Top

‘കേരളത്തിന്റെ ഓക്‌സിജന്‍ നയം പുനപരിശോധിക്കണം’; ആവശ്യവുമായി ബിജെപി

അത്യാസന്ന നിലയില്‍ കിടക്കുന്ന രോഗിയ്ക്ക് ഓക്‌സിജനെത്തിക്കാന്‍ കാലതാമസം ഉണ്ടാകുന്നതായി ബിജെപി കുറ്റപ്പെടുത്തി.

14 May 2021 5:54 AM GMT

‘കേരളത്തിന്റെ ഓക്‌സിജന്‍ നയം പുനപരിശോധിക്കണം’; ആവശ്യവുമായി ബിജെപി
X

എല്ലാവര്‍ക്കും ഓക്‌സിജന്‍ എത്തിക്കുന്നതിനായി കേരളത്തില്‍ വാക്‌സിന്‍ വിതരണത്തിനായി നിലവിലുളള നയം പുനപരിശോധിക്കണമെന്ന ആവശ്യവുമായി ബിജെപി. ഓക്‌സിജന്‍ വിതരണം ലളിതവും സുതാര്യവുമാക്കണമെന്നാണ് ആവശ്യം. സര്‍പ്ലെക്‌സ് ഓക്‌സിജന്‍ നിര്‍മ്മാണം നടന്നിരുന്ന കേരളം ഇപ്പോള്‍ ഓക്‌സിജന്‍ ക്ഷാമമാണ് നേരിടുന്നത്. അതുമൂലം ഓക്‌സിജന് കൂടുതല്‍ തുക ഈടാക്കുന്ന അവസ്ഥയുണ്ടാകുന്നു. ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ ഉടനടി പരിശോധിക്കണമെന്ന് ബിജെപി സംസ്ഥാന വക്താവ് ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അത്യാസന്ന നിലയില്‍ കിടക്കുന്ന രോഗിയ്ക്ക് ഓക്‌സിജനെത്തിക്കാന്‍ കാലതാമസം ഉണ്ടാകുന്നതായി ബിജെപി കുറ്റപ്പെടുത്തി. ഓക്‌സിജന്‍ ലഭ്യമാകാന്‍ കളക്ട്രേറ്റിലെ വാര്‍ റൂമില്‍ പോയി എന്‍ഒസി എടുക്കുകയും വിതരണക്കാരന് അനുമതി ലഭിക്കുന്നതുവരെ കാത്തുനില്‍ക്കുകയും ചെയ്യേണ്ട അവസ്ഥ ഇപ്പോള്‍ കേരളത്തിലുണ്ടെന്ന് ബിജെപി പറഞ്ഞു. ഓക്‌സിജന്‍ സംഭരണത്തിനും വിതരണത്തിനുമുള്ള ഗതാഗത സംവിധാനങ്ങള്‍ക്കും കേരളത്തില്‍ ക്ഷാമമുണ്ടെന്ന് ബിജെപി ചൂണ്ടിക്കാട്ടി. ഓക്‌സിജന്‍ വിതരണത്തിന് വിരലില്‍ എണ്ണാവുന്ന ടാങ്കര്‍ ലോറികള്‍ മാത്രമാണുള്ളത്. ദില്ലിയുടെ അനുഭവം നമ്മുക്ക് മുന്നിലുള്ളതിനാല്‍ അടിയന്തിരമായി സര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് മെയ് 14, 15 തീയതികളില്‍ ചുഴലിക്കാറ്റും കനത്ത മഴയും ഉണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അടിയന്തരമായി 300 ടണ്‍ മെഡിക്കല്‍ ഓക്സിജന്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. ദിനംപ്രതി 212.34 ടണ്‍ ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കാനുള്ള ശേഷിയാണ് കേരളത്തിനുള്ളത്. ഓക്‌സിജന്‍ ആവശ്യമുള്ള കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി ഉയരുന്ന സാഹചര്യത്തില്‍ പ്രതിദിന ആവശ്യം 423.6 ടണ്‍ വരെ ഉയരാമെന്നാണ് ശാസ്ത്രീയ അനുമാനം. കേരളത്തിലെ ആശുപത്രികളില്‍ ഇപ്പോഴുള്ള ഓക്‌സിജന്‍ സ്റ്റോക്ക് 24 മണിക്കൂര്‍ നേരത്തേക്കുപോലും തികയില്ല. ഈ സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ സഹായം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കാറ്റും മഴയും ഓക്‌സിജന്‍ പ്ലാന്റുകളിലേക്കും ഫില്ലിംഗ് സ്റ്റേഷനുകളിലേക്കുമുള്ള വൈദ്യുതിവിതരണം തടസ്സപ്പെടുത്താന്‍ ഇടയുണ്ട്. ഓക്‌സിജന്‍ വിതരണത്തിന് ഭംഗമുണ്ടാക്കാവുന്ന നിലയില്‍ റോഡ് ഗതാഗതവും തടസ്സപ്പെടാനിടയുണ്ട്. ഓക്‌സിജന്‍ വിതരണത്തിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ എംപവേഡ് ഗ്രൂപ്പിന്റെ എല്ലാ തീരുമാനങ്ങളും കേരളം പാലിക്കുന്നുണ്ട്. കേരളത്തിന്റെ സ്ഥിതി മോശമായിട്ടും കേന്ദ്ര നിര്‍ദ്ദേശ പ്രകാരം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മെഡിക്കല്‍ ഓക്‌സിജന്‍ നല്‍കി വരികയാണെന്നും കത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

Next Story