Top

ഗുജറാത്ത് കലാപത്തില്‍ മോദിയും ബിജെപിയും മാപ്പ് പറയണമെന്ന് എന്‍സിപി; ‘തെറ്റായിരുന്നുവെന്ന് അംഗീകരിക്കണം’

മുംബൈ: രണ്ട് പതിറ്റാണ്ട് മുമ്പ് നടന്ന ഗുജറാത്ത് കലാപത്തില്‍ ബിജെപി മാപ്പ് പറയണമെന്ന ആവശ്യമുയര്‍ത്തി ശരത് പവാറിന്റെ എന്‍സിപി. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ അബദ്ധമായിരുന്നുവെന്ന് വിമര്‍ശിച്ചുകൊണ്ട് കൊച്ചുമകനും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി രംഗത്തെത്തിയതിന് പിന്നാലെയാണ് ഗുജറാത്ത് കലാപത്തില്‍ ബിജെപി മാപ്പ് പറയണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള എന്‍സിപിയുടെ രംഗപ്രവേശനം. ‘ഇനി ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമാണ് തിരുത്തേണ്ടത്. ഗുജറാത്ത് കലാപം ഒരു തെറ്റായിരുന്നുവെന്ന് നിങ്ങള്‍ അംഗീകരിക്കണം’, മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി വക്താവുമായ നവാബ് മാലിക്ക് പറഞ്ഞു. ബിജെപി […]

3 March 2021 6:44 AM GMT

ഗുജറാത്ത് കലാപത്തില്‍ മോദിയും ബിജെപിയും മാപ്പ് പറയണമെന്ന് എന്‍സിപി; ‘തെറ്റായിരുന്നുവെന്ന് അംഗീകരിക്കണം’
X

മുംബൈ: രണ്ട് പതിറ്റാണ്ട് മുമ്പ് നടന്ന ഗുജറാത്ത് കലാപത്തില്‍ ബിജെപി മാപ്പ് പറയണമെന്ന ആവശ്യമുയര്‍ത്തി ശരത് പവാറിന്റെ എന്‍സിപി. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ അബദ്ധമായിരുന്നുവെന്ന് വിമര്‍ശിച്ചുകൊണ്ട് കൊച്ചുമകനും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി രംഗത്തെത്തിയതിന് പിന്നാലെയാണ് ഗുജറാത്ത് കലാപത്തില്‍ ബിജെപി മാപ്പ് പറയണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള എന്‍സിപിയുടെ രംഗപ്രവേശനം.

‘ഇനി ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമാണ് തിരുത്തേണ്ടത്. ഗുജറാത്ത് കലാപം ഒരു തെറ്റായിരുന്നുവെന്ന് നിങ്ങള്‍ അംഗീകരിക്കണം’, മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി വക്താവുമായ നവാബ് മാലിക്ക് പറഞ്ഞു. ബിജെപി ഇതിന് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നീണ്ട നാല്‍പ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ അബദ്ധമായിരുന്നുവെന്ന പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എത്തിയത്. 1984ല്‍ നടന്ന സിഖ് വിരുദ്ധകലാപത്തിലും അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. ‘അടിയന്തരാവസ്ഥ ഒരു അബദ്ധമായിരുന്നു. ഇന്ദിരാഗാന്ധിയും അത് സമ്മതിച്ചിരുന്നു. അടിയന്തരാവസ്ഥ കാലത്ത് സംഭവിച്ചതെല്ലാം തെറ്റായിരുന്നു, എന്നാല്‍ സാഹചര്യങ്ങളില്‍ ഇന്നത്തേതില്‍ നിന്നും വ്യത്യസ്തമായിരുന്നുവെന്നും രാജ്യത്തിന്റെ സ്ഥാപന ചട്ടക്കൂട് പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് ഒരു ഘട്ടത്തിലും ശ്രമിച്ചില്ല’, രാഹുല്‍ പറഞ്ഞു. യുഎസിലെ കോണ്‍വെല്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ കൗഷിക് ബാസുവുമായി നടത്തിയ ഓണ്‍ലൈന്‍ സംഭാഷണത്തിലായിരുന്നു രാഹുലിന്റെ പരാമര്‍ശം.

രാഹുല്‍ ഗാന്ധിയെ പിന്തുണച്ചുകൊണ്ട് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പട്ടോളും രംഗത്തെത്തി. രാഹുല്‍ ഗാന്ധി മാപ്പ് ചോദിച്ചതില്‍ താന്‍ യാതൊരു തെറ്റും കാണുന്നില്ലെന്ന് പറഞ്ഞ പട്ടോള്‍ രാഹുല്‍ മാപ്പ് ചോദിച്ചത് അദ്ദേഹത്തിന്റെ മഹാമനസ്‌കതയാണെന്നും അഭിപ്രായപ്പെട്ടു.

മാനവീകതയ്ക്ക് മേല്‍ ഏറ്റ കളങ്കമാണ് ഗുജറാത്ത് കലാപം. അതില്‍ മാപ്പ് പറയാന്‍ ബിജെപിയും നരേന്ദ്രമോദിയും തയ്യാറാവണം.

നാനാ പട്ടോള്‍

വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് മഹാരാഷ്ട്ര ബിജെപി വക്താവ് കേശവ് ഉപാദ്ധ്യേ കോണ്‍ഗ്രസിനെതിരെ നിശിതമായി തന്നെ വിമര്‍ശനം ഉന്നയിച്ചു. രാജ്യത്തെ ജനങ്ങളുടെഅവകാശങ്ങള്‍ക്കും മനോവികാരങ്ങള്‍ക്കും ഒട്ടും വിലകൊടുക്കാതെയാണ് കോണ്‍ഗ്രസ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. അടിയന്തിരാവസ്ഥയേയും ഗുജറാത്ത് കലാപത്തേയും ഒരേ തട്ടിലിട്ട് തൂക്കാനാവില്ല, അത് തീര്‍ത്തും വ്യത്യസ്തമാണെന്നും ഉപാദ്ധ്യേ പറഞ്ഞു.

Next Story