രാജീവ് ചന്ദ്രശേഖറിന് കെ. സുരേന്ദ്രന്റെ അഭിനന്ദനമില്ല; ശോഭാ സുരേന്ദ്രന്റെ ‘സ്പെഷ്യല്‍ മെന്‍ഷന്‍’ മാത്രം
മന്ത്രിസഭാ പുനസംഘടനയില്‍ മന്ത്രിസ്ഥാനം ലഭിച്ച മലയാളി രാജീവ് ചന്ദ്രശേഖറിന് അഭിനന്ദനങ്ങള്‍ അറിയിക്കാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ചാനല്‍ ഉടമയും വ്യവസായിയുമായി രാജീവ് ചന്ദ്രശേഖറിന് മന്ത്രിസ്ഥാനം നല്‍കിയതില്‍ സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വ്യക്തിപരമായി കെ. സുരേന്ദ്രന് രാജീവ് ചന്ദ്രശേഖറിനെ മന്ത്രിയാക്കുന്നതില്‍ താല്‍പ്പര്യമില്ലെന്നാണ് സൂചന. എന്നാല്‍ കേന്ദ്ര നേതൃത്വത്തിന്റെ വിശ്വസ്തനായ നേതാവെന്ന നിലയില്‍ രാജീവിനെതിരായ കെ. സുരേന്ദ്രന്റെ വികാരം നരേന്ദ്ര മോദി സ്വീകരിക്കാന്‍ സാധ്യതയില്ല. അതേസമയം സംസ്ഥാന നേതൃത്വത്തില്‍ നിന്ന് ശോഭാ […]
8 July 2021 11:23 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മന്ത്രിസഭാ പുനസംഘടനയില്‍ മന്ത്രിസ്ഥാനം ലഭിച്ച മലയാളി രാജീവ് ചന്ദ്രശേഖറിന് അഭിനന്ദനങ്ങള്‍ അറിയിക്കാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ചാനല്‍ ഉടമയും വ്യവസായിയുമായി രാജീവ് ചന്ദ്രശേഖറിന് മന്ത്രിസ്ഥാനം നല്‍കിയതില്‍ സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വ്യക്തിപരമായി കെ. സുരേന്ദ്രന് രാജീവ് ചന്ദ്രശേഖറിനെ മന്ത്രിയാക്കുന്നതില്‍ താല്‍പ്പര്യമില്ലെന്നാണ് സൂചന. എന്നാല്‍ കേന്ദ്ര നേതൃത്വത്തിന്റെ വിശ്വസ്തനായ നേതാവെന്ന നിലയില്‍ രാജീവിനെതിരായ കെ. സുരേന്ദ്രന്റെ വികാരം നരേന്ദ്ര മോദി സ്വീകരിക്കാന്‍ സാധ്യതയില്ല.
അതേസമയം സംസ്ഥാന നേതൃത്വത്തില്‍ നിന്ന് ശോഭാ സുരേന്ദ്രന് രാജീവ് ചന്ദ്രശേഖറിന് അഭിനന്ദനവുമായി രംഗത്തുവന്നു. കെ. സുരേന്ദ്രന് അധ്യക്ഷസ്ഥാനം രാജിവെക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന പികെ കൃഷ്ണദാസ് പക്ഷത്തിനും നിയുക്ത മന്ത്രിയോട് വിയോജിപ്പുകളില്ലെന്നാണ് സൂചന. ശോഭാ സുരേന്ദ്രന്റെ അഭിനന്ദനം സംസ്ഥാന അധ്യക്ഷനെ പരസ്യമായി വെല്ലുവിളിക്കുന്ന തരത്തിലുള്ള ഗ്രൂപ്പ് പോരിന്റെ സൂചനയാണെന്നും അഭിപ്രായമുയരുന്നുണ്ട്. ഈ മാസം നടന്ന കോര്‍ കമ്മറ്റി യോഗത്തില്‍ സുരേന്ദ്രന് രാജിവെക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടത് ശോഭാ സുരേന്ദ്രന് ഗ്രൂപ്പായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗ്രൂപ്പുകളെ ശക്തമാക്കാന്‍ ശോഭയും കൃഷ്ണദാസും ശ്രമിച്ചിരുന്നു. സുരേന്ദ്രന്റെ നയങ്ങള്‍ക്കെതിരെ നേതാക്കളെ അണിനിരത്തി പരസ്യമായി രംഗത്തുവരാനും നീക്കമുണ്ട്. രാജീവ് ചന്ദ്രശേഖരന് കേരളാ ബിജെപിയുടെ നിര്‍ണായക ഉത്തരവാദിത്വങ്ങള്‍ നല്കാന് നേരത്തെ നീക്കങ്ങളുണ്ടായിരുന്നു. എന്നാല്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ ഇതിനെതിരെ ശക്തമായി രംഗത്തുവന്നതായിട്ടാണ് വിവരം. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.
മുന്‍ സംസ്ഥാന പ്രസിഡന്റും മിസോറം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരനെ വീണ്ടും ഗവര്‍ണറായി പരിഗണിക്കാത്തതിലും പാര്‍ട്ടിക്കുള്ളില്‍ അതൃപ്തിയുണ്ട്. പിഎസ് ശ്രീധരന്‍പിള്ളയെ ഗോവയിലേക്ക് മാറ്റിയപ്പോള്‍ കുമ്മനത്തെ വീണ്ടും പരിഗണിക്കാമായിരുന്നു എന്നാണ് പാര്‍ട്ടിയ്ക്കുള്ളിലെ പൊതുവികാരം. കേരളത്തില്‍ ബിജെപിക്കെതിരെ പ്രവര്‍ത്തിക്കുന്നു എന്ന് സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പടെ നിരന്തരം ആരോപണം ഉന്നയിക്കുന്ന ചാനലിന്റെ ഉടമയാണ് രാജീവ് ചന്ദ്രശേഖര്‍. ഇതും പാര്‍ട്ടിക്കുള്ളില്‍ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. നേരത്തെ പ്രസ്തുത ചാനല്‍ താല്‍ക്കാലികമായി ബിജെപി ബഹിഷ്കരിച്ചിരുന്നു.