Top

കൊടകര: ഇനി നേതാക്കള്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ബിജെപി; ‘സിപിഐഎം അജണ്ടക്ക് നിന്നുകൊടുക്കില്ല’

കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ടുള്ള എല്ലാത്തരം അന്വേഷണങ്ങളോടും സഹകരിക്കുമെന്നായിരുന്നു ആദ്യം പാര്‍ട്ടി സ്വീകരിച്ചിരുന്ന നിലപാട്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ഉള്‍പ്പെടെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്ന് സൂചനയുയരുന്ന പശ്ചാത്തലത്തിലാണ് ബിജെപി ഇപ്പോള്‍ നിലപാട് മാറ്റുന്നതെന്നാണ് സൂചന.

16 Jun 2021 2:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊടകര: ഇനി നേതാക്കള്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ബിജെപി; ‘സിപിഐഎം അജണ്ടക്ക് നിന്നുകൊടുക്കില്ല’
X

കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ഫോണില്‍ വിളിച്ചും നോട്ടീസ് അയച്ചുമുള്ള ചോദ്യം ചെയ്യലിന് ഇനി മുതല്‍ ഹാജരാകേണ്ടെന്ന് ബിജെപി കോര്‍കമ്മിറ്റി തീരുമാനം. കേസ് രജിസ്റ്റര്‍ ചെയ്‌തോ കോടതി മുഖേനെയോയുള്ള അന്വേഷണത്തില്‍ മാത്രമേ ബിജെപി നേതാക്കളും പ്രവര്‍ത്തകരും ഹാജരാകൂ എന്നാണ് പാര്‍ട്ടി നിലപാട്. കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് സിപിഐഎം ബിജെപിയെ വേട്ടയാടുന്നുവെന്ന് പാര്‍ട്ടി നേതാക്കള്‍ നിരന്തരം ആരോപണമുന്നയിച്ച് വരികയായിരുന്നു. ഇനിയും സിപിഐഎം അജണ്ടക്ക് നിന്നുകൊടുക്കേണ്ടതില്ലെന്ന് ബിജപെി കോര്‍കമ്മിറ്റിയില്‍ തീരുമാനമുണ്ടായെന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ടുള്ള എല്ലാത്തരം അന്വേഷണങ്ങളോടും സഹകരിക്കുമെന്നായിരുന്നു ആദ്യം പാര്‍ട്ടി സ്വീകരിച്ചിരുന്ന നിലപാട്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ഉള്‍പ്പെടെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്ന് സൂചനയുയരുന്ന പശ്ചാത്തലത്തിലാണ് ബിജെപി ഇപ്പോള്‍ നിലപാട് മാറ്റുന്നതെന്നാണ് സൂചന. കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ടത് ബിജെപിയുടെ പണം തന്നെയെന്ന് അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.യമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവഴിയ്ക്കാന്‍ കൊണ്ടുവന്ന പണമാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്നും പൊലീസ് ഇരിങ്ങാലക്കുട കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. പണം കൊണ്ടുവന്നത് കര്‍ണാടകയില്‍ നിന്നാണ്. കമ്മീഷന്‍ അടിസ്ഥാനത്തില്‍ എത്തിച്ച ഹവാലാ പണമാണ് കവര്‍ച്ച ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പൊലീസ് പറഞ്ഞിരുന്നു.

അതേസമയം, കൊടകരയില്‍ പിടികൂടിയ പണം ധര്‍മ്മരാജന് വിട്ടുനല്‍കരുതെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഇരിങ്ങാലക്കുട കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസന്വേഷണത്തെ ബാധിക്കുമെന്നും തെളിവ് നശിപ്പിക്കാന്‍ ഇടയുണ്ടെന്നും ചൂണ്ടികാട്ടിയാണ് ധര്‍മരാജന്റെയും കൂട്ടാളികളുടെയും ഹര്‍ജിയെ പോലീസ് എതിര്‍ത്തത്.

പോലീസ് പിടിച്ചെടുത്ത 1.4 കോടി രൂപയും കാറും വിട്ടു കിട്ടണം എന്നാവശ്യപ്പെട്ട് ധര്‍മരാജന്‍, സുനില്‍ നായിക്ക്, ഡ്രൈവര്‍ ഷംജീര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ പണവും കാറും വിട്ടു നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടി കാണിക്കുന്നു. മാത്രവുമല്ല തെളിവുകള്‍ നശിപ്പിക്കാന്‍ കാരണമാകുമെന്നും സൂചിപ്പിക്കുന്നുണ്ട്. കേസില്‍ ആദായ നികുതി വകുപ്പിന്റെയും ഇഡിയുടെയും അന്വേഷണം തീരും വരെ പണം വിട്ടു നല്‍കാനാവില്ല. ധര്‍മരാജന്‍ പോലീസില്‍ നല്‍കിയ മൊഴിയിലും കോടതിയില്‍ ബോധിപ്പിച്ച കാര്യങ്ങളിലുമുള്ള വൈരുധ്യവും അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു.

Next Story