Top

‘കുടുംബത്തെ ബലിയാടാക്കി’ ; ഗോപാലകൃഷ്ണനെതിരെ ആരോപണങ്ങളുമായി ബിജെപി നേതാവ് ലളിതാംബിക

ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി തൃശൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ്ും കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായിരുന്ന ഐ ലളിതാംബിക. കുടുംബജീവിതത്തെ പോലും ബാധിക്കുന്ന രീതിയില്‍ അപവാദപ്രചരണങ്ങള്‍ നടത്തുന്നത് കൊണ്ടാണ് കാര്യങ്ങള്‍ വിശദീകരിക്കുന്നതെന്നും ലളിതാംബിക പറഞ്ഞു. ഗോപാലകൃഷ്ണന്റെ ദയനീയ തോല്‍വിക്ക് പിന്നാലെയാണ് ലളിതാംബിക കുടുംബത്തിന് നേരെ സൈബര്‍ ആക്രമണം ആരംഭിച്ചത്. ഐ ലളിതാംബികയുടെ വാക്കുകള്‍: മുഴുവന്‍ വായിക്കണെ????ഇലക്ഷന്‍ സമയത്തും ഇപ്പോഴും ഞാനും നിങ്ങളും കേട്ടുകൊണ്ടിരിക്കുന്ന ചില ചോദ്യങ്ങളും അതിനുള്ള എന്റെ വിശദീകരണവും… എന്തിന് (ആര്‍ക്ക്) വേണ്ടി എന്റെ […]

27 Dec 2020 5:28 AM GMT

‘കുടുംബത്തെ ബലിയാടാക്കി’ ; ഗോപാലകൃഷ്ണനെതിരെ ആരോപണങ്ങളുമായി ബിജെപി നേതാവ് ലളിതാംബിക
X

ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി തൃശൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ്ും കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായിരുന്ന ഐ ലളിതാംബിക. കുടുംബജീവിതത്തെ പോലും ബാധിക്കുന്ന രീതിയില്‍ അപവാദപ്രചരണങ്ങള്‍ നടത്തുന്നത് കൊണ്ടാണ് കാര്യങ്ങള്‍ വിശദീകരിക്കുന്നതെന്നും ലളിതാംബിക പറഞ്ഞു. ഗോപാലകൃഷ്ണന്റെ ദയനീയ തോല്‍വിക്ക് പിന്നാലെയാണ് ലളിതാംബിക കുടുംബത്തിന് നേരെ സൈബര്‍ ആക്രമണം ആരംഭിച്ചത്.

ഐ ലളിതാംബികയുടെ വാക്കുകള്‍: മുഴുവന്‍ വായിക്കണെ????
ഇലക്ഷന്‍ സമയത്തും ഇപ്പോഴും ഞാനും നിങ്ങളും കേട്ടുകൊണ്ടിരിക്കുന്ന ചില ചോദ്യങ്ങളും അതിനുള്ള എന്റെ വിശദീകരണവും…

എന്തിന് (ആര്‍ക്ക്) വേണ്ടി എന്റെ കുടുംബത്തെ ബലിയാടാക്കുന്നു?
എന്റെ വ്യക്തി – കുടുംബ ജീവിതത്തെ പോലും ബാധിക്കുന്ന വിധത്തില്‍ സമൂഹത്തില്‍ അപവാദങ്ങള്‍ പ്രചരിക്കുന്നതിനാലാണ് ഞാന്‍ ഇത് എഴുതുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷം കൗണ്‍സിലര്‍ എന്ന നിലയില്‍ നിങ്ങളിലൊരാളായി നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചതിനാല്‍ പരിമിതികള്‍ക്കുള്ളില്‍ എന്നാലാവും വിധം ആത്മാര്‍ത്ഥത പുലര്‍ത്താന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ഈ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ധാരാളം ആക്ഷേപങ്ങളാണ് എനിക്കെതിരെ .

സീറ്റ് ലഭിക്കാത്തതിന് ഞാന്‍ രാജിവെച്ചു
കഴിഞ്ഞ അഞ്ച് വര്‍ഷം സംഘടന എന്താണോ പറയുന്നത് അത് അനുസരിച്ച് മുഴുവന്‍ സമയവും പ്രവര്‍ത്തിച്ച വ്യക്തിയാണ് ഞാന്‍ .നിലവിലെ കൗണ്‍സിലര്‍മാരില്‍ തുടക്കം മുതലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കാത്ത നേതൃത്വത്തെ പരസ്യമായി അധിക്ഷേപിച്ച കൗണ്‍സിലര്‍മാര്‍ക്ക് പോലും ഈ വര്‍ഷം സീറ്റ് നല്‍കി. രണ്ട് മാസം മുമ്പ് എന്നോട് അഭിപ്രായം ചോദിച്ചപ്പോള്‍ പാര്‍ട്ടി തീരുമാനിക്കുകയാണെങ്കില്‍ മത്സരിക്കാമെന്ന് ഞാന്‍ അറിയിച്ചിരുന്നു .അതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി ജില്ലാ നേതൃത്വം തേക്കിന്‍കാട് ഡിവിഷനിലേക്ക് മണ്ഡലം പ്രസിഡന്റ് എന്റെ പേര് വാങ്ങിയിരുന്നു. തുടര്‍ന്ന് അവിടുത്തെ കാര്യമോ നമ്മുടെ ഡിവിഷനിലെ കാര്യമോ എന്നോട് ചര്‍ച്ച ചെയ്യുകയോ അഭിപ്രായം തേടുകയോ ചെയ്തിട്ടില്ല. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് ശേഷമാണ് ഞാന്‍ അറിയുന്നത്. നമ്മുടെ ഡിവിഷനിലെ ഏക മണ്ഡലം ഭാരവാഹിയായ എന്റെ അഭിപ്രായം പോലും ആവശ്യമില്ലെങ്കില്‍ ഭാരവാഹിയായി ഇരിക്കുന്നത് ശരിയല്ലെന്നത് കൊണ്ടാണ് ഭാരവാഹിത്വം രാജിവെച്ചത് .പാര്‍ട്ടി അംഗത്വമല്ല (രാജിക്കത്ത് ഇതോടൊപ്പം ഉണ്ട് )

രാജി വാര്‍ത്ത വന്നത് ശരിയായില്ല
പൊതുവെ ബി ജെ പിയുടെ നെഗറ്റീവ് വാര്‍ത്തകള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന മാധ്യമങ്ങള്‍ വിവരമറിഞ്ഞ് എന്നെ വിളിച്ചപ്പോള്‍ ഞാന്‍ രാജി വെച്ച കാര്യം സമ്മതിച്ചു എന്നത് ശരിയാണ്, പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചിട്ടില്ലെന്നും സ്വതന്ത്രയായി മത്സരിക്കില്ലെന്നും അറിയിച്ചിരുന്നു. ഇത് ഇത്ര ഗൗരവത്തോടെ എടുക്കുന്ന നിങ്ങളുടെ മുന്നിലേക്ക് മുന്‍ ദിവസത്തെ ഒരു നെഗറ്റീവ് വാര്‍ത്ത കൂടി ഇതോടൊപ്പം വെക്കുന്നു. ഇത് വായിച്ചാല്‍ ഞാനാണ് CPIMന് അനുകൂലമായി നിന്നതെന്നും അതുകൊണ്ട് സംഘ നേതൃത്വം ഇടപെട്ട് എന്നെ മാറ്റി ഗോപാലകൃഷ്ണനെ നിശ്ചയിച്ചു എന്നുമാണ് മനസ്സിലാകുക .ഈ വാര്‍ത്ത എങ്ങനെയാണ് ബിജെപിക്ക് അനുകൂലമാകുന്നത്?

മരുമകന് സീറ്റ് നല്‍കാന്‍ ഇത് കുടുംബ വാഴ്ചയല്ല
എപ്പോഴെങ്കിലും ഇങ്ങനെ ഒരു ആവശ്യം വന്നിട്ടുണ്ടോ?, എന്റെ മരുമകനായ ശ്രീ കേശവദാസ് ഇത്തവണ മത്സരിക്കുന്നില്ലെന്നും പാര്‍ട്ടി ,സംഘ നേതൃത്വങ്ങളോട് ഉണ്ണിയുടെ പേരാണ് നിര്‍ദ്ദേശിച്ചിരുന്നതെന്നും ആര്‍ക്കാണ് അറിയാത്തത്. എന്നിട്ടും സമൂഹത്തില്‍ ഇത്തരം വ്യാജ പ്രചാരണം നടത്തുന്നു.

പല തവണ സംഘടന ആവശ്യപ്പെട്ടിട്ടും ഞാന്‍ രംഗത്ത് വരാഞ്ഞത് ധാര്‍ഷ്ട്യമാണ്
രാജിവെച്ചത് ഉള്‍പ്പെടെയുള്ള ധാരാളം മാനസികപ്രയാസഞള്‍ മൂലം ഇരുന്ന എന്നെ ഒറ്റപ്പെടുത്തുന്ന സമീപനമാണ് സഹപ്രവര്‍ത്തകര്‍ എന്നവകാശപ്പെട്ടിരുന്നവരില്‍ നിന്നും ഉണ്ടായത്. എന്നാല്‍ സം സ്ഥാന അധ്യക്ഷന്‍ അടക്കമുള്ളവര്‍ എന്നെ ആശ്വസിപ്പിക്കുകയും ഞാന്‍ രംഗത്തിറങ്ങാന്‍ തയ്യാറായതുമാണ്. അപ്പോഴാണ് എന്റെ മകന്‍ മനീഷും പ്രസാദും പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് പറഞ്ഞത്. മക്കളെ മാറ്റി നിര്‍ത്തി രംഗത്തിറങ്ങാന്‍ ഏത് അമ്മക്കാണ് സാധിക്കുക. ഇവരെ മാറ്റി നിര്‍ത്താനുള്ള കാരണം ഇതു വരെ എന്നെ ബോധ്യപ്പെടുത്തുവാന്‍ ആരും ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം .

പ്രവര്‍ത്തിക്കാന്‍ ഞാന്‍ ഗോപാലകൃഷ്ണനോട് ഓഫര്‍ (തുക ) ആവശ്യപ്പെട്ടു.
എന്നെയും ഗോപാലകൃഷ്ണനേയും ( ചോദിക്കുന്ന ആളും തരുന്ന ആളും) അറിയാവുന്ന നിങ്ങള്‍ തന്നെ ഇത് പറയണം . എത്ര ചോദിച്ചിട്ടുണ്ടാകും എത്ര തന്നിട്ടുണ്ടാകും എന്ന് നിങ്ങള്‍ തന്നെ ആലോചിച്ച് കണ്ടെത്തൂ, കഷ്ടം, എന്നിട്ട് ഇത് നാട്ടില്‍ മുഴുവന്‍ പറഞ്ഞ് നടക്കുക .

ഏറ്റവും അവസാനം പോലീസില്‍ പരാതി നല്‍കി
എന്റെ കുടുംബത്തില്‍ നടന്ന സ്വകാര്യ പിറന്നാള്‍ ചടങ്ങിന്റെ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ നമ്മുടെ പ്രസ്ഥാനങ്ങള്‍ക്ക് മുഴുവന്‍ ദോഷമാകുന്ന രീതിയില്‍ ദുഷ്പ്രചരണം നടത്തിയതിന് കൃത്യമായ തെളിവുകള്‍ സഹിതം കേശവദാസ് പരാതി നല്‍കിയതാണ് ഇപ്പോള്‍ ശരിയായില്ലെന്ന് പറയുന്നത് .
വസ്തുതകള്‍ മനസ്സിലാക്കാതെ പലരും ഈ വ്യാജ പ്രചരണങ്ങളില്‍ പങ്കാളിയാകുന്നതില്‍ വിഷമമുണ്ട്. ഇന്ന് മാതൃഭൂമി പത്രത്തില്‍ വന്ന വാര്‍ത്തയുടെ നിജസ്ഥിതിയും പരിശോധിക്കപ്പെടേണ്ടതാണ്. മനോരമയില്‍ അന്ന് വന്നതും ഇന്ന് മാതൃഭൂമിയില്‍ വന്നതും നോക്കുമ്പോഴാണ് ആ വാര്‍ത്തകളുടെ ഉറവിടം ഒന്നാണെന്ന തോന്നലുണ്ടാകുന്നത് .
ആരോപണഞള്‍ ഉന്നയിക്കുന്നവര്‍ നിലപാടുകള്‍ മാറാതെ നില്‍ക്കുന്നത് നന്നായിരിക്കും എന്ന് എനിക്ക് തോന്നുന്നു. സീറ്റ് കിട്ടാത്തതു കൊണ്ട് പ്രവര്‍ത്തിക്കാന്‍ വരുന്നില്ല ,ഓഫര്‍ ചോദിച്ചിട്ട് തരാത്തതു കൊണ്ട്, പിന്നീട് റിസല്‍റ്റിന് മുമ്പ് CPM വോട്ട് മറിച്ചു ,LDF ന് വോട്ട് കൂടുതല്‍ കിട്ടിയപ്പോള്‍ ഞാനും എന്റെ കുടുംബവും വോട്ട് മറിച്ചു , പിന്നീട് ഓഫര്‍ തന്ന രൂപ തിരിച്ച് വേണമെന്ന് , ഞങ്ങള്‍ UDF ന് ഒപ്പമാണെന്ന് , ഇപ്പോള്‍ പറയുന്നു LDF ലേക്കെന്ന്. ഇതിലേതിലാണ് നിങ്ങള്‍ ഉറച്ച് നില്‍ക്കുന്നത് ?

തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരം കാര്യങ്ങള്‍ പറഞ്ഞ് പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയകുഴപ്പം ഉണ്ടാക്കണ്ട എന്ന സാമാന്യ മര്യാദ മൂലമാണ് ഇത്രയും ദിവസം ആരേയും ബന്ധപ്പെടാതിരുന്നത്. എന്റെ വ്യക്തി – കുടുംബ ജീവിതത്തെ പോലും ബാധിക്കുന്ന വിധത്തിലായതു കൊണ്ട് ഒരു ഉത്തമ സാമൂഹ്യ പ്രവര്‍ത്തക എന്ന നിലയില്‍ കാര്യങ്ങള്‍ നിങ്ങളെ അറിയിക്കണമെന്ന് തോന്നി. ചില കാര്യങ്ങള്‍ കുത്തിക്കുറിച്ചു എന്ന് മാത്രം. വ്യക്തി ബന്ധങ്ങള്‍ക്ക് ഒരു വിലയും കല്‍പ്പിക്കാത്ത ഇന്നത്തെ സാഹചര്യത്തില്‍ ആ ഒരു വിഷമം പങ്കുവെച്ചു എന്ന് മാത്രം…..
ഒരു സ്ഥാനാര്‍ത്ഥിയെ കുട്ടന്‍കുളങ്ങരയില്‍ കൊണ്ട് വന്നതിലൂടെ നഷ്ടമായത് സംഘടനക്കുള്ളിലെ കൂട്ടയ്മയും കുടുംബത്തുല്യമായ കെട്ടുറപ്പും ആയിരുന്നു. അതീവ ദുഖത്തോടെ ഞാന്‍ നിര്‍ത്തട്ടെ …….
എന്ന്
ഐ ലളിതാംബിക

Next Story