‘കേരളം ഭീകരവാദികളുടെ താവളം, വര്‍ഗീയത കൊടിക്കുത്തി വാഴുന്നു’; രാഷ്ട്രീയ ചര്‍ച്ചയാക്കി ബിജെപി ദേശീയ നേതൃത്വം
കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസ് സിപിഐഎം-എസ്ഡിപിഐ-മുസ്ലീം ലീഗ് ബന്ധമാണ് വെളിവാക്കുന്നതെന്നും വിനയ് ആരോപിച്ചു.
29 Jun 2021 11:20 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കേരളം ഭീകരവാദികളുടെ താവളമായി മാറിയെന്ന തരത്തില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ സജീവമാക്കി ബിജെപി ദേശീയ നേതൃത്വം. വര്‍ഗീയത, ക്രിമിനലിസം, അഴിമതി എന്നിവ കേരളത്തില്‍ കൊടികുത്തി വാഴുകയാണെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ വിനയ് സഹസ്രബുദ്ധെ പറഞ്ഞു. സര്‍ക്കാരിന്റെ അഴിമതി മരംമുറിയില്‍ വരെ എത്തിനില്ക്കുകയാമെന്ന് അദ്ദേഹം പരിഹസിച്ചു. കേരളത്തിലെ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുന്നു. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസ് സിപിഐഎം-എസ്ഡിപിഐ-മുസ്ലീം ലീഗ് ബന്ധമാണ് വെളിവാക്കുന്നതെന്നും വിനയ് ആരോപിച്ചു. ബിജെപി സംസ്ഥാന സമിതി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ വ്യാപകമായി ഐഎസ് റിക്രൂട്ട്മെന്റ് നടക്കുന്നുവെന്ന ലോക്നാഥ് ബെഹ്റയുടെ പരാമര്‍ശം ചൂണ്ടി സംസ്ഥാനസര്‍ക്കാരിന് നേരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ബിജെപി ഉയര്‍ത്തുന്നത്. വിഷയത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും സജീവ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. ഡിജിപി തുറന്നുപറഞ്ഞ കാര്യം വളരെ ഗൗരവമേറിയ വിഷയമാണെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിലപാട് വ്യക്തമാക്കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു. എസ്ഐ ഷാജഹാന് മതഭീകരവാദ സംഘടനകള്‍ക്ക് ഇ മെയില്‍ ചോര്‍ത്തി നല്കി. എന്നിട്ടും ഇയാളെ പിണറായി സര്‍ക്കാര്‍ തിരികെ എടുത്തു. കേരളത്തില്‍ നിന്നും ഐഎസ് റിക്രൂട്ട്മെന്റ് നടക്കുന്നുണ്ടെന്ന വസ്തുത ബിജെപി ആദ്യം മുതല്‍ക്ക് തന്നെ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. പൊലീസ് സേനയില്‍ ഐഎസ് സാന്നിധ്യമുണ്ടെന്നും സുരേന്ദ്രന് ആരോപിക്കുകയായിരുന്നു.
. കേരളത്തിലുള്ളവരെ ഭീകര സംഘടനകള്‍ക്ക് ആവശ്യമാണെന്നും വിദ്യാഭ്യാസ നിലവാരത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നതാണ് ഇതിന് കാരണമെന്നുമാണ് സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്നും പടിയിറങ്ങുന്ന ലോക്നാഥ് ബെഹ്റ പറഞ്ഞത്.‘കേരളം വലിയൊരു റിക്രൂട്ടിംഗ് ഗ്രൗണ്ടാണ്. കാരണം ഇവിടെയുള്ളവര്‍ വിദ്യാഭ്യാസമുള്ളവരാണ്. ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍ എന്നിങ്ങനെ. അവര്‍ക്ക് ഇതുപോലുള്ള ആളുകളെ വേണം. അതുകൊണ്ട് ഇതുപോലുള്ളവരെ ഏത് രീതിയും വര്‍ഗീയവല്‍ക്കരിച്ച് അങ്ങോട്ട് കൊണ്ടു പോവും. അതില്‍ കൂടുതല്‍ ഒന്നും പറയുന്നില്ല. പക്ഷെ പേടിക്കേണ്ട കാര്യമില്ല. ഞങ്ങളുണ്ട്. ഇതിനെ ന്യൂട്രലൈസ് ചെയ്യാന്‍ ഞങ്ങള്‍ കാപ്പബിള്‍ ആണ്,’ ഇത്തരത്തിലായിരുന്നു ബെഹ്റയുടെ പരാമര്‍ശം.