
ജോസ് കെ മാണി നീക്കം നടത്തുന്നത് എന്‍ഡിഎയില്‍ ചേരാന്‍ വേണ്ടിയാണെന്ന് പി ജെ ജോസഫ്. ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നം ലഭിക്കാന്‍ സഹായിച്ചത് ബിജെപിയാണെന്ന് ജോസഫ് പറഞ്ഞു. ഇടതുമുന്നണിയിലേക്കല്ല എന്‍ഡിഎയിലേക്കാണ് ജോസ് കെ മാണിയുടെ പോക്കെന്നും ജോസഫ് സൂചിപ്പിച്ചു. കേരള കോണ്‍ഗ്രസ് ജന്മദിനത്തിലാണ് എതിര് വിഭാഗത്തിനെതിരെ പി ജെ ജോസഫിന്റെ ഗുരുതരആരോപണം.
ചിഹ്നവും പാര്‍ട്ടി പേരും ജോസ് വിഭാഗത്തിന് നല്കിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് വിധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പിജെ ജോസഫ് രംഗത്തെത്തിയിരുന്നു. മൂന്നില്‍ രണ്ട് പേര് ജോസ് കെ മാണിക്ക് അനുകൂല നിലപാട് എടുക്കുകയുമായിരുന്നു.
കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫില്‍ പോകുമെന്ന് കരുതുന്നില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് പ്രസ്താവിച്ചിരുന്നു. ഇരുകൂട്ടര്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും സുരേന്ദ്രന് കോട്ടയത്ത് വെച്ച് മാധ്യമങ്ങളോട് പ്രതികരിച്ചു.
ജോസ് വിഭാഗത്തിന്റെ മുന്നണിമാറ്റം സംബന്ധിച്ച തീരുമാനം ദിവസങ്ങള്‍ക്കകം അറിയിക്കുമെന്ന് ജോസ് കെ മാണി ഇന്ന് പറഞ്ഞിരുന്നു. കേരളകോണ്‍ഗ്രസിനോട് കോണ്‍ഗ്രസ് കാണിച്ചത് രാഷ്ട്രീയ വഞ്ചനയാണെന്നും അദ്ദഹം പറഞ്ഞു. കേരളാകോണ്‍ഗ്രസിനെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതിയുടെ കൂടെ നിന്ന പിജെ ജോസഫും കൂട്ടരും സ്വന്തം വിഭാഗത്തെ വഞ്ചിച്ച ഒറ്റുകാരെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ജോസ് കെ മാണി തുറന്നടിച്ചു. സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന്ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ കോണ്‍ഗ്രസിനെ കടുത്ത ഭാഷയിലാണ് ജോസ് കെ മാണി വിമര്‍ശിച്ചത്. പുറത്താക്കലിന്ശേഷം ഒരുവിധത്തിലുമുള്ള ചര്‍ച്ചയ്ക്കും യുഡിഎഫിലെ ഒരു നേതാവും തയ്യാറായിട്ടില്ലെന്നും ജോസ് വിഭാഗം കുറ്റപ്പെടുത്തി.
അതേസമയം ജോസ് പക്ഷത്തിന്റെ മുന്നണി പ്രവേശനത്തില്‍ കുട്ടനാട് ,പാലാ ,കാഞ്ഞിരപ്പള്ളി സീറ്റുകളുടെ കാര്യത്തിലെ തര്‍ക്കം തുടരുകയാണ്. എന്‍സിപി തങ്ങളുടെ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ സീറ്റുകളിലെ തര്‍ക്കം നിലനില്‍ക്കുന്നത്. ഒപ്പം നാല് പതിറ്റാണ്ടോളം യുഡിഎഫിന്റെ ഭാഗമായിരുന്ന പാര്‍ട്ടി മുന്നണി വിട്ട് എതിര് ചേരിയിലേക്ക് മാറാനുള്ള തീരുമാനമെടുക്കുന്നത് പാര്‍ട്ടി പ്രവര്വത്തകര് ഒരുപോലെ സ്വീകരിക്കുമോ എന്നതിലും വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉള്ളത്.