‘ബിജെപി ജനങ്ങളിലേക്കിറങ്ങി പ്രവര്‍ത്തിക്കുന്നില്ല’; സംസ്ഥാന നേതൃത്വത്തോടുള്ള എതിര്‍പ്പ് പരസ്യമാക്കി നേതാവ് ബിജെപി വിട്ട് എന്‍സിപിയിലേക്ക്
രണ്ട് ദശാബ്ദക്കാലമായി സുധീഷ് ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയായിരുന്നു.
27 May 2021 3:32 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ബിജെപി സംസ്ഥാനനേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളോടുള്ള അതൃപ്തിയെത്തുടര്‍ന്ന് ബിജെപി മലപ്പുറം ജില്ലാ ഭാരവാഹി പാര്‍ട്ടി വിട്ട് എന്‍സിപിയില്‍ ചേര്‍ന്നു. ബിജെപി ജില്ലാ കമ്മിറ്റി അംഗവും മുന്‍ കാളികാവ് മണ്ഡലം പ്രസിഡന്റുമായ എംടി സുധീഷാണ് ബിജെപിയില്‍ നിന്ന് രാജിവെച്ചത്. താഴെത്തട്ടിലെ ജനങ്ങളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനായാണ് എന്‍സിപി പോലെ ആദര്‍ശമുള്ള ഒരു പാര്‍ട്ടിയില്‍ പ്രവേശിക്കുന്നതെന്ന് സുധീഷ് വാര്‍ത്താസമ്മേളനത്തിലൂടെ വ്യക്തമാക്കി.
താഴെത്തട്ടിലുള്ള ജനങ്ങളിലേക്കിറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ലെന്ന് സുധീഷ് കുറ്റപ്പെടുത്തി. ജില്ലാ സെക്രട്ടറി കണ്ണിയന്‍ കരീം, ബ്ലോക്ക് പ്രസിഡന്റ് കുട്ട്യാമ്മു, മണ്ഡലം പ്രസിഡന്റ് കെ റഹ്മത്തുള്ള എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് സുധീഷ് എന്‍സിപി പ്രവേശനം സംബന്ധിച്ച് തീരുമാനമെടുത്തത്.
രണ്ട് ദശാബ്ദക്കാലമായി സുധീഷ് ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയായിരുന്നു. നീണ്ട കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തന പരിചയം എന്‍സിപിയില്‍ ചേര്‍ന്ന ശേഷം ജനങ്ങള്‍ക്കായി ഗുണകരമായ രീതിയില്‍ പ്രയോജനപ്പെടുത്തുമെന്ന് സുധീഷ് ഉറപ്പുനല്‍കി. പൊതുപ്രവര്‍ത്തനത്തിന്റെ ഈ പുതിയ ഘട്ടത്തിലേക്ക് താന്‍ വളരെ ആത്മവിശ്വാസത്തോടെയാണ് ചുവടുവെക്കുന്നതെന്നും സുധീഷ് കൂട്ടിച്ചേര്‍ത്തു.
- TAGS:
- BJP Kerala
- NCP