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ ഭാര്യയെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി ബിജെപി. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഫത്തേപൂര്‍ ചൗരാസി ചൗരസി ത്രിതയിലെ 22-ാം നമ്പര്‍ വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി കുല്‍ദീപിന്റെ ഭാര്യ സംഗീത സെന്‍ഗാന്റെ പേരും ഉള്‍പ്പെടുത്തിയിരിന്നു. ഈ തീരുമാനത്തില്‍ നിന്ന് പിന്മാറുന്നതായി ഞായറാഴ്ച ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ സ്വതന്ത്രദേവ് സിംഗ് പിടിഎഐയോട് പറഞ്ഞു. അഞ്ച് ജില്ലകളില്‍ നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ […]

11 April 2021 6:27 AM GMT

ഉന്നാവോ പ്രതിയുടെ ഭാര്യയെ മത്സരിപ്പിക്കുന്നില്ല; പ്രതിഷേങ്ങള്‍ക്ക്   പിന്നാലെ പട്ടികയില്‍ നിന്ന് പേരുവെട്ടി ബിജെപി
X

ലക്‌നൗ: യുപി ഉന്നാവോ പീഡനക്കേസിലെ പ്രതിയും മുന്‍ ബിജെപി എംഎല്‍എയുമായ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ ഭാര്യയെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി ബിജെപി.

ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഫത്തേപൂര്‍ ചൗരാസി ചൗരസി ത്രിതയിലെ 22-ാം നമ്പര്‍ വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി കുല്‍ദീപിന്റെ ഭാര്യ സംഗീത സെന്‍ഗാന്റെ പേരും ഉള്‍പ്പെടുത്തിയിരിന്നു. ഈ തീരുമാനത്തില്‍ നിന്ന് പിന്മാറുന്നതായി ഞായറാഴ്ച ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ സ്വതന്ത്രദേവ് സിംഗ് പിടിഎഐയോട് പറഞ്ഞു.

അഞ്ച് ജില്ലകളില്‍ നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച ഘട്ടത്തിലാണ് സംഗീതയുടെ പേരും പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ സ്ഥാനാര്‍ത്ഥിത്വം പ്രതിപക്ഷം ചര്‍ച്ചയാക്കുകയും പ്രതിഷേധങ്ങളുയരുകയും ചെയ്‌തോടെയാണ് ബിജെപിയുടെ പിന്മാറ്റം.

2016 മുതല്‍ ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്‌സണാണ് സംഗീത. സംഗീത ചെയര്‍പേഴ്‌സണ്‍ ആയതിന് ശേഷം പാര്‍ട്ടി തലങ്ങളിലുള്ള തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. ഇതിന് വിപരീതമായി എല്ലാ പാര്‍ട്ടികളും ഇത്തവണ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയായിരുന്നു.

യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന് നിര്‍ണായകമായ തെരഞ്ഞെടുപ്പാണിത്. 58,189 ഗ്രാമപഞ്ചായത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നത്. ഏപ്രില്‍ 15 മുതല്‍ 29 വരെയാണ് വോട്ടെടുപ്പ്. നാല് ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചുകയറുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്.

2017ലാണ് കുല്‍ദീപ് ഉന്നാവോയിലെ ബംഗര്‍മൗ സീറ്റില്‍നിന്നും എംഎല്‍എയായി ജയിച്ചത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ 2019ല്‍ അറസ്റ്റിലാവുകയും ജീവപര്യന്തത്തിന് വിധിക്കുകയും ചെയ്തിരുന്നു. പ്രതിഷേധങ്ങളെ തുടര്‍ന്ന് ബിജെപി ഇയാളെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു.

പിന്നാലെ പെണ്‍കുട്ടിയുടെ കുടുംബത്തിന് നേരെ വലിയ അതിക്രമങ്ങളാണ് കുല്‍ദീപിന്റെ സഹോദരങ്ങളടക്കം ചെയ്തത്. പെണ്‍കുട്ടിയുടെ പിതാവിനെ കള്ളക്കേസില്‍ കുടുക്കാനും ശ്രമിച്ചിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയടെ അച്ഛന്‍ പൊലീസ് സ്റ്റേഷനില്‍വെച്ച് കൊല്ലപ്പെട്ടു. പെണ്‍കുട്ടിയുടെ അച്ഛന്റെ കസ്റ്റഡി മരണത്തില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2020ല്‍ കുല്‍ദീപിനെയും സഹായികളെയും പത്ത് വര്‍ഷത്തെ തടവിനും പത്ത് ലക്ഷം രൂപ പിഴയും ഈടാക്കാന്‍ വിധിച്ചിരുന്നു.

Next Story