Top

കൊവിഡ് വന്നാല്‍ മമത ബാനര്‍ജിയെ ആലിംഗനം ചെയ്യുമെന്ന് പറഞ്ഞ ബിജെപി നേതാവിന് കൊവിഡ് പോസിറ്റീവ്

പരാമര്‍ശം വിവാദമാവുകയും ഹസാരെയ്‌ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

2 Oct 2020 5:57 AM GMT

കൊവിഡ് വന്നാല്‍ മമത ബാനര്‍ജിയെ ആലിംഗനം ചെയ്യുമെന്ന് പറഞ്ഞ ബിജെപി നേതാവിന് കൊവിഡ് പോസിറ്റീവ്
X

തനിക്ക് കൊവിഡ് ബാധിച്ചാല്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ആലിംഗനം ചെയ്യുമെന്ന് വെല്ലുവിളിച്ച ബിജെപി നേതാവ് അനുപം ഹസാരയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പാണ് ഇദ്ദഹത്തിന് കൊവിഡ് പോസിറ്റീവായെന്ന് സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസമാണ് അനുപം ഹസാരെയെ ബിജെപിയുടെ ദേശീയ സെക്രട്ടറിയായി നിയമിച്ചിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഹസാരെയെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊവിഡ് ലക്ഷണങ്ങളെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

തനിക്ക് കൊവിഡ് വന്നാല്‍ താന്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ആലിംഗനം ചെയ്യുമെന്ന് ഹസാരെ പറഞ്ഞിരുന്നു. എന്നെങ്കിലും എനിക്ക് കൊവിഡ് ബാധിച്ചാല്‍ ഞാന്‍ പോയി മുഖ്യമന്ത്രി മമത ബാനര്‍ജിയെ ആലിംഗനം ചെയ്യും. കൊവിഡ് മഹാമാരിയില്‍ ജനം എങ്ങനെയാണ് ബുദ്ധിമുട്ടുന്നതെന്ന് അവര്‍ മനസിലാക്കട്ടെ. എങ്ങനെയാണ് ഒറ്റപ്പെട്ട് പോവുന്നതെന്നും മുഖ്യമന്ത്രി അറിയണം എന്നായിരുന്നു ഹസാരെയുടെ പരാമര്‍ശം.

ഇതിന് പിന്നാലെ പരാമര്‍ശം വിവാദമാവുകയും ഹസാരെയ്‌ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. പൊതുപ്രവര്‍ത്തകയായ സ്ത്രീയെ അപമാനിച്ചു എന്നാരോപിച്ചായിരുന്നു തൃണമൂല്‍ ഹസാരെയ്‌ക്കെതിരെ കേസ് നല്‍കിയത്.

ഇദ്ദേഹത്തിന്റെ പരാമര്‍ശം ഏറ്റെടുക്കാന്‍ തയ്യാറാവാതെ തള്ളുകയായിരുന്നു ബിജെപി. 2019ലാണ് ഹസാരെ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തുന്നത്.

Next Story