Top

മീശ വിവാദം: ഉളുപ്പില്ലായ്മയുടെ പര്യായപദം പിണറായി വിജയനെന്ന് വി മുരളീധരന്‍; സ്ത്രീകളുടെ മാനം വില്‍ക്കാന്‍ നോക്കിയ പിണറായിക്ക് തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്ന് ശോഭ സുരേന്ദ്രന്‍

ഹൈന്ദവ ബിംബങ്ങളെ അപമാനിക്കുന്നവരെ ആദരിക്കുന്ന ഇടതുനയം അവാര്‍ഡ് പ്രഖ്യാപനത്തിലും പ്രകടമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ കുറ്റപ്പെടുത്തി.

15 Feb 2021 11:09 PM GMT

മീശ വിവാദം: ഉളുപ്പില്ലായ്മയുടെ പര്യായപദം പിണറായി വിജയനെന്ന് വി മുരളീധരന്‍; സ്ത്രീകളുടെ മാനം വില്‍ക്കാന്‍ നോക്കിയ പിണറായിക്ക് തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്ന് ശോഭ സുരേന്ദ്രന്‍
X

എസ് ഹരീഷിന്റെ മീശ എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നല്‍കിയ സംഭവം രാഷ്ട്രീയ വിവാദമാക്കി ബിജെപി. നോവലിന് അവാര്‍ഡ് നല്‍കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കൂടുതല്‍ ബിജെപി നേതാക്കള്‍ രംഗത്തെത്തി. ഹൈന്ദവ ബിംബങ്ങളെ അപമാനിക്കുന്നവരെ ആദരിക്കുന്ന ഇടതുനയം അവാര്‍ഡ് പ്രഖ്യാപനത്തിലും പ്രകടമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ കുറ്റപ്പെടുത്തി. ഉളുപ്പില്ലായ്മയ്ക്ക് ഒരു പര്യയപദമുണ്ടെങ്കില്‍ അത് പിണറായി വിജയന്‍ എന്നാണെന്നും മുരളീധരന്‍ പറഞ്ഞു. സ്ത്രീകളുടെ മാനം വില്‍ക്കാന്‍ നോക്കിയ പിണറായി വിജയന് തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ഇരുവരുടേയും പ്രതികരണം.

വി മുരളീധരന്റെ വാക്കുകള്‍:

കേരളത്തിൽ ഉളുപ്പില്ലായ്മയ്ക്ക് ഒരു പര്യായപദമുണ്ടെങ്കിൽ അത് പിണറായി വിജയനാണ്. കേരളത്തിലെ ഹിന്ദു സമൂഹത്തെ വേദനിപ്പിച്ച എസ്. ഹരീഷിന്റെ മീശ നോവലിന് സാഹിത്യ അക്കാദമി പുരസ്കാരം നൽകിയതിലൂടെ പിണറായിയും കൂട്ടരും നൽകുന്ന സന്ദേശമെന്താണ് ? ശബരിമലയിൽ വിശ്വാസികളുടെ ചങ്കിൽ കത്തിയിറക്കിയ പിണറായി വിജയനിൽ നിന്ന് ഇതിൽക്കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതുമില്ല. കേരളത്തിലെ ഹിന്ദു വിശ്വാസികളുടെ പ്രതിഷേധം സർക്കാർ മുഖവിലയ്ക്കുപോലും എടുക്കുന്നില്ല എന്നതിന്റെ തുടർച്ചയായി വേണം മീശയ്ക്ക് പുരസ്കാരം നൽകിയ പ്രഖ്യാപനത്തെ കാണാൻ.ക്ഷേത്രത്തിൽ പോകുന്ന സ്ത്രീകളെ അവഹേളിച്ച നോവലിന് പിണറായി സർക്കാർ താമ്രപത്രം നൽകുന്നത് കരുതിക്കൂട്ടിയാണ്. അവാർ‍ഡ് നിർണയ സമിതിയുടെ തീരുമാനമെന്ന് പറഞ്ഞ് തടിതപ്പാമെന്ന് പിണറായി വിജയൻ സർക്കാ‍ർ ശ്രമിക്കേണ്ട. മീശ നോവലിലെ വിവാദ ഭാഗം 2018 ജൂലൈയിൽ ഫേസ്ബുക്കിൽ ഇടാൻ എം.വി ജയരാജന് അന്ന് നിർദ്ദേശം നൽകിയത് മുഖ്യമന്ത്രിയായിരുന്നോ എന്നു കൂടി വ്യക്തമാക്കണം.

ഹൈന്ദവബിംബങ്ങളെയും, സ്ത്രീകളെയും അപമാനിക്കുന്നവരെ ആദരിക്കുകയും മഹത്വവത്കരിക്കുകയും ചെയ്യുകയെന്ന ഇടത് നയം അവാർഡ് പ്രഖ്യാപനത്തിലും പ്രകടമാണ്. വിശ്വാസികളായ ഹൈന്ദവ സ്ത്രീകൾക്ക് മീശ ഉണ്ടാക്കിയ വേദന ചെറുതല്ലെന്ന് അക്കാദമിയുടെ തലപ്പത്തിരിക്കുന്നവർ മനസ്സിലാക്കണം. നോവൽ ആദ്യം പ്രസിദ്ധീകരിച്ച മാതൃഭൂമി മാപ്പു പറഞ്ഞതും ഈ ഘട്ടത്തിൽ ഓർമ്മിപ്പിക്കുന്നു.. പിണറായി സർക്കാരിന്റെ മീശ പിരിച്ചുള്ള വെല്ലുവിളി വിശ്വാസികൾ മാത്രമല്ല , കേരളത്തിന്റെ പൊതു സമൂഹമൊട്ടാകെ കണ്ണുതുറന്ന് കാണുന്നുണ്ടെന്ന് മറക്കേണ്ട!!

ശോഭ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ:

ഹൈന്ദവ വിശ്വാസികളെയും സ്ത്രീകളെയും അവഹേളിക്കുന്ന വികല രചനയായ ‘ മീശ ‘ എന്ന നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം നൽകാനുള്ള തീരുമാനം ഹിന്ദു മത വിശ്വാസികളോടും, സ്ത്രീ സമൂഹത്തോടുമുള്ള വെല്ലുവിളിയാണ്. ഈ തീരുമാനം അടിയന്തരമായി പിൻവലിക്കാൻ സാഹിത്യ അക്കാദമി തയ്യാറാകണം.

പ്രസിദ്ധീകരിച്ച ആദ്യ ഘട്ടത്തിൽത്തന്നെ പ്രസ്തുത നോവലിൻ്റെ ഉള്ളടക്കത്തിലെ ഹിന്ദു വിരുദ്ധ, സ്ത്രീവിരുദ്ധ സ്വാഭാവം വിമർശനവിധേയമായിരുന്നു. ആ വികാരം മാനിച്ചാണ് അതിൻ്റെ തുടർ പ്രസിദ്ധീകരണം മലയാളത്തിലെ പ്രമുഖ പ്രസിദ്ധീകരണമായ മാതൃഭൂമി നിർത്തിവച്ചത്. എന്നാൽ അത് ആവിഷ്കാര സ്വാതന്ത്ര്യത്തിന് എതിരാണെന്ന വാദം ഉയർത്തി ചില കേന്ദ്രങ്ങൾ രംഗത്തുവന്നു. ഹിന്ദുക്കളെയും സ്ത്രീകളെയും കുറിച്ച് എന്ത് എഴുതിയാലും അത് വിലക്കാൻ പാടില്ല എന്ന മട്ടിലായിരുന്നു അക്കൂട്ടർ ആ നാലാംകിട നോവലിനു നൽകിയ പിന്തുണ. അതിൽ മുൻപന്തിയിൽ നിന്നത് സി പി എമ്മും അവരുമായി ബന്ധപ്പെട്ട സാംസ്കാരിക രംഗത്തെ പ്രമുഖരുമായിരുന്നു. ഇപ്പോൾ നോവലിന് അക്കാദമി പുരസ്കാരം നൽകാനുള്ള തീരുമാനത്തിനു പിന്നിലും അവരുടെ നിയന്ത്രണത്തിലുള്ള സാഹിത്യ അക്കാദമിയാണ് എന്നത് യാദൃശ്ചികമല്ല.

വിശ്വാസി സമൂഹവും കേരളത്തിലെ സ്ത്രീകളും ഈ തീരുമാനത്തിനെതിരേ ശബ്ദമുയർത്തണം എന്നുകൂടി അഭ്യർത്ഥിക്കുകയാണ്. നമ്മുടെ മാനം വിറ്റല്ല ആരെയും ആദരിക്കേണ്ടത്. കേരളത്തിലെ ഹിന്ദു സമൂഹത്തിന്റെ മുഖത്തടിക്കുന്ന ഈ നെറികേടിനു പിണറായി വിജയന് വരുന്ന തിരഞ്ഞെടുപ്പിൽ മറുപടി കിട്ടും.

Next Story