Top

സുരേന്ദ്രനെതിരായ കേസുകള്‍ രാഷ്ട്രീയപ്രേരിതമെന്ന്;ബിജെപി നിയമപോരാട്ടത്തിനൊരുങ്ങുന്നു

മഞ്ചേശ്വരത്ത് സുന്ദരയ്ക്ക് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ കോഴ നല്‍കിയെന്ന കേസില്‍ സുന്ദരയെ പ്രതിചേര്‍ത്തിട്ടില്ലെന്നതുള്‍പ്പെടെ ബിജെപി കോടതിയെ ധരിപ്പിക്കാനിരിക്കുകയാണെന്നാണ് വിവരം.

18 Jun 2021 1:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സുരേന്ദ്രനെതിരായ കേസുകള്‍ രാഷ്ട്രീയപ്രേരിതമെന്ന്;ബിജെപി നിയമപോരാട്ടത്തിനൊരുങ്ങുന്നു
X

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരായ കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് ഉന്നയിച്ച് ബിജെപി നിയമപോരാട്ടത്തിനൊരുങ്ങുന്നു. സംസ്ഥാന അധ്യക്ഷനെതിരായ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ സമീപനവും കേസ് അന്വേഷണത്തിന്റെ രീതികളും വിശദീകരിച്ച് നിയമപോരാട്ടത്തിനൊരുങ്ങാനാണ് ബിജെപി തയ്യാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാരും സിപിഐഎമ്മും ബിജെപിയെ മനപൂര്‍വ്വം വേട്ടയാടുകയാണെന്നാണ് ബിജെപിയുടെ പ്രധാന ആരോപണം.

സികെ ജാനുവിന് സ്ഥാനാര്‍ഥിയാകാന്‍ കോഴ നല്‍കിയെന്ന കേസില്‍ ജാനുവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ടെന്നും രണ്ട് കോഴ കേസുകളിലും പൊലീസിന് രണ്ട് സമീപനമാണെന്നുമാണ് ബിജെപി വിലയിരുത്തുന്നതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. മഞ്ചേശ്വരത്ത് സുന്ദരയ്ക്ക് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ കോഴ നല്‍കിയെന്ന കേസില്‍ സുന്ദരയെ പ്രതിചേര്‍ത്തിട്ടില്ലെന്നതുള്‍പ്പെടെ ബിജെപി കോടതിയെ ധരിപ്പിക്കാനിരിക്കുകയാണെന്നാണ് വിവരം.

അതേസമയം സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ സികെ ജാനുവിന് മത്സരിക്കാന്‍ 50 ലക്ഷം കോഴ നല്‍കിയെന്ന കേസില്‍ ബത്തേരി പോലീസ് ഇന്ന് പ്രാരംഭ നടപടികള്‍ ആരംഭിക്കും. കേസില്‍ ആരുടെയൊക്കേ മൊഴി എടുക്കേണ്ടതുണ്ട് എന്ന് തീരുമാനിക്കും. പ്രസീത, പ്രകാശന്‍ എന്നിവരുടെ മൊഴിയെടുക്കും എന്നാണ് സൂചന.

ഇന്നലെയാണ് കെ സുരേന്ദ്രനെതിരെയും സികെ ജാനു വിനെതിരെയും ബത്തേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സികെ ജാനുവിനെ എന്‍ഡിഎയിലെത്തിക്കാനും സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കാനും രണ്ടു തവണയായി 50 ലക്ഷം രൂപ കോഴ നല്‍കിയെന്ന ആരോപണത്തില്‍ സുരേന്ദ്രനെതിരെയും പണം വാങ്ങിയതില്‍ സികെ ജാനുവിനെതിരെയും കേസെടുക്കാന്‍ കല്‍പറ്റ കോടതി ഉത്തരവിട്ടിരുന്നു.തെളിവെടുപ്പുകള്‍ക്കായി പ്രസീത, പ്രകാശന്‍ എന്നിവരുടെ മൊഴിയും എടുത്തേക്കും. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് നല്‍കിയ ഹരജിയിലാണ് കല്‍പറ്റ മജിസ്‌ട്രേട്ട് കോടതി ബത്തേരി പൊലീസിന് നിര്‍ദേശം നല്‍കിയത്.

Next Story