
തെരഞ്ഞെടുപ്പ് ഫലത്തിൽ ബിജെപിക്ക് സന്തോഷിക്കാനൊന്നും ഇല്ലെന്ന് മുതിർന്ന നേതാവ് പിപി മുകുന്ദൻ. എല്ലാവരെയും കൂട്ടിയിണക്കി കൊണ്ട് പോകാൻ നേതൃത്വത്തിനായില്ലെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, ഇന്നത്തെ രൂപത്തിൽ പോയാൽ ബിജെപിക്ക് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുണമുണ്ടാക്കാൻ ആകില്ലെന്നും ദേശാഭിമാനിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വിജയത്തെ പറ്റി അവകാശ വാദം ഉന്നയിച്ചിട്ടോ വാർത്താസമ്മേളനം നടത്തിയിട്ടോ കാര്യമില്ല. സത്യസന്ധമായ വിലയിരുത്തലാണ് ആവശ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോക്സഭാ തെരഞ്ഞെടുപ്പിൽ 15 ശതമാനം ആണ് വോട്ട് കിട്ടിയതെങ്കിൽ ഇത്തവണ അത് 11 ശതമാനമായി ചുരുങ്ങിയെന്നും ഇങ്ങനെ പോയാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥിതി ഇനിയും മോശമാകുമെന്നും മുകുന്ദൻ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.
പാർട്ടിയുടെ മറ്റൊരു മുതിർന്ന നേതാവായ ബി രാധാകൃഷ്ണ മേനോന് നേതാക്കള്‍ ആത്മപരിശോധനക്ക് തയ്യാറാവണം എന്ന് പ്രസ്താവിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രതീക്ഷിച്ച വിജയം കൈവരിച്ചിട്ടില്ലെന്നും സംഘടന സംവിധാനത്തില്‍ കാര്യമായ പോരായ്മകളുണ്ടെന്നും ബി രാധാകൃഷ്ണ മേനോന് പറഞ്ഞു. കാര്യമായ വിജയം കൈവരിക്കാതെ അപക്വമായി ആഘോഷം നടത്തിയെന്നും കമ്മറ്റി പോലും കൂടാതെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും ബി രാധാകൃഷ്ണ മേനോന് പ്രതികരിച്ചിരുന്നു.
തെരഞ്ഞെടുപ്പിനെ നേരിടുന്നതില്‍ സംസ്ഥാന നേതൃത്വത്തിന് പിഴവ് സംഭവിച്ചു എന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവ് പിഎം വേലായുധനും പ്രതികരിച്ചിരുന്നു. എല്‍ഡിഎഫും യുഡിഎഫും ജീര്‍ണ്ണിച്ച അവസ്ഥയിലും ബിജെപിക്ക് നേട്ടമുണ്ടാക്കാനായില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഇക്കാര്യം പാര്‍ട്ടി പരിശോധിക്കണമായിരുന്നു എന്നുമാണ് അദ്ദേഹം പറഞ്ഞത്.
അനുകൂല സാഹചര്യമുണ്ടായിട്ടും അത് മുതലാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നായിരുന്നു ഒ രാജഗോപാലിന്റെ വിമർശനം. ശോഭാ സുരേന്ദ്രന്റെ പരാതി ബിജെപി നേതൃത്വം പരിഹരിച്ചില്ലെന്നും എല്ലാവരും സ്വര്‍ണക്കടത്തിനും സ്വപ്നയ്ക്കും പിന്നാലെ പോയപ്പോള്‍ പിണറായി സര്‍ക്കാര്‍ വികസനത്തിന് പിറകേ പോയെന്നും ജനങ്ങള്‍ക്കാവശ്യം വികസനമാണെന്നുമായിരുന്നു ഒ രാജഗോപാലിന്റെ വിമര്‍ശനം.