Top

ഇത്തവണ ബിജെപി നേതാവ് രക്ഷപ്പെടില്ല; ഐജി ശ്രീജിത്ത് ‘കണ്ണടച്ച’ ശാസ്ത്രീയ തെളിവുകള്‍

കണ്ണൂര്‍ പാലത്തായി പീഡനക്കേസില്‍ കുട്ടിയുടെ അധ്യാപകനും ബിജെപി നേതാവുമായ് കുനിയില്‍ പത്മരാജന്‍ പ്രതിയാണെന്ന് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകള്‍ പുറത്ത്. ബിജെപി തൃപ്പങ്ങോട്ടൂര്‍ മുന്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും സംഘപരിവാര്‍ അനുകൂല അദ്ധ്യാപക സംഘടനയായ എന്‍ടിയുവിന്റെ ജില്ലാ നേതാവുമാണ് പ്രതി പത്മരാജന്‍. 2020 ജനുവരിയിലാണ് പത്മരാജന്റെ വിദ്യാര്‍ത്ഥിനിയായിരുന്ന ഒമ്പത് വയസുകാരി പീഡനത്തിന് വിധേയയായെന്ന പരാതി പോലീസിന് ലഭിക്കുന്നത്. സ്‌കൂളിലെ ശുചിമുറിയില്‍വെച്ച് അധ്യാപകനായ പത്മരാജന്‍ പീഡിപ്പിച്ചെന്നായിരുന്നു പരാതി. ആദ്യം പാനൂര്‍ പോലീസ് അന്വേഷിച്ച കേസില്‍ മാര്‍ച്ച് 17 ന് പോക്‌സോ […]

27 May 2021 6:52 AM GMT
അനുപമ ശ്രീദേവി

ഇത്തവണ ബിജെപി നേതാവ് രക്ഷപ്പെടില്ല; ഐജി ശ്രീജിത്ത് ‘കണ്ണടച്ച’ ശാസ്ത്രീയ തെളിവുകള്‍
X

കണ്ണൂര്‍ പാലത്തായി പീഡനക്കേസില്‍ കുട്ടിയുടെ അധ്യാപകനും ബിജെപി നേതാവുമായ് കുനിയില്‍ പത്മരാജന്‍ പ്രതിയാണെന്ന് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകള്‍ പുറത്ത്. ബിജെപി തൃപ്പങ്ങോട്ടൂര്‍ മുന്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും സംഘപരിവാര്‍ അനുകൂല അദ്ധ്യാപക സംഘടനയായ എന്‍ടിയുവിന്റെ ജില്ലാ നേതാവുമാണ് പ്രതി പത്മരാജന്‍.

2020 ജനുവരിയിലാണ് പത്മരാജന്റെ വിദ്യാര്‍ത്ഥിനിയായിരുന്ന ഒമ്പത് വയസുകാരി പീഡനത്തിന് വിധേയയായെന്ന പരാതി പോലീസിന് ലഭിക്കുന്നത്. സ്‌കൂളിലെ ശുചിമുറിയില്‍വെച്ച് അധ്യാപകനായ പത്മരാജന്‍ പീഡിപ്പിച്ചെന്നായിരുന്നു പരാതി.

ആദ്യം പാനൂര്‍ പോലീസ് അന്വേഷിച്ച കേസില്‍ മാര്‍ച്ച് 17 ന് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുകയായിരുന്നു. എന്നാല്‍ അന്വേഷണത്തിനിടെ ബിജെപി പ്രാദേശിക നേതൃത്വത്തിന്റെ പിന്തുണയോടെ പ്രതി ഒളിവില്‍ പോയതോടെ ദീര്‍ഘകാലം പൊലീസ് ഇരുട്ടില്‍ തപ്പി.

പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് ഒരു മാസത്തിന് ശേഷവും പ്രതിയെ പിടികൂടാനാകാത്ത പൊലീസ് നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയരുകയുണ്ടായി. ബിജെപി നേതാവിനെ രക്ഷപ്പെടുത്താനുള്ള ആസൂത്രിത നീക്കമാണ് പൊലീസ് നടപടിക്ക് പിന്നിലെന്ന് ആരോപിച്ച് ജനകീയ പ്രക്ഷോഭങ്ങള്‍ ശക്തമായതോടെ 2020 ഏപ്രില്‍ 15ന് ഒളിവില്‍ കഴിയുകയായിരുന്ന പത്മരാജനെ തലശേരി പൊയിലൂരിലെ ബന്ധുവീട്ടില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു.

പത്മരാജന്‍ അറസ്റ്റിലായെങ്കിലും കുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്നായിരുന്നു പൊലീസിന്റെ റിപ്പോര്‍ട്ട്. ഗൈനക്കോളജിസ്റ്റ് പരിശോധനയില്‍ പീഡനം സ്ഥിരീകരിച്ചിട്ടും കുട്ടിയുടെ മാനസിക നിലയില്‍ സംശയം ഉണ്ടെന്ന് പറഞ്ഞ് പൊലീസ് പത്തുവയസ്സുകാരിയെ കോഴിക്കോട് കൊണ്ടുപോയി മനശ്ശാസ്ത്ര വിദഗ്ധരെ കൊണ്ട് പരിശോധിപ്പിക്കുകയും ചെയ്തിരുന്നു.

പിന്നാലെ കേസ് അന്വേഷിച്ച ക്രൈബ്രാഞ്ച് പോക്‌സോ, ബലാത്സംഗ കുറ്റങ്ങള്‍ ഒഴിവാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 82ാം വകുപ്പ് ചുമത്തിയായിരുന്നു ക്രൈംബ്രാഞ്ച് സംഘം തലശ്ശേരി പോക്‌സോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. തുടര്‍ന്ന് തെളിവുകളുടെ അഭാവത്തില്‍ ജൂലൈ 16ന് പോക്‌സോ കോടതി പ്രതിയെ ജാമ്യത്തില്‍ വിട്ടു. ഇതിനെതിരെ പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. തുടര്‍ന്ന് പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യവുമായി മാതാവ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു.

പിന്നീട് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കേസ് എറ്റെടുത്ത ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലെ പ്രത്യേകസംഘമാണ് പിന്നീട് അന്വേഷണം നടത്തിയത്. പീഡനം നടന്നിട്ടില്ലെന്നും കുട്ടി പറഞ്ഞത് വിശ്വസിക്കാന്‍ കഴിയില്ലെന്നുമായിരുന്നു ഈ അന്വേഷണസംഘത്തിന്റെയും കണ്ടെത്തല്‍. കുട്ടിയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് ആവര്‍ത്തിച്ച റിപ്പോര്‍ട്ടില്‍ കുട്ടിയ്ക്ക് നുണ പറയുന്ന ശീലവും വിചിത്ര ഭാവനകളും ഉണ്ടെന്ന് ആരോപിച്ചു.

ഇതിനിടെ, ഐജി എസ് ശ്രീജിത്തിന്റെ ഒരു ഫോണ്‍ കോള്‍ പുറത്തു വന്നതും വിവാദത്തിനിടയാക്കി. പ്രതിക്ക്് അനുകൂലമാകും വിധം കേസ് വിവരങ്ങള്‍ ഒരു അപരിജിതനുമായി ഫോണില്‍ പങ്കുവച്ച ശ്രീജിത്ത് കുട്ടിയുടെ രഹസ്യമൊഴി അടക്കം പുറത്തുവിട്ട് സുപ്രീം കോടതി ഉത്തരവ് ലംഘിച്ചു. പിന്നാലെ ശ്രീജിത്തിന്റെ സംഘപരിവാര്‍ ബന്ധം വ്യക്തമാക്കുന്ന വിവരങ്ങളും പുറത്തുവന്നു.

ബിജെപി നേതാവായ പ്രതിയെ ഐജി ശ്രീജിത്ത് സഹായിച്ചുവെന്ന് ഒരുഘട്ടത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു. തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമങ്ങളും കുട്ടിയുടെ മൊഴിയുമായി ബന്ധപ്പെട്ടും കൂടുതല്‍ അന്വേഷണം നടത്താന്‍ ശ്രീജിത്ത് തയ്യാറായില്ല. ഐജിയുടെ നീക്കങ്ങള്‍ പ്രതിയെ സഹായിക്കാനാണെന്ന് സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത് ആഭ്യന്തര മന്ത്രി പിണറായി വിജയനുമേലും സമ്മര്‍ദ്ദങ്ങളുയര്‍ത്തി.

തുടര്‍ന്ന് ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്നും ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജിയില്‍ പുതിയ സംഘത്തെ നിയോഗിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഈ ഉത്തരവ് പ്രകാരമാണ് മൂന്നാമത്തെ അന്വേഷണസംഘം കേസ് ഏറ്റെടുത്തത്.

ഐജി ഇ ജെ. ജയരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസില്‍ വിശദമായ അന്വേഷണം നടത്തി പത്മരാജനെതിരായ നിര്‍ണ്ണായക തെളിവുകള്‍ പുറത്തുകൊണ്ടുവന്നത്. സാക്ഷികളില്ലാത്ത കേസില്‍ കൂട്ടിയുടെ മൊഴിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. രണ്ട് വനിതാ ഐപിഎസ് ഉദ്യോഗസ്ഥരും അടങ്ങിയ ഈ സംഘം കോടതി നിര്‍ദേശപ്രകാരം പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി ഓഡിയോ രൂപത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.

അന്വേഷണസംഘം സ്‌കൂളിലെ ശുചിമുറിയില്‍വെച്ച് അധ്യാപകനായ പത്മരാജന്‍ പീഡിപ്പിച്ചെന്ന കുട്ടിയുടെ മൊഴി ശാസ്ത്രീയമായി തെളിയിച്ചു. പീഡനത്തെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടായെന്ന കുട്ടിയുടെ മൊഴി പ്രകാരം ശുചിമുറിയിലെ ടൈലുകളും മണ്ണും ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കി ശുചിമുറിയിലെ ടൈലുകളില്‍ നിന്ന് രക്തക്കറ കണ്ടെത്തി. പീഡനവിവരം പുറത്തുപറഞ്ഞാല്‍ അച്ചന്‍ മരണപ്പെട്ട കുട്ടിയേയും മാതാവിനെയും കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയെന്ന കുട്ടിയുടെ മൊഴിയും റിപ്പോര്‍ട്ടില്‍ ചേര്‍ക്കുന്നു. അധികം വൈകാതെ തന്നെ തലശ്ശേരി പോക്‌സോ കോടതിയില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കും.

അതേസമയം, പ്രതി കുറ്റക്കാരനാണെന്ന് സ്ഥിരീകരിക്കുന്ന ഘട്ടത്തിലും ഗൂഢാലോചന ആരോപണമുയര്‍ത്തുന്ന നിലപാടാണ് ബിജെപി പ്രാദേശികഘടകം സ്വീകരിച്ചിരിക്കുന്നത്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പത്മരാജന്റെ ഭാര്യ മുഖ്യമന്ത്രിക്ക് കത്തുമയച്ചിട്ടുണ്ട്.

Next Story

Popular Stories