
രാജ്യം നേരിടുന്ന ഏറ്റവും വലിയ മഹാമാരി ബിജെപിയാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപിയുടെത് സ്വേച്ഛാധിപത്യ ഭരണമാണ്. രാജ്യത്തെ ദളിതുകളെ പീഡിപ്പിക്കുന്ന മനോഭാവാണ് അവരുടേതെന്നും മമത ആരോപിച്ചു.
താന്‍ അവസാനം വരെ ദളിത് സമൂഹത്തിന് വേണ്ടി നിലകൊള്ളുമെന്നും മനുഷ്യത്വമാണ് തന്റെ മതമെന്നും ജാതി വ്യത്യാസങ്ങളില്‍ വിശ്വസിക്കുന്നില്ലെന്നും മമത പറഞ്ഞു. ശനിയാഴ്ച ഹത്രാസ് പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അവര്‍.
രാജ്യത്തെ ഞെരുക്കുന്ന മഹാമാരിയാണ് ബിജെപി. അത് രാജ്യത്തുനിന്നും അവസാനിപ്പിക്കണമെന്നും മമത പറഞ്ഞു.
അപലപനീയമായ തരത്തിലാണ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ വിഷയത്തെ സമീപിച്ചിരിക്കുന്നത്. ഹത്രാസിലെത്തി കുടുംബത്തെ കാണണം എന്നെനിക്കുണ്ട്. കുടുംബത്തിനോടൊപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ ഹത്രാസിലേക്ക് അയച്ചിട്ടുണ്ട്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ യുപി പൊലീസ് അവരെ തടഞ്ഞു’, മമത പറഞ്ഞു.
തൃണമൂല്‍ എംപിമാരായ ദെറെക് ഒബ്രിയനും കകോലി ഘോഷ് ദസ്തികറും പ്രതിമ മണ്ഡലും മുന്‍ എംപി മമത താക്കൂറും ഹത്രാസിലേക്ക് യാത്ര തിരിച്ചിരുന്നു. എന്നാല്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീടിന് സമീപത്തുനിന്ന് ഇവരെയും പൊലീസ് തടയുകയായിരുന്നു.