ബിജെപി കുഴല്‍പ്പണക്കേസ്: ‘കേസ് അട്ടിമറിക്കാന്‍ സാധ്യത’; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി
തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി തൃശ്ശൂര്‍ ജില്ലാ സെഷന്‍സ് കോടതി. കുഴല്‍പ്പണമായി കൊണ്ടുവന്ന മൂന്നരക്കോടി രൂപയോളം വാഹനാപകടം സൃഷ്ടിച്ച് കവര്‍ന്ന കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയിരിക്കുന്നത്. 5-ാം പ്രതി അരീഷ്, 6-ാം പ്രതി മാര്ട്ടിന്, 7-ാം പ്രതി ലബീബ്, 8ാം പ്രതി അഭിജിത്, 9-ാം പ്രതി വട്ടൂര് ബാബു, 10-ാം പ്രതി അബ്ദില്‍ ഷാഹിബ്, 11-ാം പ്രതി ഷുക്കൂര്‍, 19-ാം പ്രതി എഡ്വിന്, 18-ാം പ്രതി മുഹമ്മദ് ഷാഫി, 13-ാം പ്രതി അബ്ദുള്‍ […]
16 Jun 2021 7:52 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി തൃശ്ശൂര്‍ ജില്ലാ സെഷന്‍സ് കോടതി. കുഴല്‍പ്പണമായി കൊണ്ടുവന്ന മൂന്നരക്കോടി രൂപയോളം വാഹനാപകടം സൃഷ്ടിച്ച് കവര്‍ന്ന കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയിരിക്കുന്നത്. 5-ാം പ്രതി അരീഷ്, 6-ാം പ്രതി മാര്ട്ടിന്, 7-ാം പ്രതി ലബീബ്, 8ാം പ്രതി അഭിജിത്, 9-ാം പ്രതി വട്ടൂര് ബാബു, 10-ാം പ്രതി അബ്ദില്‍ ഷാഹിബ്, 11-ാം പ്രതി ഷുക്കൂര്‍, 19-ാം പ്രതി എഡ്വിന്, 18-ാം പ്രതി മുഹമ്മദ് ഷാഫി, 13-ാം പ്രതി അബ്ദുള്‍ സലാം എന്നിവരുടെ ജാമ്യാപേക്ഷകളാണ് തൃശ്ശൂര്‍ ജില്ലാ സെഷന്‍സ് ജഡ്ജി ഡി അജിത്കുമാര്‍ തള്ളിയത്.
കൊള്ളയടിക്കപ്പെട്ട കുഴല്‍പ്പണത്തിന്റെ ഉറവിടം സംബന്ധിച്ച് വിശദമായ അന്വേഷണം നടന്നുവരുന്നതിനാലും, പ്രതികള്‍ക്ക് നിലവില്‍ ഭീഷണി ഉള്ളതിനാലും, കേസ് അട്ടിമറിക്കാന്‍ സാധ്യതയുള്ളതിനാലും പ്രതികള്‍ക്ക് ജാമ്യമനുവദിക്കരുതെന്ന ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ ഡി ബാബുവിന്റെ വാദം സ്വീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
2021 ഏപ്രില്‍ 3-ാം തീയ്യതി പുലര്‍ച്ചെ നാലര മണിക്ക് കൊടകര മേല്‍പ്പാലത്തിന് സമീപാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസില്‍ ഇതുവരെ 21 പ്രതികളെ അറസ്റ്റു ചെയ്തിട്ടുണ്ട്.
രണ്ടു കാറുകളിലായി വന്ന പ്രതികള്‍ എര്‍ട്ടിഗ കാറില്‍ വാഹനം ഇടിപ്പിച്ച് പണവുമായി കടന്നുകളയുകയായിരുന്നു എന്നായിരുന്നു പരാതിക്കാരനായ ഷംജീര്‍ കൊടകര പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതി. എര്‍ട്ടിഗ കാറും, 25 ലക്ഷം രൂപയും കൂട്ടായി കവര്‍ച്ച ചെയ്ത് കൊണ്ടുപോയി എന്നായിരുന്നു പരാതിക്കാരന്റെ ആദ്യ മൊഴിയെങ്കിലും ഏകദേശം ഒന്നര കോടിയിലധികം രൂപ ഇതുവരെ അന്വേഷണസംഘം പ്രതികളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. തൃശ്ശൂര്‍ റെയ്ഞ്ച് ഡിഐജിയുടെ മേല്‍ നോട്ടത്തില്‍ രൂപീകരിച്ച അന്വേഷണസംഘമാണ് ഇപ്പോള്‍ കേസന്വേഷിച്ചു വരുന്നത്.
കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ടത് ബിജെപിയുടെ പണം തന്നെ പണമാണെന്ന് അന്വേഷണസംഘം കഴിഞ്ഞദിവസം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവഴിയ്ക്കാന്‍ കൊണ്ടുവന്ന പണമാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്നും പൊലീസ് ഇരിങ്ങാലക്കുട കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പണം കൊണ്ടുവന്നത് കര്‍ണാടകയില്‍ നിന്നാണെന്നും കമ്മീഷന് അടിസ്ഥാനത്തില്‍ എത്തിച്ച ഹവാലാ പണമാണ് കവര്‍ച്ച ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നു.
ഒരു രാഷ്ട്രീയപാര്ട്ടിയുടേതാണ് പണമെന്നും, അതേ രാഷ്ട്രീയപാര്‍ട്ടിയില്‍പ്പെട്ടവര്‍ തന്നെയാണ് വാടക കൊള്ളക്കാരെ ഉപയോഗിച്ച് പണം കൊള്ളയടിച്ചതെന്നും തങ്ങള്‍ നിരപരാധികളാണെന്നും കേസില്‍ പിടിയിലായ പ്രതികളും മൊഴി നല്‍കിയിരുന്നു.
അതേസമയം, കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ഫോണില്‍ വിളിച്ചും നോട്ടീസ് അയച്ചുമുള്ള ചോദ്യം ചെയ്യലിന് ഇനി മുതല്‍ ഹാജരാകേണ്ടെന്ന് ബിജെപി കോര്‍കമ്മിറ്റി തീരുമാനമെടുത്തിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്തോ കോടതി മുഖേനെയോയുള്ള അന്വേഷണത്തില്‍ മാത്രമേ ബിജെപി നേതാക്കളും പ്രവര്‍ത്തകരും ഹാജരാകൂ എന്നാണ് പാര്‍ട്ടി നിലപാട്. കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് സിപിഐഎം ബിജെപിയെ വേട്ടയാടുന്നുവെന്ന് പാര്‍ട്ടി നേതാക്കള്‍ നിരന്തരം ആരോപണമുന്നയിച്ച് വരികയായിരുന്നു. ഇനിയും സിപിഐഎം അജണ്ടക്ക് നിന്നുകൊടുക്കേണ്ടതില്ലെന്ന് ബിജപെി കോര്‍കമ്മിറ്റിയില്‍ തീരുമാനമുണ്ടായെന്നാണ് റിപ്പോര്‍ട്ട്.
Also Read: ‘ആദ്യം ഞങ്ങളെ കളിയാക്കുകയല്ലേ ഉണ്ടായത്’; സുരേന്ദ്രനെതിരായ നടപടി സ്വാഗതാര്‍ഹമെന്ന് പ്രസീത