Top

മേനക ഗാന്ധി വെറ്റിനറി ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തിയ സംഭവം; തള്ളിപ്പറഞ്ഞ് ബിജെപി നേതാക്കളും; ‘ഈ പാര്‍ട്ടി എംപിയാണെന്നതില്‍ ലജ്ജ തോന്നുന്നു’

ഈ മാസം 17 നാണ് വിവാദത്തിന് ആസ്പദമായ സംഭവം നടന്നത്. വെറ്ററിനറി ഡോക്ടറുടെ അടുത്ത് കൊണ്ടു വന്ന നായയെ അശ്രദ്ധമായാണ് ഓപ്പറേഷന് വിധേയമാക്കിയതെന്നായിരുന്നു മേനക ഗാന്ധിയുടെ ആരോപണം.

26 Jun 2021 6:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മേനക ഗാന്ധി വെറ്റിനറി ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തിയ സംഭവം; തള്ളിപ്പറഞ്ഞ് ബിജെപി നേതാക്കളും; ‘ഈ പാര്‍ട്ടി എംപിയാണെന്നതില്‍ ലജ്ജ തോന്നുന്നു’
X

വെറ്റിനറി ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തിയ ബിജെപി എംപി മേനകാ ഗാന്ധിക്കെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ അതിരൂക്ഷ വിമര്‍ശനം. ബിജെപി എംഎല്‍എയും മുന്‍ മന്ത്രിയുമായിരുന്ന അജയ് വിഷ്‌ണോയിയാണ് മേനക ഗാന്ധിക്കെതിരെ രംഗത്തെത്തിയത്. സ്വന്തം പാര്‍ട്ടിയിലെ എംപിയാണ് മേനക ഗാന്ധി എന്ന് പറയാന്‍ തനിക്ക് ലജ്ജ തോന്നുന്നു എന്നായിരുന്നു അജയ് വിഷ്‌ണോയുടെ പരാമര്‍ശം. ട്വിറ്ററിലൂടെയാണ് വിഷയത്തില്‍ അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തിയത്.

‘ബിജെപി എംപി മേനക ഗാന്ധി വെറ്റിനറി ഡോക്ടര്‍ വികാസ് ശര്‍മ്മയോട് സംസാരിച്ച ഭാഷ ജബല്‍പുരിയിലെ വെറ്റിനറി കോളെജ് എത്ര മോശമാണെന്നല്ല എല്ലാവര്‍ക്കും കാണിച്ചു തരുന്നത്. മറിച്ച് അവര്‍ എന്തൊരു മോശം സ്ത്രീ ആണെന്നതാണ്. അവര്‍ ഞങ്ങളുടെ പാര്‍ട്ടിയിലെ ഒരു എംപിയാണല്ലോ എന്നോര്‍ക്കുമ്പോള്‍ വല്ലാത്ത ലജ്ജ തോന്നുന്നു’. അജയ് വിഷ്‌ണോയ് ട്വിറ്ററില്‍ കുറിച്ചു.

ഈ മാസം 17 നാണ് വിവാദത്തിന് ആസ്പദമായ സംഭവം നടന്നത്. വെറ്ററിനറി ഡോക്ടറുടെ അടുത്ത് കൊണ്ടു വന്ന നായയെ അശ്രദ്ധമായാണ് ഓപ്പറേഷന് വിധേയമാക്കിയതെന്നായിരുന്നു മേനക ഗാന്ധിയുടെ ആരോപണം. അശ്രദ്ധയോടെ ഓപ്പറേഷന്‍ നടത്തിയ ഡോക്ടര്‍ വികാസ് ശര്‍മ്മയുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മേനക ഗാന്ധി ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു. ഈ ഫോണ്‍ രേഖകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെ വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു.മൂന്ന് വെറ്റിനറി ഡോക്ടര്‍മാരോടായിരുന്നു മേനക ഗാന്ധി കയര്‍ത്ത് സംസാരിച്ചത്. വിഷയത്തില്‍ ഇന്ത്യന്‍ വെറ്റിനറി അസോസിയേഷന്‍ പ്രതിഷേധിക്കുകയും കരിദിനം ആചരിക്കുകയും ചെയ്തിരുന്നു.

Next Story