Top

‘കണ്ണടച്ച് വിമര്‍ശിക്കുക എന്റെ രീതിയല്ല’; പിണറായിയെ പ്രശംസിച്ച നിലപാടിലുറച്ച് രാജഗോപാല്‍

മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുസര്‍ക്കാരിനെയും പ്രശംസിച്ച നിലപാടിലുറച്ച് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. എന്തിനെയും കണ്ണടച്ച് വിമര്‍ശിക്കുക എന്നത് തന്റെ രീതിയല്ലെന്നും അതാണ് താന്‍ ശീലിച്ചിട്ടുള്ള രാഷ്ട്രീയമെന്നും രാജഗോപാല്‍ പറഞ്ഞു. രാജഗോപാലിന്റെ മറുപടി: ”ശരിയാണ്. ഞാന്‍ പ്രതിപക്ഷത്താണ്. എന്തിനെയും കണ്ണടച്ച് വിമര്‍ശിക്കുക എന്നത് എന്റെ രീതിയല്ല. തെറ്റ് ചെയ്യുന്നതിനെ നമ്മള്‍ ശക്തമായി വിമര്‍ശിക്കുകയും വേണം. അതാണ് ഞാന്‍ ശീലിച്ചിട്ടുള്ള രാഷ്ട്രീയം. അതാണ് എന്റെ കാഴ്ചപാട്. പിണറായി വിജയന്റെ പ്രവര്‍ത്തനങ്ങളെയാണ് ഞാന്‍ വിലയിരുത്തുന്നത്. അതില്‍ നല്ലതും ചീത്തയുമുണ്ടാകും. നല്ലതിനെ […]

15 March 2021 5:29 AM GMT

‘കണ്ണടച്ച് വിമര്‍ശിക്കുക എന്റെ രീതിയല്ല’; പിണറായിയെ പ്രശംസിച്ച നിലപാടിലുറച്ച് രാജഗോപാല്‍
X

മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുസര്‍ക്കാരിനെയും പ്രശംസിച്ച നിലപാടിലുറച്ച് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. എന്തിനെയും കണ്ണടച്ച് വിമര്‍ശിക്കുക എന്നത് തന്റെ രീതിയല്ലെന്നും അതാണ് താന്‍ ശീലിച്ചിട്ടുള്ള രാഷ്ട്രീയമെന്നും രാജഗോപാല്‍ പറഞ്ഞു.

രാജഗോപാലിന്റെ മറുപടി: ”ശരിയാണ്. ഞാന്‍ പ്രതിപക്ഷത്താണ്. എന്തിനെയും കണ്ണടച്ച് വിമര്‍ശിക്കുക എന്നത് എന്റെ രീതിയല്ല. തെറ്റ് ചെയ്യുന്നതിനെ നമ്മള്‍ ശക്തമായി വിമര്‍ശിക്കുകയും വേണം. അതാണ് ഞാന്‍ ശീലിച്ചിട്ടുള്ള രാഷ്ട്രീയം. അതാണ് എന്റെ കാഴ്ചപാട്. പിണറായി വിജയന്റെ പ്രവര്‍ത്തനങ്ങളെയാണ് ഞാന്‍ വിലയിരുത്തുന്നത്. അതില്‍ നല്ലതും ചീത്തയുമുണ്ടാകും. നല്ലതിനെ അംഗീകരിക്കുന്നു. മോശമായതിനെ എതിര്‍ക്കുന്നു. അതല്ലേ ശാസ്ത്രീയ വീക്ഷണം.”

നേമം മണ്ഡലത്തില്‍ നിന്ന് ബിജെപിക്ക് പുറത്തുള്ള വോട്ടുകള്‍ കുമ്മനം രാജശേഖരന് ലഭിക്കുമോയെന്ന് തനിക്കറിയില്ലെന്നും രാജഗോപാല്‍ പറഞ്ഞു. കുമ്മനം നല്ല ജനപിന്തുണയുള്ള ആള് തന്നെയാണെന്നും പക്ഷെ തനിക്ക് കിട്ടിയ അത്രയും വോട്ട് കുമ്മനത്തിന് കിട്ടുമോയെന്ന് അറിയില്ലെന്നും രാജഗോപാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

രാജഗോപാല്‍ പറയുന്നു: ”കുമ്മനം പിന്‍ഗാമിയാണെന്ന് പറയില്ല. പാര്‍ട്ടിക്ക് പുറത്തുള്ള വോട്ടുകള്‍ അദ്ദേഹത്തിന് കിട്ടുമോയെന്ന് എനിക്കറിയില്ല. ചില മേഖലകളിലെ ആള്‍ക്കാര്‍ക്ക് എന്നോട് താല്‍പര്യമുണ്ടാകും. കുമ്മനം നല്ല ജനപിന്തുണയുള്ള ആള് തന്നെയാണ്. പക്ഷെ എനിക്ക് കിട്ടിയ അത്രയും വോട്ട് കുമ്മനത്തിന് കിട്ടുമോ എന്ന് അറിയില്ല. ഇത്തവണ മത്സരിക്കില്ലെന്ന് ഞാന്‍ തന്നെ തീരുമാനിച്ചതാണ്. അല്ലാതെ അഭിപ്രായവ്യത്യാസങ്ങള്‍ കൊണ്ടൊന്നുമല്ല. എനിക്ക് പ്രായമായി. മത്സരരംഗത്ത് ഇല്ലെങ്കിലും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായുണ്ടാകും. തോല്‍ക്കുമെന്ന് ഉറപ്പായ മണ്ഡലങ്ങളിലും ഞാന്‍ മത്സരിച്ചിട്ടുണ്ട്. കെട്ടിവച്ച കാശ് പോലും കിട്ടില്ല. എങ്കിലും പാര്‍ട്ടിയെക്കുറിച്ചും ആശയങ്ങളെക്കുറിച്ചും ജനങ്ങളെ അറിയിക്കാനുള്ള ഒരു മാര്‍ഗമാണിത്.”

പാര്‍ട്ടിയില്‍ അവഗണന നേരിടുന്ന ശോഭാ സുരേന്ദ്രനെയും രാജഗോപാല്‍ പിന്തുണച്ചു. അവര്‍ക്ക് മത്സരിക്കാന്‍ അവസരം നല്‍കണമെന്നാണ് രാജഗോപാല്‍ ആവശ്യപ്പെട്ടത്.
”ശോഭ സുരേന്ദ്രന്‍ മത്സരിക്കേണ്ടയാളാണ്. അതിനുള്ള അവസരം ഉണ്ടാക്കി കൊടുക്കണം. ഇനിയും ഒഴിവുകളുള്ള മണ്ഡലങ്ങളുണ്ട്. പൊതുരംഗത്ത കഴിവ് തെളിയിച്ച വ്യക്തിയാണ് ശോഭ സുരേന്ദ്രന്‍. ബിജെപിയുടെ മികച്ച സ്ഥാനാര്‍ത്ഥി പട്ടികയാണ് ഇത്തവണത്തേത്. കോണ്‍ഗ്രസും സിപിഐഎമ്മും അല്ലാത്ത ഒരു പാര്‍ട്ടി വിജയിച്ച മണ്ഡലമാണ് നേമം. ഇത് അവര്‍ രണ്ടുപേര്‍ക്കും വെല്ലുവിളിയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്നെ പരാജയപ്പെടുത്താന്‍ ശിവന്‍കുട്ടി പരമാവധി ശ്രമിച്ചു. എന്നാല്‍ സാധിച്ചില്ല അതിന്റെ ദേഷ്യമാണ് നേമം മണ്ഡലത്തില്‍ എംഎല്‍എ ഉണ്ടായിരുന്നില്ലെന്ന് പറയുന്നത്.”

എല്ലാവരോടും സൗഹൃദപരമായി നീങ്ങുക എന്നതാണ് രാഷ്ട്രീയജീവിതത്തില്‍ ലാഭകരമെന്നും അന്ധമായ എതിര്‍പ്പ് പ്രയോജനം ചെയ്യില്ലെന്നുമാണ് കഴിഞ്ഞമാസം രാജഗോപാല്‍ പറഞ്ഞത്. പിണറായി വിജയനെ താന്‍ ശക്തമായി ആക്രമിക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. എന്നാല്‍ അത് സാധിക്കില്ലെന്നും തന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും രാജഗോപാല്‍ പറഞ്ഞിരുന്നു.

അന്ന് രാജഗോപാല്‍ പറഞ്ഞത് ഇങ്ങനെ: ”പിണറായി വിജയനെ കൂടുതല്‍ ശക്തമായി ഞാന്‍ ആക്രമിക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. അത് എങ്ങനെ സാധിക്കും? എന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ അല്ലേ പ്രവര്‍ത്തിക്കാന്‍ കഴിയൂ. ഇപ്പോള്‍ എതിര്‍ചേരിയിലാകുന്നവര്‍ നാളെ നമ്മുടെ ചേരിയിലേക്കു വരാം എന്നതു കണ്ടു വേണം രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍. രണ്ടു തരത്തില്‍ ഉള്ളവരെ രാഷ്ട്രീയത്തിലുളളൂ. ഒന്ന്, ഇപ്പോള്‍ കൂടെ നില്‍ക്കുന്നവര്‍, രണ്ട്, നാളെ കൂടെ വരേണ്ടവര്‍. ആ ഒരു സമീപനം വച്ചു കൈകാര്യം ചെയ്യാനാണ് ശ്രമിക്കുന്നത്. എല്ലാവരോടും സൗഹാര്‍ദ്ദത്തോടെ നീങ്ങുക എന്നതാണ് ആത്യന്തികമായി രാഷ്ട്രീയത്തില്‍ ലാഭകരം. അന്ധമായി എതിര്‍പ്പ് പ്രയോജനം ചെയ്യില്ല. അതു പക്ഷേ, പാര്‍ട്ടിയില്‍ എല്ലാവര്‍ക്കും ദഹിച്ചുവെന്നു വരില്ല. പക്ഷേ എനിക്കു വേറെ ഗൂഢമായ ലക്ഷ്യങ്ങളൊന്നുമില്ലെന്ന് അവര്‍ക്കും അറിയാം.”

Next Story