‘കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തിരിഞ്ഞുകുത്തി’; എന്തുകൊണ്ട് തോറ്റുവെന്ന ബിജെപി വിലയിരുത്തലിനിടെ ഒരു വിഭാഗം
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഒരിടത്തും എത്താതെ പോയത് സംസ്ഥാനസര്‍ക്കാരിന് ഗുണകരമായെന്നാണ് ഭാരവാഹി യോഗത്തില്‍ ചില നേതാക്കളുടെ വിമര്‍ശനം. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്നും ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു.

സംസ്ഥാന സര്‍ക്കാരിനെതിരായ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഇടപെടല്‍ തെരഞ്ഞെടുപ്പില്‍ തങ്ങളെ തിരിഞ്ഞുകുത്തിയെന്ന വിലയിരുത്തലുമായി ബിജെപിയിലെ ഒരു വിഭാഗം. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഒരിടത്തും എത്താതെ പോയത് സംസ്ഥാനസര്‍ക്കാരിന് ഗുണകരമായെന്നാണ് ഭാരവാഹി യോഗത്തില്‍ ചില നേതാക്കളുടെ വിമര്‍ശനം. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്നും ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു. ഓണ്‍ലൈനായി നടന്ന ഭാരവാഹി യോഗത്തിലാണ് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിനുനേരെ വിമര്‍ശനമുയര്‍ന്നതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ കേരളത്തിലെ ഇടപെടലുകള്‍ക്ക് പിന്നില്‍ ബിജെപി ആണെന്ന് പരക്കെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെതിരായ ജനവികാരം തദ്ദേശ തെരഞ്ഞെടുപ്പില്‍ തന്നെ തിരിച്ചടിയായെന്നാണ് ചില ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടിയത്. സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലുണ്ടായ പാളിച്ചയും നാമനിര്‍ദ്ദേശ പത്രികയിലുണ്ടായ പിഴവുകളും വലിയ രീതിയില്‍ പാര്‍ട്ടിയ്ക്ക് ദോഷം ചെയ്തെന്നാണ് വിലയിരുത്തല്‍.
നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ടുള്ള കെ സുരേന്ദ്രന്റെ രാജി ആവശ്യം കേന്ദ്രനേതൃത്വം തള്ളിയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയുടെ പ്രാഥമിക ഉത്തരവാദിത്വം തനിക്കാണെന്ന് സുരേന്ദ്രന് കേന്ദ്ര നേതാക്കളെ അറിയിച്ചിരുന്നു. ശേഷമാണ് രാജി ആവശ്യം ഉയര്‍ത്തിയത്. എന്നാല്‍ തോല്‍വി വിശദമായി പരിശോധിച്ചിട്ട് അന്തിമ തീരുമാനമെടുക്കാമെന്നായിരുന്നു കേന്ദ്രനേതൃത്വത്തിന്റെ മറുപടി.
2019ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ 15.53 ശതമാനം വോട്ടുകളായിരുന്നു എന്‍ഡിഎക്ക് കിട്ടിയിരുന്നത്. ഇക്കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ ലഭിച്ചത് 15.56 ശതമാനം വോട്ടുമായിരുന്നു. മുന്നണിയിലെ രണ്ടാം കക്ഷിയായ ബിഡിജെഎസിനും മത്സരിച്ച എല്ലായിടത്തും നന്നേ ഇടിഞ്ഞു. കോന്നിയില്‍ ഉപതെരഞ്ഞെടുപ്പിനെക്കാള്‍ 6,975 വോട്ടുകളുടെ ഇടിവോടെയായിരുന്നു കെ സുരേന്ദ്രന് ദയനീയമായി മൂന്നാമതെത്തിയതെന്നതും ശ്രദ്ധേയമായിരുന്നു. അതേസമയം കഴക്കൂട്ടത്ത് പാര്‍ട്ടി വേണ്ടപോലെ പ്രവര്‍ത്തിച്ചില്ലെന്ന പരാതി ശോഭാ സുരേന്ദ്രന് വിഭാഗത്തിനുമുണ്ട്.