‘എന്തിന് നശിപ്പിച്ചു, കേവല രാഷ്ട്രീയം, അഹങ്കാരം’; കിറ്റെക്സിന്റെ ഭാഗത്ത് തെറ്റില്ലെന്ന് സുരേഷ് ഗോപി
കൊച്ചി: കിറ്റെക്സ് കേരളത്തില്‍ നിന്ന് കൂടുമാറി തെലങ്കാനയിലേക്ക് പോയത് ഉചിതമായ തീരുമാനമെന്ന് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. ഒരു യൂടൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം. കേവല രാഷ്ട്രീയ കളികളാണ് കിറ്റെക്സ് പ്രശ്നം വഷളാക്കിയതെന്ന് ബിജെപി എംപി ചൂണ്ടിക്കാണിക്കുന്നു. താനായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ പ്രശ്നം അതിവേഗം പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ”അതിജീവനത്തിനുള്ള മാര്‍ഗത്തിന് വേണ്ടി പോകുന്നതാണ്. തെലങ്കാനയിലേക്ക് കിറ്റെക്സ് പോകുന്നതിനെ കുറ്റം പറയാനാവില്ല. കേവല രാഷ്ട്രീയമാണ്, അഹങ്കാരമാണ് അതിന് വഴിവെച്ചത്. അപ്പോള്‍ […]
20 July 2021 4:38 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: കിറ്റെക്സ് കേരളത്തില്‍ നിന്ന് കൂടുമാറി തെലങ്കാനയിലേക്ക് പോയത് ഉചിതമായ തീരുമാനമെന്ന് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. ഒരു യൂടൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം. കേവല രാഷ്ട്രീയ കളികളാണ് കിറ്റെക്സ് പ്രശ്നം വഷളാക്കിയതെന്ന് ബിജെപി എംപി ചൂണ്ടിക്കാണിക്കുന്നു. താനായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ പ്രശ്നം അതിവേഗം പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
”അതിജീവനത്തിനുള്ള മാര്‍ഗത്തിന് വേണ്ടി പോകുന്നതാണ്. തെലങ്കാനയിലേക്ക് കിറ്റെക്സ് പോകുന്നതിനെ കുറ്റം പറയാനാവില്ല. കേവല രാഷ്ട്രീയമാണ്, അഹങ്കാരമാണ് അതിന് വഴിവെച്ചത്. അപ്പോള്‍ കൗണ്ടര്‍ ഓപ്പറേഷന് എന്ന നിലയില്‍ കിറ്റെക്സ് സാബുവും കളിക്കും. അതിനെയൊന്നും കുറ്റം പറയാനാവില്ല. ഞാനായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ ഈ പ്രശ്നം തുടങ്ങിയ അന്ന് ഒറ്റ ഫോണ്‍ കോളില്‍ പ്രശ്നം പരിഹരിച്ചേനെ.
പിണറായിയുടെ മൈന്‍ഡ് സെറ്റൊക്കെ വ്യത്യാസമായിരിക്കും അതിനെ ഞാന്‍ കുറ്റം പറയുന്നില്ല. പ്രശ്നം അതിവേഗം പരിഹരിക്കണമായിരുന്നു. സാബു എന്തൊക്കെ തിരുത്തണം, ഉദ്യോഗസ്ഥര്‍ തിരുത്തണം എന്നൊക്കെ ശിക്ഷാരൂപത്തില്‍ പറഞ്ഞു മനസിലാക്കിയേനെ. ചെറിയൊരു പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ പരിഹരിക്കാമായിരുന്നു.” സുരേഷ് ഗോപിയുടെ പ്രതികരണത്തിന്റെ പ്രസക്ത ഭാഗം
കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന കടുത്ത ആരോപണം ഉന്നയിച്ചാണ് കിറ്റെക്സ് തെലങ്കാനയിലേക്ക് കൂടുമാറിയത്. നിരന്തരം പരിശോധനകള്‍ നടത്തി സര്‍ക്കാര്‍ ബുദ്ധിമുട്ടിച്ചുവെന്നും തന്നെ ചവിട്ടി പുറത്താക്കുകയായിരുന്നുവെന്നും കമ്പനി ചെയര്മാന് സാബു ആരോപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പ്രശ്ന പരിഹാരങ്ങള്‍ക്ക് ശ്രമിച്ചിരുന്നുവെന്ന് വ്യവസായ മന്ത്രി പി രാജീവ് വിശദീകരിച്ചു. എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കിറ്റെക്സ് യുഡിഎഫ് സര്‍ക്കാരിനോടും സമാന രീതിയില്‍ കൂടുമാറ്റ ഭീഷണി ഉയര്‍ത്തിയതായി വിവരങ്ങള്‍ പുറത്തുവന്നിരുന്നു.