Top

‘മമതയ്ക്ക് ഭ്രാന്ത്, പാക്കിസ്ഥാന്‍ അല്ല ഇന്ത്യയാണിതെന്ന് ശരിക്കറിഞ്ഞപ്പോഴുള്ള നിരാശ’; വീണ്ടും വിവാദ പരാമര്‍ശവുമായി പ്രജ്ഞസിങ് ഠാക്കൂര്‍

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ നടന്ന ആക്രമത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് പ്രജ്ഞസിങ് ഠാക്കൂര്‍ ബംഗാള്‍ മുഖ്യമന്ത്രിയെ കടന്നാക്രമിച്ചത്.

13 Dec 2020 12:01 AM GMT

‘മമതയ്ക്ക് ഭ്രാന്ത്, പാക്കിസ്ഥാന്‍ അല്ല ഇന്ത്യയാണിതെന്ന് ശരിക്കറിഞ്ഞപ്പോഴുള്ള നിരാശ’; വീണ്ടും വിവാദ പരാമര്‍ശവുമായി പ്രജ്ഞസിങ് ഠാക്കൂര്‍
X

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങളുമായി ഭോപ്പാലില്‍ നിന്നുള്ള ബിജെപി എംപി പ്രജ്ഞസിങ് ഠാക്കൂര്‍. ഈ തെരഞ്ഞെടുപ്പോടെ പശ്ചിമബംഗാളില്‍ ഹിന്ദുരാജ് നടപ്പിലാക്കുമെന്നും തന്റെ ഭരണം അവസാനിക്കാറാകുന്നതിന്റെ നിരാശയിലാണ് മമത ഇപ്പോഴുള്ളതെന്നും പ്രജ്ഞസിങ് ഠാക്കൂര്‍ പറഞ്ഞു. ഇത് പാക്കിസ്ഥാനല്ല ഇന്ത്യ ആണെന്ന് മമത ഇപ്പോള്‍ ശരിക്കുമനസിലാക്കിയെന്നും പ്രജ്ഞസിങ് ആഞ്ഞടിച്ചു. ഇത്തരം വൈദേശിക സംസ്‌കാരത്തെ പിന്തുടരാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് ഇവിടെ സ്ഥാനമില്ലെന്നും ഇന്ത്യയെ ഭിന്നിപ്പിക്കാനാണ് മമത നാളിതുവരെ ശ്രമിച്ചിരുന്നതെന്നും പ്രജ്ഞസിങ് കൂട്ടിച്ചേര്‍ത്തു.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ നടന്ന ആക്രമത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് പ്രജ്ഞസിങ് ഠാക്കൂര്‍ ബംഗാള്‍ മുഖ്യമന്ത്രിയെ കടന്നാക്രമിച്ചത്. യഥാര്‍ഥ കര്‍ഷകരല്ല സമരമുഖത്തുള്ളതെന്നായിരുന്നു ദില്ലി ചലോ മാര്‍ച്ചുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് പ്രജ്ഞസിങ് ഠാക്കൂറിന്റെ മറുപടി. കര്‍ഷകരുടെ പേരുപറഞ്ഞ് ഇടതുഗ്രൂപ്പുകളും കോണ്‍ഗ്രസുമാണ് സമരമുഖത്തുള്ളതെന്നും കര്‍ഷകരുടെ പേരുപറഞ്ഞ് അവര്‍ നേട്ടമുണ്ടാക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.


അതേസമയം വരുന്ന തെരഞ്ഞെടുപ്പില്‍ വിജയിക്കാനായില്ലെങ്കില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വധിക്കാന്‍ വരെ ബിജെപി പദ്ധതി തയ്യാറാക്കുമെന്ന് ബംഗാളിലെ മന്ത്രി സുബ്രതാ മുഖര്‍ജി പറഞ്ഞു. നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ ബംഗാള്‍ സന്ദര്‍ശനസമയത്ത് ജെപി നദ്ദയുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിരുന്ന മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ ആഭ്യന്ത്രമന്ത്രാലയം കേന്ദ്രത്തിലേക്ക് തിരിച്ചുവിളിച്ചു. ഡയമണ്ട് ബാര്‍ബര്‍ എസ്പി ഭോലാനാഥ് പാണ്ഡെ, പ്രസിഡന്‍സി റേഞ്ച് ഡിഐജി പ്രവീണ്‍ തിപാഠി, സൗത്ത് ബംഗാള്‍ എഡിജി രാജീവ് മിശ്ര എന്നിവരെയാണ് ആഭ്യന്തരമന്ത്രാലയം തിരിച്ചുവിളിച്ചത്.

Next Story

Popular Stories