Top

പിഎം വേലായുധന്‍ അഭിമുഖം:' സുരേന്ദ്രന്‍ ചതിച്ചു; ഞാന്‍ ഇപ്പോള്‍ വൃദ്ധസദനത്തിലാണ്'

3 Nov 2020 7:16 AM GMT
എം വി നികേഷ് കുമാർ 

പിഎം വേലായുധന്‍ അഭിമുഖം: സുരേന്ദ്രന്‍ ചതിച്ചു; ഞാന്‍ ഇപ്പോള്‍ വൃദ്ധസദനത്തിലാണ്
X

സംസ്ഥാന ബിജെപിയില്‍ ഭിന്നത രൂക്ഷം. സംസ്ഥാന ബിജെപി ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന് പിന്നാലെ മുന്‍ ഉപാധ്യക്ഷന്‍ പിഎം വേലായുധനും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ രംഗത്തെത്തി. കെ സുരേന്ദ്രന്‍ അധ്യക്ഷ പദവിയിലെത്തിയതിന് ശേഷം പറഞ്ഞവാക്ക് പാലിച്ചില്ലെന്നും തന്നെ വഞ്ചിച്ചുവെന്നും മുതിര്‍ന്ന ബിജെപി നേതാവായ പിഎം വേലായുധന്‍ ആരോപിച്ചു. റിപ്പോര്‍ട്ടര്‍ ടിവി ക്ലോസ് എന്‍കൗണ്ടറിലായിരുന്നു പിഎം വേലായുധന്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്.

എന്തുകൊണ്ടാണ് താങ്കളടങ്ങുന്നവര്‍ ഇപ്പോള്‍ ബിജെപിയില്‍ പൂര്‍ണ്ണമായും സജീവമല്ലാത്തത്?

ഇക്കഴിഞ്ഞ സംഘടനാ തെരഞ്ഞെടുപ്പ് സമയത്ത് ഞാന്‍ കോഴിക്കോട് ജില്ലയുടെ പ്രധാനിയാണ്. ആ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുരേന്ദ്രന്‍ വരണമെന്ന് താല്‍പര്യപ്പെട്ട വ്യക്തികൂടിയാണ് ഞാന്‍. സുരേന്ദ്രന്റെ വിജയത്തിന് വേണ്ടി സഹായിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സഹായിക്കാമെന്ന് വാക്ക് കൊടുത്തു. സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായി വന്നാല്‍ സംസ്ഥാന ഉപാധ്യക്ഷന്‍ എന്ന നിലക്ക് എന്നെയും കെ പി ശ്രീശനേും തലസ്ഥാനത്ത് തുടരാനുള്ള ഉറപ്പ് സുരേന്ദ്രന്‍ തന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെ സഹായിക്കാന്‍ തീരുമാനിച്ചത്. കേന്ദ്ര കമ്മിറ്റിയില്‍ നിന്നും രണ്ട് പേരുടെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് പറയണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ രണ്ട് പേരുടെ പേര് നിര്‍ദേശിക്കുകയും അത് പ്രകാരം സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുകയുമായിരുന്നു. സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്ന വേളയില്‍ കെ പി ശ്രീശന്‍, എകെ നസീര്‍ എന്നിവര്‍ തിരുവനന്തപുരത്ത് പരിപാടിയില്‍ പങ്കെടുത്തു. അതിന് ശേഷം സ്ഥാനമാനങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ഞാനില്ല, കെപി ശ്രീശനില്ല, സംസ്ഥാന സെക്രട്ടറിയായിരുന്ന എകെ നസീര്‍ മേഖലാ പ്രസിഡണ്ടായി.

ഈ വിഷമങ്ങള്‍ തുറന്ന് പറയണമെന്ന് കരുതി സംസ്ഥാന അധ്യക്ഷനെ പലവട്ടം ഫോണില്‍ വിളിച്ചു. അദ്ദേഹത്തെ ഇന്നുവരെ ഫോണില്‍ കിട്ടിയിട്ടില്ല. ഇന്നുവരെ തിരിച്ചു വിളിച്ചുമില്ല. അതിന് ശേഷമാണ് പത്രത്തില്‍ വായിക്കുന്നത് താന്‍ ദേശിയ കൗണ്‍സില്‍ അംഗമാണെന്ന് . നാഷണല്‍ കൗണ്‍സില്‍ അംഗത്തിന്റെ പണി എന്താണെന്ന് എനിക്ക് നന്നായിട്ട് അറിയാം. എന്നെ സംബന്ധിച്ച് ഒരു ദളിത് വിഭാഗത്തില്‍ ജനിച്ചുവളര്‍ന്ന് അരനൂറ്റാണ്ട് കാലം ആര്‍എസ്എസില്‍ കൂടി പ്രവര്‍ത്തിച്ച് സംഘത്തിന്റെ ചുമതല വഹിച്ചു. അക്കാലത്തെ നിരവധി പെറ്റികേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മൂന്ന് തവണ പൊലീസ് മര്‍ദനം. അതില്‍ രണ്ട് തവണയും എന്റെ വീട്ടില്‍ കയറി പൊലീസ് പിടിച്ചിറക്കി കൊണ്ട് പോയി. അക്കാലത്ത് സംസ്ഥാന അധ്യക്ഷന് ഒരുപക്ഷെ ഏഴോ എട്ടോ വയസേ ഉള്ളൂ. എന്റത്രയും യാതന ബിജെപിയില്‍ നിന്നും ദളിത് വിഭാഗത്തില്‍പ്പെട്ട ഒരാളും സഹിച്ചിട്ടുണ്ടാവില്ല. കാരണം ഞാന്‍ ചെന്നുപെട്ട പ്രസ്ഥാനം സവര്‍ണ ഫാസിസമാണ്. അത് ഉയര്‍ന്ന ജാതിക്കാരുടെ പാര്‍ട്ടിയാണ്. നിനക്കെന്താണ് ഇതില്‍ കാര്യം എന്ന് ചോദിച്ചാണ് അന്ന് ഒരു സബ്ഇന്‍സ്‌പെക്ടര്‍ അന്ന് എന്നെ തല്ലിയത്. ഈ മര്‍ദനമെല്ലാം ഏറ്റുവാങ്ങി രാഷ്ട്രീയ രംഗത്തേത്ത് കടക്കുമ്പോള്‍ അക്കാലത്തെ നേതാക്കളുടെ ഇടപെടലും പെരുമാറ്റവുമെല്ലാം കൊണ്ട് അവരെന്നെ കൈപിടിച്ച് ഉയര്‍ത്തി.

ഒ രാജഗോപാല്‍, കെ രാമന്‍പിള്ള, കെജി മാരാര്‍, സികെ പത്മനാഭന്‍, പിഎസ് ശ്രീധരന്‍പിള്ള, പികെ കൃഷ്ണദാസ്, വിഎം മുരളി, കുമ്മനം രാജശേഖരന്‍ തുടങ്ങിയവരുടെ കീഴില്‍ പ്രവര്‍ത്തിച്ചിട്ടും അവരില്‍ ആരില്‍ നിന്നും ഇത്തരമൊരു നടപടി ഉണ്ടായിട്ടില്ല. അവരൊക്കെ ഫോണില്‍ വിളിക്കുമ്പോള്‍ ആ സമയത്ത് എടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും പിന്നീട് തിരിച്ചു വിളിക്കുന്ന പ്രകൃതമാണ്. സുരേന്ദ്രന്‍ ഒരു യുവാവാണ്. അദ്ദേഹത്തില്‍ ഒരു വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ആ പ്രതീക്ഷയെല്ലാം തച്ചുതകര്‍ത്തുകൊണ്ട് തന്ന വാക്ക് പാലിക്കാതെ വഞ്ചിക്കുകയാണ് ചെയ്തത്. ഒരു സമയത്ത് ഞാന്‍ സംസ്ഥാന അധ്യക്ഷനാവണമെന്ന് വരെ രാജഗോപാല്‍ പറഞ്ഞിട്ടുണ്ട്. കാരണം ഞാന്‍ അതിന് പ്രാപ്തമാണ്. തീരുമാനം കളക്ടീവാണ്. അന്ന് പോലും അങ്ങനെയൊരു പരിഗണന വന്നയാളാണ് ഞാന്‍. യാതനയുടേയും വേദനയുടേയും വലിയ പടവുകള്‍ ചവിട്ടി കയറി ഇത്രയും കാലം പ്രവര്‍ത്തിച്ചു. നമ്മള്‍ മക്കളെ വളര്‍ത്തുന്നത് മക്കള്‍ നന്നായി വളരണമെന്നുള്ളത് കൊണ്ടാണ്. ആ മക്കള്‍ നല്ല നിലയില്‍ വരുമ്പോള്‍ അച്ഛനേയും അമ്മയേയും വൃദ്ധസദനത്തില്‍ ആക്കുന്നത് പോലെ ഒട്ടേറെ പേര്‍ ഇന്ന് ദുഃഖിക്കുന്നു. എന്റെ മണ്ഡലം പെരുമ്പാവൂരാണ്. സംസ്ഥാന അധ്യക്ഷന്‍ അവിടെ വരുമ്പോള്‍ ടെലിഫോണ്‍ കോള്‍ ചെയ്യാം. എട്ട് മാസക്കാലമായി അദ്ദേഹത്തിന്റെ ഫോണ്‍കോള്‍ എനിക്ക് വന്നിട്ടില്ല. പലപ്പോഴായി ഈ ആവലാതി പറയാന്‍ അേേദ്ദഹത്തെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ എടുത്തിട്ടില്ല. സംഘടനാ സംവിധാനം അനുസരിച്ച് സെക്രട്ടറിമാര്‍ സംഘം നിയോഗിക്കുന്ന പ്രചാരകന്മാരാണ്. അവരെയാണ് വിളിച്ച് കാര്യം പറയുക. എന്നാല്‍ അവരുടെ പ്രതികരിക്കാതെയായി. അമ്പത് വര്‍ഷം ഒരേ ആശയം പേറികൊണ്ട് ആ ആശയത്തിന് വേണ്ടി പോരാടി. ഈ സമയത്തും ശബരിമല വിഷയം വന്നപ്പോള്‍ പാര്‍ട്ടി തിരുവനന്തപുരത്ത് പോയി നിരാഹാരം കിടക്കാന്‍ പറഞ്ഞു. എന്തേ നിരവധി ദളിതന്മാര്‍ ഉണ്ടായിട്ടും അവരെ കിടത്തിയില്ല. ഞാന്‍ ഇതില്‍ വിമൂകത കാട്ടി രാജഗോപാലിനെ വിളിച്ചു. എന്നാല്‍ പാര്‍ട്ടി തീരുമാനം ഞാന്‍ നിരാഹാരം കിടക്കണം എന്നായിരുന്നു പ്രതികരണം. 7 ദിവസമേ കിടക്കൂവെന്ന് ഡിമാന്‍ഡ് വെച്ചു. പാര്‍ട്ടി പറഞ്ഞകാര്യങ്ങലെല്ലാം അനുസരിച്ചിട്ടുണ്ട്.

എന്നാല്‍ ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ പല പ്രസ്ഥാനങ്ങളിലും പോയി എല്ലാ ആനുകൂല്യങ്ങളും കൈപറ്റി അതെല്ലാം വലിച്ചെറിഞ്ഞ് ബിജെപിയിലേക്ക് വരുന്നവരെ സ്വീകരിക്കുമ്പോള്‍ ഈ പ്രസ്ഥാനത്തിന് വേണ്ടി ചോരയും നീരും ഒഴുക്കിയവരെ ചവിട്ടിപുറത്താക്കുന്ന നടപടിയാണുള്ളത്. അത് കേരളത്തില്‍ മാത്രമെ കാണുള്ളു. എന്നെ പോലുള്ള നിരവധി പേര്‍ ഇന്ന് പാര്‍ട്ടിയില്‍ ദുഃഖിതരാണ്. ഇതെല്ലാം പറയേണ്ട ഒരു ആസ്ഥാനം സംസ്ഥാന അധ്യക്ഷനാണ്. ആ അധ്യക്ഷന്‍ അതിന് തയ്യാറാകാതെ വന്നാല്‍ എന്ത് ചെയ്യും. വേറെ വഴികളൊന്നുമില്ല.

യോഗ്യതയുടെ അടിസ്ഥാനത്തിലാണ് ഭാരവാഹികളെ നിശ്ചയിക്കുന്നതെന്നാണ് കെ സുരേന്ദ്രന്‍ പറഞ്ഞത്. സഹഭാരവാഹികളെ യോഗ്യതയില്ലാത്തവര്‍ എന്ന നിലയിലാണോ കെ സുരേന്ദ്രന്‍ കാണുന്നത്?

യോഗ്യതയുടെ മാനദണ്ഡം എന്ന് ചോദിച്ചാല്‍ എനിക്ക് പറയാനുള്ള മറുപടി പാര്‍ട്ടിയുടെ നയരൂപീകരണ രംഗത്ത് വിദ്യാസമ്പന്നരായിട്ടുള്ളവര്‍ വരണമെന്നാണ് കെജി മാരാര്‍ എന്നെ പറഞ്ഞു പഠിപ്പിച്ചിട്ടുള്ളത്. അതിനെ അംഗീകരിക്കുന്നു. രാഷ്ട്രീയ രംഗത്ത് യോഗ്യതയുടെ ആവശ്യമില്ല. കെ കരുണാകരനും അച്യൂതാനന്ദനും ഇകെ നായനാരും മുഖ്യമന്ത്രിയായില്ലേ അവരുടെ വിദ്യഭ്യാസയോഗ്യതയെന്തായിരുന്നു. അവരെല്ലാം ജനഹൃദയങ്ങളില്‍ സ്ഥാനംപിടിച്ച നേതാക്കളാണ്. എന്റെ യോഗ്യത കുറവ് എന്താണെന്ന് അധ്യക്ഷന്‍ പറയട്ടെ. എന്റെ യോഗ്യതയില്‍ എനിക്ക് ഒരു അപകര്‍ഷത കുറവുമില്ല. അതാണ് ഞാന്‍ തെരഞ്ഞെടുപ്പില്‍ കാണിച്ചുകൊടുത്തത്.

അവസാനമായി മാവേലിക്കരയില്‍ മത്സരിക്കുമ്പോള്‍ ഞാന്‍ അവിടെ ചെല്ലുമ്പോള്‍ ബിജെപിക്ക് കിട്ടിയ വോട്ട്് 4962 ആണ്. ഞാന്‍ അവിടെയെത്തി കഠിനാധ്വാനം ചെയ്തു. അത് മുപ്പതിഒന്നായിരത്തിലധികം വോട്ടാക്കി. അതാണോ എന്റെ യോഗ്യതക്കുറവ്. മത്സരിച്ച മണ്ഡലങ്ങളിലെല്ലാം ഇരട്ടി വോട്ടാക്കിയിട്ടുണ്ട്. അതാണോയെന്റെ യോഗ്യത കുറവ്.

ദളിതനായത് കൊണ്ടാണ് മാറ്റി നിര്‍ത്തിയത് എന്ന് തോന്നുന്നുണ്ടോ?

ദളിതനായത് കൊണ്ടാണ് എന്ന് തോന്നുന്നില്ല. അങ്ങനെയാണെങ്കില്‍ ഞാന്‍ ഈ സ്ഥാനത്തേക്ക് ഉയര്‍ന്നു വരില്ലല്ലോ. എന്റെ കഴിവ് അനുസരിച്ചാണ് പികെ കൃഷ്ണദാസിന്റെ സമയത്ത് പട്ടിക ജാതി സമൂഹത്തിന്റെ നേതൃനിരയെ ഒരുമിച്ച് വിളിച്ചുകുട്ടാന്‍ എന്നോട് ആവശ്യപ്പെടില്ലല്ലോ. ഞാനൊരു പരിശ്രമം നടത്തി. 45 പട്ടികജാതി സംഘടനകളെ ഒരു മേശക്ക് ചുറ്റുമിരുത്താന്‍ എനിക്ക് സാധിച്ചു.

പിഎം വേലായുധന്റെ ഭാവി പരിപാടി എന്താണ്?

നേതൃത്വം ഇടപെട്ട് തെറ്റ് തിരുത്തണം. പരാതികള്‍ കേട്ട് തെറ്റ് തിരുത്താന്‍ അവര്‍ തയ്യാറാവണം.

ഇത്തരം പ്രവര്‍ത്തികള്‍ വേദനയുണ്ടാക്കുന്നുണ്ടോ?

എനിക്ക് വല്ലാത്ത വേദനയുണ്ട്. ഇത്തവണ സംഘടനാ രംഗത്ത് ഭാരവാഹി ആയിരിക്കില്ലായെന്ന് നേരിട്ട് പറയാമായിരുന്നു. ഒന്നു പറഞ്ഞ് മറ്റൊന്ന് ചെയ്യാന്‍ പാടില്ല. അതിനെയാണ് വഞ്ചനായെന്ന് പറയുന്നത്. അത് എന്റെ മാത്രമല്ല. കെപി ശ്രീശന്‍ ജിവിച്ചിരിപ്പുണ്ട്. സുരേന്ദ്രനേക്കാള്‍ മുന്നേ യുവമോര്‍ച്ചാ അധ്യക്ഷനായിരുന്നു കെപി ശ്രീശന്‍. അദ്ദേഹവും നിരവധി മര്‍ദനങ്ങള്‍ക്കിരയായിട്ടുണ്ട്. ഞങ്ങളെയൊക്കെ നായയെ തല്ലുമ്പോലെ തല്ലുമ്പോള്‍ ഞങ്ങള്‍ വിളിച്ചത് ഭാരത് മാതാകി ജയ് എന്നാണ്. ആ മുദ്രാവാക്യം ഞങ്ങളെ വളര്‍ത്തുകയാണ് ചെയ്തത്. നിരവധി ആനൂകൂല്യങ്ങളുമായി പല പാര്‍ട്ടികളും എന്റേ അടുത്ത് വന്നിട്ടുണ്ട്. അതൊന്നും ഇപ്പോള്‍ തുറന്ന് പറയുന്നില്ല. അതില്‍ പലരും ഇന്നും ജീവിച്ചിരിപ്പുണ്ട്. നീണ്ട അമ്പത് വര്‍ഷക്കാലം ഒരു പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച് ഈ അനുഭവമണെങ്കില്‍ നമ്മള്‍ എന്തു ചെയ്യും.

ശോഭാ സുരേന്ദ്രനെപോലുള്ളവര്‍ക്കെതിരെ വ്യവസായിയുടെ കൂടെ ഒളിച്ചോടിപോയി എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. വ്യക്തിപരമായി ഒരു ആക്ഷേപവും കേള്‍ക്കാത്ത ഒരു വനിതാ നേതാവിനെ സാമൂഹ്യമാധ്യമങ്ങളില്‍ ആക്ഷേപിക്കുന്ന ഗുരുതര പ്രശ്‌നം ഇവിടെ ഉന്നയിക്കപ്പെടുന്നില്ലേ?

അതിന്റെ മറുപടി ശോഭാ സുരന്ദ്രന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ശോഭാ സുരേന്ദ്രനും വളരെകുട്ടികാലത്ത് ഈ പ്രസ്ഥാനത്തിലേക്ക് ഇറങ്ങി വന്നതാണ്. പത്തമ്മ ചമഞ്ഞ് വന്നാലും പെറ്റമ്മയോടെ ഒക്കൂലയെന്ന് പറഞ്ഞത് പോലെ കേരള ബിജെപിയില്‍ എത്ര സ്ത്രീകള്‍ അണിഞ്ഞൊരുങ്ങി വന്നാലും ശോഭക്ക് പകരം വെക്കാന്‍ മേെറ്റാരു ശോഭ കേരളത്തിലെ ബിജെപിയില്‍ വളര്‍ന്നിട്ടില്ല.

കുമ്മനം രാജശേഖരന്‍, പിഎം വേലായുധന്‍, പികെ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെയൊന്നും പരിഗണിക്കാതെ എപി അബ്ദുള്ള കുട്ടി, ടോം വടക്കന്‍ ഉള്‍പ്പെടെയുള്ളവരെ ദേശീയ തലത്തിലേക്ക് ഉയര്‍ത്തുന്നു. ബിജെപിയില്‍ ഇതൊക്കെ എങ്ങനെ സാധിക്കുന്നു?

അതിന്റെ മറുപടി നേരത്തെ തന്നെ ലളിതമായ ഭാഷയില്‍ പറഞ്ഞതാണ്. വന്ന വെള്ളം നിന്ന വെള്ളത്തെ കൊണ്ടു പോകുന്ന അവസ്ഥയാണിത്.

വേണ്ടപ്പോള്‍ മുന്നില്‍ നിര്‍ത്തുകയും അവസരങ്ങള്‍ വരുമ്പോള്‍ മാറ്റി നിര്‍ത്തുകയും ചെയ്യുന്നു. ആ പാര്‍ട്ടിയോട് എങ്ങനെയാണ് പിന്നീട് യോജിച്ച് പോകാന്‍ കഴിയുക?

പാര്‍ട്ടിയുടെ നയത്തിലല്ലല്ലോ പ്രശ്‌നങ്ങള്‍. പാര്‍ട്ടി നയം വളരെ മികച്ചതാണ്. അതിനെ നെഞ്ചോട് പിടിക്കുന്ന എളിയ ബിജെപി പ്രവര്‍ത്തകനാണ് ഞാന്‍. പക്ഷെ വ്യക്തികളിലാണ് പേരായ്മ. ഈ ആശയത്തേയും ആദര്‍ശത്തേയും കാറ്റില്‍ പറത്തികൊണ്ട് ആ വ്യക്തികള്‍ക്ക് തോന്നുന്ന മാതിരി മുന്നോട്ട് പോകുന്നത് അപകടമാണെന്നാണ് ഞാന്‍ സൂചിപ്പിക്കുന്നത്.

പുതിയ സംസ്ഥാന അധ്യക്ഷന്റെ കാര്യത്തില്‍ എന്താണ് താങ്കളുടെ നിലപാട്?

സംസ്ഥാന അധ്യക്ഷന്‍ തെറ്റ് തിരുത്തി മുന്നോട്ട് പോകാന്‍ തയ്യാറാവണം.അധ്യക്ഷന്‍ എന്ന വിലയില്‍ സുരേന്ദ്രന്റെ കഴിവിനേയും കഴിവ് കേടിനെയൊന്നും ചെറുതായി കാണുന്നില്ല. സുരേന്ദ്രന്‍ ജയിലില്‍ കിടക്കുമ്പോള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി സാന്ത്വനപ്പെടുക്കിയ ആളാണ് ഞാന്‍. സുരേന്ദ്രന് വേണ്ടf ഒട്ടേറെ പൊലീസ് ഉദ്യോഗസ്ഥരുമായി വാക്ക് തര്‍ക്കമുണ്ടാക്കിയയാളാണ് ഞാന്‍. കാരണം സുരേന്ദ്രനെ കൈകാര്യം ചെയ്യണമെന്ന തീരുമാനം തന്നെയായിരുന്നു ഇടത് പക്ഷ ഗവണ്‍മെന്റിന്. അതിനെതിരെ ഞാന്‍ പൊലീസ് ഓഫീസറുമായി വാക്ക് പോരാട്ടം നടത്തിയിട്ടുണ്ട്. സുരേന്ദ്രന് ഒരു പോറല്‍ പോലും സംഭവിക്കരുത്, അങ്ങനെ സംഭവിച്ചാല്‍ കേരളം കത്തുമെന്ന് പറഞ്ഞ എളിയ പ്രവര്‍ത്തകനാണ് ഞാന്‍. എന്തുകൊണ്ടാണ് സുരേന്ദ്രന് ഇപ്പോള്‍ ഇങ്ങനെ സംഭവിച്ചതെന്ന് എനിക്ക് അറിയില്ല. ഒരു വാക്ക് തര്‍ക്കവും ഞങ്ങള്‍ തമ്മില്‍ ഉണ്ടായിട്ടില്ല. സുരേന്ദ്രന്‍ പ്രസിഡണ്ടായപ്പോള്‍ എന്നെയൊക്കെ ചവിട്ടുന്നുവെന്നതിന്റെ മറുപടി സുരേന്ദ്രനാണ് പറയേണ്ടത്. രണ്ട് സംഘടനാ സെക്രട്ടറിമാര്‍ എട്ട് മാസമായി എന്നെ വിളിച്ചിട്ടില്ല. എന്റെ വിഷമവും വേദനയും ചെറുതല്ല. എനിക്ക് ഒന്നും വേണ്ട. എന്നെ തഴയാതിരുന്നാല്‍ മതി.

കെ സുരേന്ദ്രന്‍ അധ്യക്ഷനായി വന്ന ശേഷം ഘടകക്ഷികളില്‍ തന്നെ കൊഴിഞ്ഞുപോക്കുണ്ട്. പിസി തോമസ് പൂര്‍ണമായും എന്‍ഡിഎ വിട്ട് കഴിഞ്ഞിരിക്കുന്നു. ബിഡിജെഎസ് വിടാന്‍ ഒരുങ്ങുന്നുവെന്ന സൂചനകള്‍ തന്ന് കഴിഞ്ഞു. ആലത്തൂരില്‍പ്രസിഡണ്ടും മുന്‍ ജില്ലാ കമ്മിറ്റി അംഗവും അടക്കമുള്ളവര്‍ പാര്‍ട്ടി വിട്ടു പോകുന്നു. ഇതെന്താണ് നേതൃത്വം മനസിലാക്കാത്തത്?

അഹങ്കാരവും അഹന്തയും ഇവിടെ താഴെവെക്കണം. ബിജെപി ആരുടേയും തറവാട് സ്വത്തല്ല. ഇതൊരു വലിയ ജനകൂട്ടത്തിന്റെ ചോരയും നീരുമാണ് ഈ പ്രസ്ഥാനം. ഇന്ന് നിങ്ങള്‍ക്ക് ഇതൊക്കെയുണ്ടാവും. എന്നാല്‍ ഇതൊന്നും ഇല്ലാത്ത കാലത്ത് ഓരോ വീട്ടില്‍ കയറി അവര്‍ തരുന്ന ഭക്ഷണം കഴിഞ്ഞ അവിടെ അന്തി ഉറങ്ങി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചവനാണ് ഞാന്‍. എനിക്ക് വേദനയുണ്ട്. ഞാന്‍ ഇതൊക്കെ ആരോട് പറയാനാ. സംസ്ഥാന അധ്യക്ഷനോടാണ് പറയേണ്ടത്. അവര്‍ കേട്ടില്ലെങ്കില്‍ സംഘടനാ സെക്രട്ടറിയോടാണ് പറയേണ്ടത്. അവരും കേള്‍ക്കാതെ വന്നാല്‍ നമ്മള്‍ എന്തുചെയ്യണം.

താങ്കളെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാനുള്ള സുരേന്ദ്രന്റെ പദ്ധതി എന്തിനാണ്?

എനിക്കും ആലോചിച്ചിട്ട് പിടികിട്ടുന്നില്ല. ഞാന്‍ ഇപ്പോള്‍ വൃദ്ധസദനത്തിലാണ്. എന്നെ എന്തിന് മാറ്റുന്നുവെന്ന മറുപടി അവരാണ് പറയേണ്ടത്.

കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം വരുന്നത് വരെ കാത്തുനില്‍ക്കാനാണോ പരിപാടി?

പാര്‍ട്ടിക്ക് ഒരു ഘടകമില്ലെങ്കില്‍ മറ്റൊരു ഘടക മുണ്ടല്ലോ.

പാര്‍ട്ടിവിടാന്‍ ആഗ്രഹിക്കുന്നില്ലേ?

ഇപ്പോള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല

മറ്റ് പാര്‍ട്ടികളില്‍ നിന്നും ഓഫറുകളുണ്ടോ?

പറയാന്‍ പറ്റില്ല

Next Story