നേമത്തെ താമരയൊടിച്ച് ശിവന്‍കുട്ടി; ബിജെപി തുറന്ന അക്കൗണ്ട് പൂട്ടിച്ചു
ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റായ നേമത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടി വിജയിച്ചു. 5571 ആണ് ശിവന്‍കുട്ടിയുടെ ഭൂരിപക്ഷം. ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് രണ്ടാം സ്ഥാനത്തേക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീരന്‍ മൂന്നാം സ്ഥാനത്തേക്കും തള്ളപ്പെട്ടു. ആദ്യ ഘട്ടം മുതല്‍ ബിജെപി ലീഡ് നിലനിര്‍ത്തിയിരുന്നെങ്കിലും അവസാനഘട്ടത്തില്‍ അതിവേഗം ലീഡ് പിടിച്ച എല്‍ഡിഎഫ് ബിജെപിയുടെ ഏക സീറ്റില്‍ അട്ടിമറി വിജയം സ്വന്തമാക്കുകയായിരുന്നു. സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടക്കുന്ന നേമം മണ്ഡലത്തില്‍ ആദ്യ എട്ട് റൗണ്ടുകള്‍ എണ്ണിയപ്പോള്‍ […]

ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റായ നേമത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടി വിജയിച്ചു. 5571 ആണ് ശിവന്‍കുട്ടിയുടെ ഭൂരിപക്ഷം. ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് രണ്ടാം സ്ഥാനത്തേക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീരന്‍ മൂന്നാം സ്ഥാനത്തേക്കും തള്ളപ്പെട്ടു.
ആദ്യ ഘട്ടം മുതല്‍ ബിജെപി ലീഡ് നിലനിര്‍ത്തിയിരുന്നെങ്കിലും അവസാനഘട്ടത്തില്‍ അതിവേഗം ലീഡ് പിടിച്ച എല്‍ഡിഎഫ് ബിജെപിയുടെ ഏക സീറ്റില്‍ അട്ടിമറി വിജയം സ്വന്തമാക്കുകയായിരുന്നു.
സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടക്കുന്ന നേമം മണ്ഡലത്തില്‍ ആദ്യ എട്ട് റൗണ്ടുകള്‍ എണ്ണിയപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനായിരുന്നു ലീഡ്. ഒന്‍പതും പത്തും റൗണ്ട് എണ്ണിയപ്പോളാണ് ലീഡ് നില മാറിമറിഞ്ഞത്. പതിനൊന്നാമത്തെ റൗണ്ടിലും ലീഡ് നിലനിര്‍ത്തുവാന്‍ വി ശിവന്‍കുട്ടിയ്ക്ക് സാധിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതല്‍ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തായിരുന്നു.
1957ലെ ആദ്യ തെരഞ്ഞെടുപ്പ് മുതല്‍ 1970 തെരഞ്ഞെടുപ്പ് വരെയുള്ള കാലം ഇടത്, സോഷ്യലിസ്റ്റ് പാര്‍ട്ടികളാണ് നേമത്ത് മാറി മാറി വിജയിച്ചിരുന്നത്. പിന്നീട് 1977ലാണ് ആദ്യമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നത്. 1980ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ കോണ്‍ഗ്രസ് എയും തമ്മിലായി പോരാട്ടം. മണ്ഡലത്തില്‍ നിന്ന് മുന്‍പ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഇ രമേശന് നായര്‍ – എസ് വരദരാജന് നായര്‍ എന്നിവര്‍ നേര്‍ക്കുനേരെത്തിയ ആവേശമത്സരത്തില്‍ ഇ രമേശന് നായരാണ് വിജയിച്ചത്.
1982ലെ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കെ കരുണാകരന് മാളയ്ക്കൊപ്പം നേമത്തും മത്സരിക്കുകയും സിപിഐഎമ്മിന്റെ പി ഫക്കീറിനെ മൂവായിരത്തില്പരം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തുകയും ചെയ്തു. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം നേമത്തുനിന്ന് കരുണാകരന് രാജിവെച്ചതിനെ തുടര്‍ന്ന് 1983ല്‍ നേമം ഉപതെരഞ്ഞെടുപ്പിലേക്ക് കടന്നു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ഇ രമേശന് നായരെ തോല്‍പ്പിച്ചായിരുന്നു മണ്ഡലം ആ തെരഞ്ഞെടുപ്പിനോട് പ്രതികരിച്ചത്. അന്ന് സിപിഐഎമ്മിന്റെ വി ജെ തങ്കപ്പന് നേമത്ത് അട്ടിമറിവിജയം നേടി. 1987 ല്‍ ഇരുപതിനായിരത്തിലധികം വോട്ടുകളിലേക്ക് ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ച് അദ്ദേഹം തന്നെ വിജയിച്ചു. 1991ലും വിജയം ആവര്‍ത്തിച്ച അദ്ദേഹം ആ തവണ സിഎംപിയുടെ സ്റ്റാന്‍ലി സത്യനേശനെയായിരുന്നു പരാജയപ്പെടുത്തിയത്.
1996ലും സിപിഐഎം സ്ഥാനാര്ഥിക്കുതന്നെയായിരുന്നു മണ്ഡലത്തില്‍ വിജയം. എന്നാല്‍ ആ തവണ വലിയ തോതില്‍ ഭൂരിപക്ഷം കുറഞ്ഞു. തുടര്‍ന്ന് 2001ലെ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന് മണ്ഡലം നഷ്ടമായി. 96ല്‍ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വെങ്ങാനൂര്‍ പി ഭാസ്കരനെ 9357 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു കോണ്‍ഗ്രസ് നേതാവ് എന്‍ ശക്തന്റെ വിജയം. 2006ലെ തെരഞ്ഞെടുപ്പിലും ഇരു സ്ഥാനാര്‍ഥികള്‍ തന്നെ മണ്ഡലത്തില്‍ നിന്ന് ഏറ്റുമുട്ടുകയും എന്‍ ശക്തന് കൂടുതല്‍ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു.
ഈ കാലയളവില്‍ മൂന്നാം സ്ഥാനത്ത് വോട്ടുശതമാനം ഉയര്‍ന്നും ഇടിഞ്ഞും ബിജെപി സാന്നിധ്യമുണ്ടായിരുന്നു. പൂന്തുറ സോമന്, കെ എന്‍ സുന്ദരേശന് തമ്പി, പി അശോക് കുമാര്‍, മടവൂര്‍ സുരേഷ്, എം എസ് കുമാര്‍, മലയിന്‍കീഴ് രാധാകൃഷ്ണന് എന്നിവര്‍ ബിജെപിക്ക് വേണ്ടി ഇക്കാലയളില്‍ നേമത്ത് മത്സരിച്ചു. എന്‍ ശക്തന് അവസാനമായി മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 2006ല്‍ ബിജെപിയുടെ മലയിന്‍കീഴ് രാധാകൃഷ്ണന് ലഭിച്ചത് 6705 വോട്ടുകളായിരുന്നു.
എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ ഒരു രാഷ്ട്രീയ അന്തരീക്ഷത്തില്‍ 2011-ലെ തെരഞ്ഞെടുപ്പില്‍ 43661 വോട്ടുകളുമായി ബിജെപി രണ്ടാം സ്ഥാനത്തെത്തി. ആ മുന്നേറ്റം നല്കിയ ആത്മവിശ്വാസവുമായി 2016ല്‍ ഒ രാജഗോപാല്‍ വീണ്ടും കളത്തിലിറങ്ങിയ 2016-ലെ തെരഞ്ഞെടുപ്പില്‍ 67813 വോട്ടുകള്‍ അദ്ദേഹം മണ്ഡത്തില്‍ സ്വന്തമാക്കി. വി ശിവന്‍കുട്ടിയെ 8671 വോട്ടുകള്‍ക്ക് അന്ന് രാജഗോപാല്‍ പരാജയപ്പെടുത്തുമ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്ന ജെഡിയുവിന്റെ വി സുരേന്ദ്രന് പിള്ള 13860 വോട്ടുകള്‍ മാത്രമാണ് നേടിയിരുന്നത്.
അന്ന് സിറ്റിംഗ് സീറ്റില്‍ പരാജയപ്പെടേണ്ടി വന്ന വി ശിവന്‍കുട്ടി തന്നെയാണ് ഇത്തവണ മണ്ഡലത്തെ വീണ്ടും ഇടതുപക്ഷത്തെത്തിച്ചിരിക്കുന്നത്.