Top

‘അതിലിപ്പം ഭരണകൂടത്തിന് എന്താണ്? അസുഖം വന്നു, ആശുപത്രിയിലാക്കി’; സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ബിജെപി

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണം ചികിത്സ നിഷേധിച്ചിട്ടുള്ള മരണമല്ലെന്ന് ബിജെപി നേതാവ് നാരായണന്‍ നമ്പൂതിരി. സ്റ്റാന്‍ സ്വാമിക്ക് ജാമ്യം നിഷേധിച്ചെങ്കില്‍ ഭരണകൂടം എന്ത് ചെയ്യാനാണെന്നും നാരായണന്‍ നമ്പൂതിരി റിപ്പോര്‍ട്ടര്‍ ടിവിയില്‍ പ്രതികരിച്ചു. നാരായണന്‍ നമ്പൂതിരി പറഞ്ഞത്: ”യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്ത ഒരാള്‍ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. എന്നാല്‍ അയാള്‍ക്ക് ജാമ്യം നിഷേധിച്ചു. അതിലിപ്പം ഭരണകൂടത്തിന് എന്താണ്. അദ്ദേഹത്തിന് അസുഖം വന്നു. ആശുപത്രിയിലാക്കാന്‍ കോടതി തന്നെ പറഞ്ഞു. പ്രധാനപ്പെട്ട ആശുപത്രിയില്‍ തന്നെയാണ് പ്രവേശിപ്പിച്ചത്. സംഭവിച്ചത് […]

5 July 2021 5:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘അതിലിപ്പം ഭരണകൂടത്തിന് എന്താണ്? അസുഖം വന്നു, ആശുപത്രിയിലാക്കി’; സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ബിജെപി
X

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണം ചികിത്സ നിഷേധിച്ചിട്ടുള്ള മരണമല്ലെന്ന് ബിജെപി നേതാവ് നാരായണന്‍ നമ്പൂതിരി. സ്റ്റാന്‍ സ്വാമിക്ക് ജാമ്യം നിഷേധിച്ചെങ്കില്‍ ഭരണകൂടം എന്ത് ചെയ്യാനാണെന്നും നാരായണന്‍ നമ്പൂതിരി റിപ്പോര്‍ട്ടര്‍ ടിവിയില്‍ പ്രതികരിച്ചു.

നാരായണന്‍ നമ്പൂതിരി പറഞ്ഞത്: ”യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്ത ഒരാള്‍ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. എന്നാല്‍ അയാള്‍ക്ക് ജാമ്യം നിഷേധിച്ചു. അതിലിപ്പം ഭരണകൂടത്തിന് എന്താണ്. അദ്ദേഹത്തിന് അസുഖം വന്നു. ആശുപത്രിയിലാക്കാന്‍ കോടതി തന്നെ പറഞ്ഞു. പ്രധാനപ്പെട്ട ആശുപത്രിയില്‍ തന്നെയാണ് പ്രവേശിപ്പിച്ചത്. സംഭവിച്ചത് ചികിത്സ നിഷേധിച്ചിട്ടുള്ള മരണമല്ല. കോടതി തന്നെ ഇടപെട്ടാണ് അദ്ദേഹത്തെ ആശുപത്രിയിലാക്കിയത്.”

അതേസമയം, സ്റ്റാന്‍ സ്വാമിയുടെ മരണം ഭരണകൂടവും കോടതിയും നടത്തിയ കൊലപാതകമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി പ്രതികരിച്ചു. ഇതൊരു സ്വാഭാവിക മരണമല്ല. ഭരണകൂടവും കോടതിയും നടത്തിയ കുറ്റകരമായ അനാസ്ഥയാണ് മരണ കാരണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുന്‍ പ്രതിരോധമന്ത്രിയുമായ എ കെ ആന്റണി ആരോപിച്ചു.

‘വാര്‍ത്ത ഞെട്ടലുണ്ടാക്കി, ജാമ്യം അനുവദിക്കണമെന്ന അപേക്ഷ ഭരണകൂടത്തിന് അനുകൂലിക്കാം. ജാമ്യം നല്‍കേണ്ട കേസാണ്. അദ്ദേഹത്തിന്റെ ജീവന്‍ അപകടത്തിലാണെന്ന് അറിയാമായിരുന്നു. വിഷയത്തെ രാഷ്ട്രീയമായി കാണുകയല്ല.’ ഏത് ഭരണകൂടമാണെങ്കിലും കോടതിയാണെങ്കിലും മാനുഷികമായ സമീപനം സ്വീകരിക്കണമായിരുന്നു എന്നും എ കെ ആന്റണി വ്യക്തമാക്കി.

ഭീമ കോറേഗാവ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മാവോയിസ്റ്റ് ബന്ധമാരോപിക്കപ്പെട്ട് ജയിലില്‍ കഴിയവെയാണ് ഫാ. സ്റ്റാന്‍ സ്വാമി (84) മരണത്തിന് കീഴടങ്ങിയത്. മേയ് 30 മുതല്‍ ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയില്‍ കൊവിഡാനന്തര ചികില്‍സയിലായിരുന്നു ഫാ. സ്റ്റാന്‍ സ്വാമി. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയായിരുന്നു മരണം. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു മരണം സ്ഥിരീകരിച്ചത്. രാവിലെ ഹൃദയാഘാതം സംഭവിക്കുകയും ആരോഗ്യനില മോശമാവുകയും ചെയ്യുകയായിരുന്നു. മരണം അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. കോടതി സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് മരണം.

2018 ജനുവരി 1നാണ് പുനെയിലെ ഭീമ കോറേഗാവില്‍ നടന്ന എല്‍ഗര്‍ പരിഷത്ത് സംഗമത്തില്‍ മാവോയിസ്റ്റ് ബന്ധമാരോപിച്ചാണ് ഫാ. സ്റ്റാന്‍ സ്വാമി ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റുചെയ്തത്. ജയിലില്‍ തുടരുന്നതിനിടെ കോടതി ഇടപെടലിനെ തുടര്‍ന്ന് മേയ് 28നാണ് സ്റ്റാന്‍ സ്വാമിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ജൂലൈ ആറ് വരെ ആശുപത്രിയില്‍ തുടരാനും കോടതി അനുവദിച്ചിരുന്നു. ഇതിനിടെയാണ് ആരോഗ്യനില മോശമായതും മരണം സംഭവിച്ചതും. ആശുപത്രിയിലേക്ക് മാറ്റിയപ്പോള്‍ ബന്ധുക്കളെ തിരിച്ചറിയാന്‍ പോലും കഴിയാത്ത സാഹചര്യത്തിലായിരുന്നു സ്റ്റാന്‍ സ്വാമി എന്നാണ് റിപ്പോര്‍ട്ടുകള്‍. ജാമ്യം നല്‍കിയില്ലെങ്കില്‍ താന്‍ ജയിലില്‍ കിടന്ന് മരിക്കുമെന്ന് നേരത്തെ സ്റ്റാന്‍ സ്വാമി കോടതിയില്‍ പറഞ്ഞിരുന്നു.

Next Story