Top

ബിജെപിക്കുള്ളില്‍ മമതയ്ക്ക് ചാരന്മാരോ? അമിത് ഷായ്ക്ക് ഒരുപടി മുന്നില്‍ കരുനീക്കങ്ങളുമായി ദീദീ

മറ്റു സംസ്ഥാനങ്ങളിലേക്ക് കൂടെ മമത രാഷ്ട്രീയ നീക്കം വ്യാപിപ്പിച്ചതോടെ ബിജെപിയില്‍ ആശങ്കയും വര്‍ധിക്കുകയാണ്.

11 Jun 2021 6:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിജെപിക്കുള്ളില്‍ മമതയ്ക്ക് ചാരന്മാരോ? അമിത് ഷായ്ക്ക് ഒരുപടി മുന്നില്‍ കരുനീക്കങ്ങളുമായി ദീദീ
X

കൊല്‍ക്കത്ത: ബംഗാള്‍ തെരഞ്ഞെടുപ്പ് പരാജയം ബിജെപി ദേശീയ നേതൃത്വത്തില്‍ ഉണ്ടാക്കിയിരിക്കുന്ന പ്രതിസന്ധി ചെറുതല്ല. ബിജെപിയിലേക്ക് കൂട്ടമായി ചേക്കേറിയ തൃണമൂല്‍ കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍ തിരികെയെത്താന്‍ ആരംഭിച്ചതോടെ അമിത് ഷായുടെ തന്ത്രങ്ങള്‍ക്ക് മമത സ്വസിദ്ധമായ പ്രതികാര രീതിയും പ്രശംസയേറ്റു വാങ്ങുകയാണ്. കര്‍ണാടക, ഗോവ തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ ബിജെപി വിജയിച്ച സമാന തന്ത്രം തന്നെയാണ് ബംഗാളിലും ബിജെപി പുറത്തെടുത്തത്. എന്നാല്‍ ഇതര സംഘടനകളിലെ നേതാക്കളെ പാളയത്തിലെത്തിക്കാന്‍ ബിജെപി നടത്തിയ നീക്കങ്ങള്‍ ഗുണകരമായില്ലെന്ന് മാത്രമല്ല തെരെഞ്ഞെടുപ്പില്‍ വ്യാപക പ്രത്യാഘാതങ്ങളും ഉണ്ടാക്കി.

ഇതോടെ കൂറുമാറിയെത്തിയ മമത ബാനര്‍ജിയുടെ വിശ്വസ്തര്‍ ബിജെപിയിലെ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന തരത്തില്‍ അഭ്യൂഹങ്ങളും പുറത്തുവന്നു. ഏറ്റവും ഒടുവില്‍ മുകുള്‍ റോയി കൂടെ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരികെയെത്തുകയാണ്. പുതിയ രാഷ്ട്രീയ സാഹചര്യം പാർട്ടിക്ക് ഗുണകരമാവില്ലെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ഉത്തര്‍പ്രദേശിലേക്ക് രാഷ്ട്രീയ വേരോട്ടം നടത്തുമെന്ന പ്രഖ്യാപനവും തൃണമൂല്‍ നടത്തിയതോടെ കാര്യങ്ങള്‍ കൈവിടുമെന്ന ആശങ്കയും അമിത് ഷായ്ക്കും സംഘത്തിനുമുണ്ട്.

കോണ്‍ഗ്രസിനോട് വിജയിച്ച തന്ത്രം തൃണമൂല്‍ നേതാക്കള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച ബിജെപി നിയമസഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുമെന്നായിരുന്നു ദേശീയ നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. കൂടുമാറിയവര്‍ തള്ളിപ്പറഞ്ഞ മമത, രാഷ്ട്രീയ പോരാട്ടത്തില്‍ പുതിയ കരുനീക്കങ്ങള്‍ നടത്തി. ഒടുവില്‍ ബിജെപിക്ക് അപ്രതീക്ഷിത പരാജയം. മുകുള്‍ റോയി ഒഴികെയുള്ള കുറുമാറിയ നേതാക്കളോട് കഠിന നിലപാട് സ്വീകരിച്ച മമത, മൃദു സമീപനം സ്വീകരിച്ചത് രാഷ്ട്രീയ നിരീക്ഷകരെ പോലും അമ്പരപ്പിച്ചു.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മൗനം പാലിച്ച മുകുള്‍ റോയി തൃണമൂലിലേക്ക് തിരികെ വരുമെന്ന് സൂചന നല്‍കി. പിന്നാലെയാണ് ഇന്ന് മമതയുമായി കൂടിക്കാഴ്ച്ച നടത്തിയത്. മറ്റു സംസ്ഥാനങ്ങളിലേക്ക് കൂടെ മമത രാഷ്ട്രീയ നീക്കം വ്യാപിപ്പിച്ചതോടെ ബിജെപിയില്‍ ആശങ്കയും വര്‍ധിക്കുകയാണ്. കൂറുമാറിയ ചില കോണ്‍ഗ്രസ് നേതാക്കളെ പാളയത്തിലെത്തിക്കാനും തൃണമൂല്‍ ശ്രമിച്ചേക്കുമെന്നാണ് സൂചന.

Next Story