Top

രജനി പാര്‍ട്ടിയുടെ ചീഫ് കോര്‍ഡിനേറ്റര്‍ മുന്‍ ബിജെപി നേതാവ്; സഖ്യത്തിന് തയ്യാറെന്ന് തമിഴ്‌നാട് ബിജെപി

ചെന്നൈ: രജനികാന്തിന്റെ പാര്‍ട്ടിയുടെ ചീഫ് കോര്‍ഡിനേറ്ററായി ബിജെപി മുന്‍ നേതാവ് അര്‍ജുന മൂര്‍ത്തിയെ നിയമിച്ചു. ബിജെപിയില്‍ നിന്ന് രാജിവച്ചാണ് അര്‍ജുന മൂര്‍ത്തി രജനിക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള തീരുമാനമെടുത്തത്. ഡിസംബര്‍ 31ന് പാര്‍ട്ടി രൂപികരിക്കുമെന്ന് രജനി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചീഫ് കോര്‍ഡിനേറ്ററായി അര്‍ജുന മൂര്‍ത്തിയെ നിയമിച്ചെന്ന വിവരവും മാധ്യമങ്ങളെ അറിയിച്ചത്. രജനിയുടെ സോഷ്യല്‍മീഡിയ പേജുകളും അക്കൗണ്ടുകളും ഇനി അര്‍ജുനമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൈകാര്യം ചെയ്യുക. രജനിയുടെ പാര്‍ട്ടിയുടെ ചീഫ് കോര്‍ഡിനേറ്ററായി ചുമതലയേറ്റ വിവരം അര്‍ജുനമൂര്‍ത്തി ട്വിറ്ററിലൂടെ അറിയിച്ചു. രജനികാന്തുമൊത്തുള്ള ഫോട്ടോ […]

3 Dec 2020 6:51 AM GMT

രജനി പാര്‍ട്ടിയുടെ ചീഫ് കോര്‍ഡിനേറ്റര്‍ മുന്‍ ബിജെപി നേതാവ്; സഖ്യത്തിന് തയ്യാറെന്ന് തമിഴ്‌നാട് ബിജെപി
X

ചെന്നൈ: രജനികാന്തിന്റെ പാര്‍ട്ടിയുടെ ചീഫ് കോര്‍ഡിനേറ്ററായി ബിജെപി മുന്‍ നേതാവ് അര്‍ജുന മൂര്‍ത്തിയെ നിയമിച്ചു. ബിജെപിയില്‍ നിന്ന് രാജിവച്ചാണ് അര്‍ജുന മൂര്‍ത്തി രജനിക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള തീരുമാനമെടുത്തത്. ഡിസംബര്‍ 31ന് പാര്‍ട്ടി രൂപികരിക്കുമെന്ന് രജനി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചീഫ് കോര്‍ഡിനേറ്ററായി അര്‍ജുന മൂര്‍ത്തിയെ നിയമിച്ചെന്ന വിവരവും മാധ്യമങ്ങളെ അറിയിച്ചത്. രജനിയുടെ സോഷ്യല്‍മീഡിയ പേജുകളും അക്കൗണ്ടുകളും ഇനി അര്‍ജുനമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൈകാര്യം ചെയ്യുക. രജനിയുടെ പാര്‍ട്ടിയുടെ ചീഫ് കോര്‍ഡിനേറ്ററായി ചുമതലയേറ്റ വിവരം അര്‍ജുനമൂര്‍ത്തി ട്വിറ്ററിലൂടെ അറിയിച്ചു. രജനികാന്തുമൊത്തുള്ള ഫോട്ടോ പങ്കുവെച്ചാണ് അര്‍ജുനമൂര്‍ത്തി ഇക്കാര്യം അറിയിച്ചത്. ‘പ്രസിഡന്റിന് ആത്മാര്‍ഥമായ നന്ദി അറിയിക്കുന്നു’വെന്നാണ് അര്‍ജുനമൂര്‍ത്തി ട്വിറ്ററില്‍ കുറിച്ചത്.

ബിജെപി ദേശീയ നേതാക്കളുമായി അടുത്തബന്ധമുള്ള വ്യക്തിയാണ് അര്‍ജുനമൂര്‍ത്തി. മൂര്‍ത്തിയുടെ പെട്ടെന്നുള്ള പാര്‍ട്ടി മാറ്റവും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കാരു നാഗരാജന്‍ വിശദീകരണങ്ങളില്ലാതെ രാജി സ്വീകരിച്ചതും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചാവിഷയമാണ്. ഇതിനിടെ, രജനികാന്തിന്റെ പാര്‍ട്ടിയുമായി സഖ്യത്തിന് തയ്യാറാണെന്ന് തമിഴ്‌നാട് ബിജെപി നേതൃത്വം അറിയിച്ചു. രജനി മുന്നോട്ടുവച്ച ആശയങ്ങള്‍ ബിജെപിയുമായി യോജിച്ചുപോകുന്നതാണ്. രജനി പിന്തുണയ്ക്കുമെന്നാണ് കരുതുന്നതെന്നും ബിജെപി നേതാക്കള്‍ അറിയിച്ചു.

തമിഴ്നാട്ടില്‍ അടുത്ത തെരഞ്ഞടുപ്പില്‍ ഭരണം പിടിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് ഡിസംബര്‍ 31ന് രജനീകാന്ത് പാര്‍ട്ടി രൂപികരിക്കുമെന്ന് പ്രഖ്യാപിച്ചത്. ”അടുത്ത തെരഞ്ഞെടുപ്പില്‍ അത്ഭുതങ്ങള്‍ സംഭവിക്കും. തമിഴകത്ത് ആത്മീയ രാഷ്ട്രീയം വിജയം കാണും. സംസ്ഥാനത്ത് സുതാര്യവും അഴിമതിരഹിതവുമായ ഭരണം നടത്തും.”- രജനി പറഞ്ഞു. പുതിയ പാര്‍ട്ടി ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും രജനീകാന്ത് വ്യക്തമാക്കി. അടുത്തിടെ ആര്‍.എസ്.എസ് നേതാവ് ഗുരുമൂര്‍ത്തിയുമായി രജനി കൂടിക്കാഴ്ച നടത്തിയത് വലിയ ചര്‍ച്ചയായിരുന്നു. മാത്രമല്ല, ബിജെപിയുമായുള്ള അടുപ്പം പരസ്യമായി പ്രകടിപ്പിച്ച വ്യക്തി കൂടിയാണ് രജനികാന്ത്.

Next Story