Top

‘ബിപ്ലബ്‌ കുമാർ സ്വേച്ഛാധിപതി’,ബിപ്ലബിനെ മാറ്റൂ ബിജെപിയെ രക്ഷിക്കൂ എന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ

ബിപ്ലബ്‌ കുമാർ സ്വേച്ഛാധിപതിയാണെന്നും, ജനപ്രീതിയും, അനുഭവസമ്പത്തും ഇല്ലാത്തയാളാണ്‌ എന്നുമാണ് വിമത എംഎൽഎമാരുടെ പ്രധാന ആരോപണം.

7 Dec 2020 12:44 AM GMT

‘ബിപ്ലബ്‌ കുമാർ സ്വേച്ഛാധിപതി’,ബിപ്ലബിനെ മാറ്റൂ ബിജെപിയെ രക്ഷിക്കൂ എന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ
X

ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബിനെതിരെ ബിജെപി സംസ്ഥാന ഘടകത്തിൽ പ്രതിഷേധം കനക്കുന്നതായി റിപ്പോർട്ടുകൾ. ‘ബിപ്ലബ് ഹട്ടാവോ ബിജെപി ബചാവോ’ എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളുമായാണ് ബിജെപി പ്രവർത്തകർ തങ്ങളുടെ അനിഷ്ടം പ്രകടമാക്കുന്നത്. എന്നാൽ പാർട്ടിയിൽ ഇതേചൊല്ലി അഭിപ്രായ വ്യത്യാസങ്ങളൊന്നും ഇല്ലെന്നാണ് പാർട്ടിയുടെ ദേശീയ സെക്രട്ടറിയും ത്രിപുരയുടെ രാഷ്ട്രീയ നിരീക്ഷകനുമായ വിനോദ് കുമാർ അറിയിക്കുന്നത്.

ത്രിപുര ഗസ്റ് ഹൗസിൽ വെച്ച് എംഎൽഎമാരും പാർട്ടി നേതാക്കളുമായി വിനോദ് കുമാർ ചർച്ച നടത്തുന്നതിനിടെ ഏതാണ്ട് നൂറുകണക്കിന് പ്രവർത്തകരെന്നു വിശ്വസിക്കപ്പെടുന്ന ജനക്കൂട്ടമാണ് ത്രിപുര മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യങ്ങളുമായി പ്രതിഷേധിച്ചത്‌. ബിപ്ലബ് കുമാർ ദേബ് നയിക്കുന്ന സംസ്ഥാന ഭരണത്തിൽ തദ്ദേശീയരായ ബിജെപി അനുയായികൾക്ക് കടുത്ത അമർഷവും അതൃപ്തിയും ആണുള്ളതെന്നും മുഖ്യമന്ത്രിക്ക് ഭരണ നിർവഹണം അറിയില്ലെന്നുമാണ് അവർ ആരോപിക്കുന്നതെന്ന് ദേശീയ വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ചർച്ചകൾക്ക് ശേഷം പുറത്തേക്കിറങ്ങിയ വിനോദ്‌ കുമാറിനെ അൽപനേരം പ്രവർത്തകർ തടയുകയും വഴി ഉപരോധിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് എത്തി പാർട്ടി ആസ്ഥാനത്തേക്കുള്ള യാത്രക്ക് സുരക്ഷ ഒരുക്കുകയും യാത്രാതടസ്സങ്ങൾ നീക്കുകയുമായിരുന്നു. നാളുകൾക്ക് മുൻപേ പാർട്ടിയിൽ ബിപ്ലബിനെ ചൊല്ലി അതൃപ്തിയുണ്ടെന്നും, വിമത എംഎൽഎമാർ പാർട്ടിയുടെ ദേശീയ പ്രസിഡന്റായ ജെപി നദ്ദയെ കണ്ട് ത്രിപുരയിലെ ഭരണ കെടുകാര്യസ്ഥതയിൽ അമർഷം അറിയിച്ചിരുന്നെന്നുമാണ് വാർത്തകൾ സൂചിപ്പിക്കുന്നത്.

വിമത എംഎൽഎമാരിൽ പ്രമുഖനായ സുദിപ് റോയ് ബർമനാണ് ത്രിപുര മുഖ്യനെതിരെ പ്രതിഷേധം ഉയർത്തുന്നതിൽ മുഖ്യൻ. സുദീപ് റോയ് ബർമനും ബിപ്ലബ് കുമാറും തമ്മിൽ പല ഘട്ടങ്ങളിലും രൂക്ഷമായ അഭിപ്രായഭിന്നത ഉണ്ടായിട്ടുള്ളതും തുടർന്ന് കഴിഞ്ഞ ജൂണിൽ സുദീപിനെ ആരോഗ്യ മന്ത്രിസ്ഥാനത്തു നിന്നും നീക്കം ചെയ്തിട്ടുള്ളതും ആണ്. ബിപ്ലബ്‌ കുമാർ സ്വേച്ഛാധിപതിയാണെന്നും, ജനപ്രീതിയും, അനുഭവസമ്പത്തും ഇല്ലാത്തയാളാണ്‌ എന്നുമാണ് വിമത എംഎൽഎമാരുടെ പ്രധാന ആരോപണം.

എന്നാൽ മുഖ്യമന്ത്രി, മറ്റു എംഎൽഎമാർ, മുതിർന്ന നേതാക്കൾ എന്നിവരൊക്കെയുമായി രണ്ടും മൂന്നും വട്ട ചർച്ചകൾ നടത്തിയെന്നാണ് സംസ്ഥാനത്തു ദ്വിദിന സന്ദർശനത്തിന് എത്തിയിട്ടുള്ള വിനോദ് കുമാർ പറഞ്ഞത്. മന്ത്രിസഭാ വികസനവും, സംഘടനാപരമായ പ്രശ്നങ്ങളും ഒക്കെ ചർച്ചയിൽ വന്നിട്ടുണ്ടെന്നും, പാർട്ടിയെ ശക്തിപ്പെടുത്താനും സഹകരണം മെച്ചപ്പെടുത്താനും തുടർന്നും ചർച്ചകൾ ഉണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Next Story

Popular Stories