Top

‘സംഘ്പരിവാറിന് ഒരു പങ്കുമില്ല’; മന്ത്രി മൊയ്തീന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് ബിജെപി

പ്രദേശത്തെ സിപിഐഎം സ്വാധീനം ഇല്ലാതാക്കാന്‍ ആര്‍എസ്എസ് നടത്തിയ ആസൂത്രിത നീക്കമാണ് കൊലപാതകമെന്നായിരുന്നു കുന്നംകുളം എംഎല്‍എ കൂടിയായ മന്ത്രിയുടെ ആരോപണം.

5 Oct 2020 12:08 AM GMT

‘സംഘ്പരിവാറിന് ഒരു പങ്കുമില്ല’; മന്ത്രി മൊയ്തീന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് ബിജെപി
X

തൃശൂര്‍ കുന്നംകുളത്ത് സിപിഐഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പാര്‍ട്ടിക്കോ സംഘപരിവാറിനോ ഒരു പങ്കുമില്ലെന്ന് ബിജെപി. ആര്‍എസ്എസ്-ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ സനൂപിനെ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നെന്ന മന്ത്രി എ സി മൊയ്തീന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു. കുന്നംകുളത്തെ കൊലപാതകവുമായി സംഘ്പരിവാറിനോ ബിജെപിക്കോ ഒരു പങ്കുമില്ല. മന്ത്രി സൗമനസ്യത്തോടെ കാര്യങ്ങള്‍ അന്വേഷിക്കണം. കുറ്റക്കാരെ എത്രയും പെട്ടെന്ന് പിടികൂടണമെന്നും ബിജെപി വക്താവ് ആവശ്യപ്പെട്ടു.

പ്രദേശത്തെ സിപിഐഎം സ്വാധീനം ഇല്ലാതാക്കാന്‍ ആര്‍എസ്എസ് നടത്തിയ ആസൂത്രിത നീക്കമാണ് കൊലപാതകമെന്നായിരുന്നു കുന്നംകുളം എംഎല്‍എ കൂടിയായ മന്ത്രിയുടെ ആരോപണം. ആയുധങ്ങളുമായി പതിയിരുന്ന് ആര്‍എസ്എസ്-ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിക്കുകയാണുണ്ടായതെന്നും മന്ത്രി പറഞ്ഞു.

എ സി മൊയ്തീന്റെ പ്രതികരണം

എന്റെ നിയോജകമണ്ഡലം കൂടിയായ കുന്നംകുളത്തെ സിപിഐ എം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സഖാവ് സനൂപിനെ (26) ആര്‍ എസ് എസ് ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ നിഷ്ഠൂരമായി കൊലപ്പെടുത്തിയിരിക്കുന്നു. കൂടെയുള്ള മൂന്ന് സിപിഐ എം പ്രവര്‍ത്തകര്‍ക്കും ആക്രമത്തില്‍ ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.
സഹോദരങ്ങളില്ലാത്ത സനൂപിന്റെ മാതാപിതാക്കളും ജീവിച്ചിരിപ്പില്ല. പുതുശ്ശേരി പ്രദേശത്ത് കക്ഷിരാഷ്ട്രീയതിനതീതമായി എപ്പോഴും ജനങ്ങള്‍ക്കിടയിലുണ്ടായിരുന്ന സഖാവാണ്. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും, കൂട്ടിരുപ്പുകാര്‍ക്കും ഭക്ഷണം നല്‍കാനുള്ള പ്രവര്‍ത്തനത്തിലായിരുന്നു സനൂപ് ഇന്നലെയും.
രാഷ്ട്രീയത്തെ കൊലക്കത്തികളുടെ മൂര്‍ച്ചയാല്‍ ഇല്ലാതാക്കാമെന്ന ആര്‍ എസ് എസ് /ബി ജെ പി – കോണ്‍ഗ്രസ് ചിന്തകളുടെ ഭാഗമായാണ് കേരളത്തില്‍ സിപിഐ എം പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കിടയില്‍ സനൂപടക്കം നാല് സിപിഐ എം പ്രവര്‍ത്തകരാണ് ഇക്കൂട്ടരുടെ കൊലക്കത്തിക്ക് ഇരയായത്.
നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ആര്‍ എസ് എസ്/ബി ജെ പി- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലക്കത്തി താഴെവെക്കാന്‍ തയ്യാറാവണം.
രക്തസാക്ഷി സഖാവ് സനൂപിന് ആദരാഞ്ജലികള്‍.
ലാല്‍സലാം.

Next Story