ഒരുക്കുന്നത് 1200 വനിതാ പ്രഭാഷകരെ; കോണ്‍ഗ്രസും ഇടതും ഒന്നിക്കുമ്പോള്‍ അധികാരം നിലനിര്‍ത്താന്‍ അസമില്‍ ബിജെപിയുടെ തന്ത്രമിങ്ങനെ
ന്യൂഡല്‍ഹി: 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഉന്നമിട്ട് അസമില്‍ രാഷ്ട്രീയ തന്ത്രങ്ങള്‍ക്ക് തുടക്കം കുറിച്ച് ബിജെപി. വിവിധ മേഖലകളില്‍നിന്നും 1200 വനിതാ പ്രഭാഷകരെയാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മത്സരങ്ങള്‍ നടത്തിയും പാര്‍ട്ടിതല ക്യാമ്പുകള്‍ സംഘടിപ്പിച്ചും താല്പര്യമുള്ളവരെ നേരിട്ട് ക്ഷണിച്ചുമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സ്തുതി പാടകരാക്കാന് പ്രഭാഷകരെ കണ്ടെത്തുന്നത്. 2021ല്‍ അസമില്‍ വലിയ വിജയം കൊയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ ബൂത്തുതലം മുതല്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഇത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികള്‍ കൈകോര്‍ക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ബിജെപി അധികാരം നഷ്ടപ്പെടാതിരിക്കാന്‍ പ്രചാരണം […]

ന്യൂഡല്‍ഹി: 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഉന്നമിട്ട് അസമില്‍ രാഷ്ട്രീയ തന്ത്രങ്ങള്‍ക്ക് തുടക്കം കുറിച്ച് ബിജെപി. വിവിധ മേഖലകളില്‍നിന്നും 1200 വനിതാ പ്രഭാഷകരെയാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
മത്സരങ്ങള്‍ നടത്തിയും പാര്‍ട്ടിതല ക്യാമ്പുകള്‍ സംഘടിപ്പിച്ചും താല്പര്യമുള്ളവരെ നേരിട്ട് ക്ഷണിച്ചുമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സ്തുതി പാടകരാക്കാന് പ്രഭാഷകരെ കണ്ടെത്തുന്നത്. 2021ല്‍ അസമില്‍ വലിയ വിജയം കൊയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ ബൂത്തുതലം മുതല്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഇത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികള്‍ കൈകോര്‍ക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ബിജെപി അധികാരം നഷ്ടപ്പെടാതിരിക്കാന്‍ പ്രചാരണം കൊഴുപ്പിക്കാനൊരുങ്ങുന്നത്.
ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന വനിതാ പ്രഭാഷകരെ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ പരിപാടികളില്‍ പങ്കെടുപ്പിച്ച് പൊതു മുഖമായി വളര്‍ത്തും. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ നേട്ടങ്ങളും പുരോഗതിയും ജനങ്ങളിലേക്കെത്തിക്കുക എന്നതാവും ഇവരുടെ പ്രധാന രാഷ്ട്രീയ ജോലി.
ഏറ്റവും അടിത്തട്ടിലേക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന ചാലക ശക്തികളായാണ് ഇവരെ പരിഗണിക്കുന്നത്. ‘മിഷന് അസം’ എന്ന ബിജെപി തന്ത്രം ജനങ്ങളിലേക്കെത്തിക്കുന്നതും ഈ പ്രഭാഷകരിലൂടെയായിരിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
വിവാഹ സംഗീതം എന്നര്‍ത്ഥം വരുന്ന ‘ബിയാ നാം’ എന്ന് പേരിട്ടിട്ടുള്ള പദ്ധതിയിലൂടെയാണ് വനിതാ പ്രഭാഷകരെ തെരഞ്ഞെടുക്കുക എന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. സംസ്ഥാനത്തെ 400 മണ്ഡലങ്ങളില്‍നിന്നാണ് ഇവരെ കണ്ടെത്തുക. അസം വിവാഹ വേദികളിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണ് ‘ബിയാ നാം’ ആലപിക്കുന്നത്.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി പാര്‍ട്ടി എന്ന നിലയില്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം അസം മുഖ്യമന്ത്രി സൊനോവാളിനെയും ധനമന്ത്രി ഹിമാന്ദ ബിശ്വ ശര്‍മ്മയെയും ബിജെപി സംസ്ഥാനാധ്യക്ഷന്‍ രഞ്ജീത് കുമാര്‍ ദാസിനെയും അസമിന്റെ ചുമതലയുള്ള ബൈജയന്ത് ജയ് പാണ്ടയെയും ബന്ധപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തന്ത്രത്തെക്കുറിച്ചും നേതാക്കള്‍ ചര്‍ച്ച ചെയ്തു.
ബൂത്ത്, മണ്ഡലം കമ്മറ്റികളുടെ ഒരുക്കങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനാണ് അമിത് ഷാ സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. വനിത പ്രഭാഷകരെ തെരഞ്ഞെടുക്കാനുള്ള പദ്ധതിയെക്കുറിച്ച് നേതാക്കള്‍ ഷായെ ധരിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യാന്‍ അമിത് ഷാ അടുത്ത മാസം അസമിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.
എല്ലാ മണ്ഡലങ്ങളില്‍നിന്നും മൂന്നുവീതം വനിതാ പ്രഭാഷകരെ കണ്ടെത്താനാണ് തീരുമാനം. അടുത്ത തലമുറയെ പരിശീലിപ്പിക്കുന്നതിലേക്ക് ഇവരെ പാര്‍ട്ടി പരുവപ്പെടുത്തുകയും ചെയ്യും. ‘സ്മൃതി ഇറാനി, തേജസ്വി സൂര്യ, അനുരാഗ് ഠാക്കൂര്‍ അടക്കമുള്ള മികച്ച പ്രഭാഷകരെയാണ് ഇത്തവണ അസമില്‍ പ്രചാരണത്തിന് ഇറക്കുക. എങ്കില്‍ക്കൂടിയും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ ഇത്തരം ഇത്തരം പ്രഭാഷകരെ ആവശ്യമാണ്’, ബിജെപി സംസ്ഥാന നേതാവ് ദാസ് പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കുക മാത്രമാണ് ഇത്തരത്തില്‍ പാര്‍ട്ടിയുടെ ഏറ്റവും അടിത്തട്ടില്‍നിന്നും തെരഞ്ഞെടുക്കപ്പെടുന്ന പ്രഭാഷകരുടെ അടിസ്ഥാന ഉത്തരവാദിത്തം. പിന്നീടിവരെ ഭാവി നേതാക്കളെ വാര്‍ത്തെടുക്കാനുള്ള ചുമതലയേല്‍പിക്കും. ഈ പ്രക്രിയയിലൂടെ നിരവധി നേതാക്കളെ ഒരുക്കിയെടുക്കാനാണ് തീരുമാനമെന്നും ദാസ് പറഞ്ഞു.
ഡിസംബര്‍-ഏപ്രില്‍ മാസങ്ങള്‍ക്കിടയിലാണ് അസമിലെ വിവാഹ ചടങ്ങുകള്‍ സജീവമാകുന്നത്. വിവാഹ ഗാന മത്സരങ്ങളിലൂടെ പ്രഭാഷകരെ കണ്ടെത്തും.
ദേശീയ പൗരത്വ ബില്ലിനെതിരെ അസമില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ അതിനെ ചെറുത്തത് ബിജെപി സ്ത്രീകളെ ഉപയോഗിച്ചായിരുന്നു. നൂറുകളിക്കിന് സനിതാ സംഘടനകളെ രൂപീകരിച്ച് നിരവധി സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കുകയായിരുന്നു അന്ന് ചെയ്തത്. നാടന്‍ പാട്ടുകളിലൂടെ നിയമം നടപ്പിലാക്കുന്നതിന്റെ നേട്ടങ്ങളെക്കുറിച്ച് വന്‍തോതില്‍ പ്രചാരണം നടത്തുകയും ചെയ്തു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വിപരീതമായി അസമില്‍ ബിജെപി കലാകാരന്മാരെയും ഗായകരെയും സാംസ്കാരിക പ്രവര്‍ത്തകരെയും രംഗത്തിറക്കിയിരുന്നു.
ഇതിന് പിന്നാലെ പൗരത്വ നിയമ പ്രക്ഷോഭകരില്‍ പലരും സംസ്ഥാനത്ത് ബിജെപിയില്‍ ചേരുകയും ചെയ്തിരുന്നു. പാര്‍ട്ടിവിട്ട് പിന്നീട് തിരിച്ചെത്തിയ നടന് ജതിന് ബോറ, സംഗീതജ്ഞന് സീമാന്ദ ശേഖര്‍ എന്നിവര്‍ അവരില്‍ പ്രമുഖരാണ്.