Top

‘രാജസ്ഥാന്‍, ത്രിപുര, ബംഗാള്‍, കര്‍ണാടക, കേരളം’; ദീദി തുടങ്ങിയത് കത്തിപ്പടരുകയാണ്, ഉള്‍പ്പോരില്‍ നട്ടംതിരിഞ്ഞ് അമിത് ഷാ

വിവിധ സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ പ്രതിസന്ധി നേരിട്ട് ബിജെപി. പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. മുകുള്‍ റോയ് ഉള്‍പ്പെടെയുള്ള ബിജെപിയെ നയിച്ചിരുന്ന നേതാക്കള്‍ അമിത് ഷായെ പിന്തള്ളി തൃണമൂലിലേക്ക് തിരികെ പോയി. മമതയുടെ വിശ്വസ്തനായ മുകുള്‍ റോയി തിരികെയെത്തിയത് ബംഗാളിലെ ആഘാതത്തിന്റെ തോത് ഗണ്യമായി വര്‍ദ്ധിപ്പിച്ചു. ബിജെപി ചാക്കിട്ട് പിടിച്ചവരില്‍ നിന്നുള്ള തിരിച്ചടിയുടെ തുടക്കം മാത്രമായിരുന്നു ഈ നീക്കം. രാഷ്ട്രീയ നീക്കങ്ങള്‍ ത്രിപുരയിലേക്ക് വ്യാപിപ്പിച്ച മമത കാര്യങ്ങള്‍ കടുപ്പിച്ചു. തൃണമൂലില്‍ നിന്ന് ത്രിപുര ബിജെപിയിലേക്ക് […]

20 Jun 2021 7:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘രാജസ്ഥാന്‍, ത്രിപുര, ബംഗാള്‍, കര്‍ണാടക, കേരളം’; ദീദി തുടങ്ങിയത് കത്തിപ്പടരുകയാണ്, ഉള്‍പ്പോരില്‍ നട്ടംതിരിഞ്ഞ് അമിത് ഷാ
X

വിവിധ സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ പ്രതിസന്ധി നേരിട്ട് ബിജെപി. പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. മുകുള്‍ റോയ് ഉള്‍പ്പെടെയുള്ള ബിജെപിയെ നയിച്ചിരുന്ന നേതാക്കള്‍ അമിത് ഷായെ പിന്തള്ളി തൃണമൂലിലേക്ക് തിരികെ പോയി. മമതയുടെ വിശ്വസ്തനായ മുകുള്‍ റോയി തിരികെയെത്തിയത് ബംഗാളിലെ ആഘാതത്തിന്റെ തോത് ഗണ്യമായി വര്‍ദ്ധിപ്പിച്ചു. ബിജെപി ചാക്കിട്ട് പിടിച്ചവരില്‍ നിന്നുള്ള തിരിച്ചടിയുടെ തുടക്കം മാത്രമായിരുന്നു ഈ നീക്കം. രാഷ്ട്രീയ നീക്കങ്ങള്‍ ത്രിപുരയിലേക്ക് വ്യാപിപ്പിച്ച മമത കാര്യങ്ങള്‍ കടുപ്പിച്ചു. തൃണമൂലില്‍ നിന്ന് ത്രിപുര ബിജെപിയിലേക്ക് ചേക്കേറിയ നേതാക്കള്‍ മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബിനെതിരെ വിമത ഭീഷണിയുമായി രംഗത്തുവരുന്നത് ഇതിന് ശേഷമാണ്.

ദീദീ ‘പണി’ തുടങ്ങിയെന്ന് ബോധ്യമായതോടെ ജൂണ്‍ പതിനാറിന് പ്രശ്‌നങ്ങളൊതുക്കാന്‍ അമിത് ഷാ ദേശീയ നേതൃത്വത്തില്‍ നിന്നും ആളെയിറക്കി. എന്നാല്‍ ഇതൊന്നും വില പോകില്ലെന്നും കലാപക്കൊടി ഉയര്‍ത്തിയവര്‍ക്ക് കൃത്യമായ ലക്ഷ്യങ്ങളുണ്ടെന്നാണ് അഭ്യൂഹങ്ങള്‍. ദീദീ തുറുപ്പുചീട്ടിറക്കാന്‍ തുടങ്ങിയത് അമിത് ഷായ്ക്ക് വലിയ വിനയായി മാറിയെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. മുകുള്‍ റോയി തന്നെയാണ് ത്രിപുരയിലും മമതയ്ക്ക് വേണ്ടി കരുനീക്കങ്ങള്‍ നടത്തുന്നത്. ബംഗാളിലെ രാഷ്ട്രീയ ചാണക്യയായ ദീദീയുടെ വിശ്വാസം തിരികെ പിടിക്കാന്‍ റോയിക്ക് ത്രിപുരയില്‍ കാര്യങ്ങള്‍ അനുകൂലമാക്കിയെ മതിയാവൂ. ദീദീക്ക് ഗ്യാലറിയിലിരുന്ന കൈയ്യടിച്ചാല്‍ മാത്രം മതിയാവും.

അമിത് ഷാ നേരിട്ടിറങ്ങാതെ ത്രിപുരയുടെ കാര്യങ്ങളില്‍ ഒത്തുതീര്‍പ്പുണ്ടാക്കാന്‍ നിയോഗിച്ചിരിക്കുന്നത് വിനോദ് സോനാകറിനെയാണ്. സംസ്ഥാന അധ്യക്ഷന്‍ മാനിക് സാഹയുമായി വിനോദ് പലവട്ടം ചര്‍ച്ചകള്‍ നടത്തി കഴിഞ്ഞു. ബിപ്ലവിന് നഷ്ടപ്പെടുന്ന ജനപിന്തുണയും നേതാക്കളുടെ പിന്തുണയും തിരിച്ച് പിടിക്കാന്‍ കഴിയുമെന്ന പാര്‍ട്ടിക്ക് വിശ്വാസമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.

രാജസ്ഥാനില്‍ വസുന്ധരെയുടെ മരണക്കളി

രാജസ്ഥാനില്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനെ ബിജെപിയിലെത്തിക്കാന്‍ അമിത് കുതന്ത്രങ്ങളൊരുക്കുന്നുവെന്ന് സൂചനകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നുണ്ടായ മറുനീക്കങ്ങള്‍ പരിഹരിക്കാനുള്ള തിരക്കിലാണിപ്പോള്‍ ഷായും സംഘവും. മുന്‍ മുഖ്യമന്ത്രി വസുന്ധരെ രാജ സംസ്ഥാന നേതൃത്വവുമായി പരസ്യ പോര് പ്രഖ്യാപിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. വസുന്ധരെയെ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് വാതിലുകള്‍ തുറന്നിടുമെന്ന് അഭ്യൂഹങ്ങള്‍ വന്നതോടെ പ്രശ്‌നങ്ങളുടെ ഗൗരവമേറി. കോണ്‍ഗ്രസിലെത്തിയില്ലെങ്കിലും പാര്‍ട്ടിയെ പിളര്‍ത്താന്‍ കഴിവുള്ള നേതാവാണ് വസുന്ധര രാജെ.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പുനിയ, മുതിര്‍ന്ന നേതാവും പ്രതിപക്ഷ നേതാവുമായ ഗുലാബ് ചന്ദ് കത്താറിയയും എടുക്കുന്ന തീരുമാനമാവും വസുന്ധരയുടെ പാര്‍ട്ടിയിലെ ഭാവിയെ തന്നെ തീരുമാനിക്കുക. സച്ചിന്‍ പൈലറ്റിന്റെ കാര്യം ഈ അവസരത്തില്‍ വലിയ പ്രാധാന്യം നല്‍കാന്‍ ബിജെപിക്ക് കഴിയാത്തതും ഉള്‍പാര്‍ട്ടി പോര് തന്നെ. അടുത്ത തവണ ബിജെപിയുടെ മുഖ്യമന്ത്രി കസേരയ്ക്കായി കാത്തിരിക്കുന്ന വസുന്ധര സച്ചിന്‍ പൈലറ്റിന്റെ ബിജെപി പ്രവേശനം എന്തു വിലകൊടുത്തും തടയിടുമെന്നതും ഇതുമായി ചേര്‍ത്തുവായിക്കാവുന്നതാണ്.

സച്ചിന്റെ ബിജെപി പ്രവേശനമുണ്ടായാല്‍ കലാപ്പക്കൊടി ഉയര്‍ത്തി വസുന്ധര പാര്‍ട്ടി വിടും. ഇതിന് തടയിടാന്‍ കുതിരക്കച്ചവടം നടത്തിയാല്‍ പോലും ഷായ്ക്കും സംസ്ഥാന നേതൃത്വത്തിനും കഴിയില്ല. പൈലറ്റിനെ പാര്‍്ട്ടിയിലെത്തിച്ചാല്‍ പോലും ഈ നഷ്ടം നികത്താന്‍ ബിജെുപിക്ക് കഴിയില്ല. ശക്തി കേന്ദ്രങ്ങളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയും രൂപം മാറിയ സാഫ്രോണ്‍ പാര്‍ട്ടി പ്രഖ്യാപിക്കാനും മടിയില്ലാത്ത മരണക്കളിക്ക് വസുന്ധര മുതിരുമെന്നാണ് സൂചന.

കർണാടകയിൽ ഡികെ ശിവകുമാർ ഒരുങ്ങി കഴിഞ്ഞു

ത്രിപുരയിലും പശ്ചിമ ബംഗാളിലും മമതാ ബാനര്‍ജി നടത്തുന്ന ഘര്‍വാപ്സി കരുനീക്കങ്ങള്‍ക്ക് സമാനമായി കര്‍ണാടകയിലും കരുനീക്കങ്ങള്‍ നടത്താനാണ് കോണ്‍ഗ്രസും ജെഡിഎസും തീരുമാനിച്ചിരിക്കുന്നത്. 18 എംഎല്‍എമാരാണ് കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും ബിജെപി വലവീശിപ്പിടിച്ചത്. ഇവര്‍ തന്നെയാണ് ഇപ്പോള്‍ കര്‍ണാടകയില്‍ നടക്കുന്ന വിമത നീക്കങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

കാലുമാറി ബിജെപിയിലെത്തിയ എച്ച് വിശ്വനാഥന്‍ ദേശീയ നേതൃത്വത്തിന് മുന്നില്‍ യെദ്യൂരപ്പയ്ക്ക് നേരെ രൂക്ഷമായി ആരോപണങ്ങളാണ് ഉന്നയിച്ചത്. സംസ്ഥാനത്തെ ബിജെപി ഘടകം യെദ്യൂരപ്പയ്ക്ക് പിന്തുണ നല്‍കുന്നുണ്ടെങ്കിലും മന്ത്രിസഭയില്‍ അസ്വാരസ്യങ്ങളുണ്ട്. ഈ അസ്വാരസ്യങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന എച്ച് വിശ്വനാഥനെന്നാണ് ദേശീയ നേതൃത്വത്തിന് ലഭിച്ചിരിക്കുന്ന രഹസ്യ വിവരം. ഇത് രൂക്ഷമായാല്‍ യെദ്യൂരപ്പയ്ക്ക് പുറത്തേക്ക് പോവേണ്ടി വരും. ഇത് പാര്‍ട്ടിക്ക് കനത്ത ആഘാതമാവും.

കര്‍ണാടക മോദിജിയെ മറക്കുകയാണെന്നും ജനങ്ങള്‍ ബിജെപി സര്‍ക്കാരിനെതിരെ തിരിയുമെന്നും എച്ച് വിശ്വനാഥന്‍ ദേശീയ നേതാവായ അരുണ്‍ സിംഗിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബിജെപിയില്‍ യെദ്യൂരപ്പയ്ക്കെതിരെ ശക്തമായ വിമത നീക്കങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് അരുണ്‍ സിംഗ് സംസ്ഥാനത്തെത്തിയത്. മൂന്ന് ദിവസത്തെ ചര്‍ച്ചകള്‍ക്ക് ശേഷം അരുണ്‍ സിംഗ് ദേശീയ നേതൃത്വത്തെ വിവരങ്ങള്‍ ധരിപ്പിക്കും. മുഖ്യമന്ത്രി സ്ഥാനത്ത് യെദ്യൂരപ്പ തുടരണമോയെന്ന് ഇതിന് ശേഷമായിരിക്കും പാര്‍ട്ടി തീരുമാനിക്കുക.

മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രശ്‌നങ്ങളൊന്നും അവതരിപ്പിക്കരുതെന്നും തനിക്ക് മുന്നില്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുവെന്നുമാണ് കര്‍ണാടകയിലെത്തിയ ഉടന്‍ അരുണ്‍ സിംഗ് നേതാക്കളോട് നിര്‍ദേശിച്ചിരിക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന വിമത നീക്കങ്ങളോട് മുഖം തിരിക്കുന്ന നിലപാടിലാണ് യെദ്യൂരപ്പ. മുഖ്യമന്ത്രിക്ക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ ഖട്ടീലിന്റെ പിന്തുണയുണ്ട്. ‘നിലവില്‍ പാര്‍ട്ടിയില്‍ നേതൃമാറ്റം ഉണ്ടാവില്ലെന്നും യെദ്യൂരപ്പ കാലാവധി പൂര്‍ത്തിയാക്കുമെന്നും’ അദ്ദേഹം വ്യക്തമാക്കുന്നു.

കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവ് ഡികെ ശിവകുമാര്‍ പുതിയ സാഹചര്യം വിലയിരുത്താന്‍ രഹസ്യ യോഗങ്ങള്‍ നടത്തിയേക്കാമെന്നും അഭ്യൂഹങ്ങളുണ്ട്. ബിജെപിയില്‍ ഉള്‍പോര് ശക്തി പ്രാപിച്ചാല്‍ കോണ്‍ഗ്രസ് തുറുപ്പുചീട്ടായി അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കും. യെദ്യൂരപ്പയ്ക്ക് പിന്തുണ നഷ്ടമായാല്‍ കോണ്‍ഗ്രസിന് രാഷ്ട്രീയ ലാഭമുണ്ടാവും. അതേസമയം വിഷയം വഷളാവാതെ നോക്കാന്‍ അമിത് ഷാ പ്രത്യേക നിര്‍ദേശം നല്‍കിയേക്കും.

കുഴൽപ്പണം മുതലെടുക്കാൻ ശോഭാ സുരേന്ദ്രനും സംഘവും

കേരളമാണ് ബിജെപി ശക്തമായ പ്രതിസന്ധി നേരിടുന്ന മറ്റൊരു സംസ്ഥാനം. തെരഞ്ഞെടുപ്പില്‍ ആകെയുണ്ടായിരുന്ന സീറ്റ് പോലും നഷ്ടപ്പെടുത്തിയ കെ. സുരേന്ദ്രനെ പുറത്താക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്ന് അഭിപ്രായമുയര്‍ന്നു കഴിഞ്ഞു. ശോഭാ സുരേന്ദ്രനും കൃഷ്ണദാസും അടങ്ങുന്ന വിവിധ ഗ്രൂപ്പുകള്‍ നടത്തുന്ന പടയൊരുക്കത്തെ ചെറുക്കാന്‍ സുരേന്ദ്രന് ദേശീയ നേതൃത്വത്തിന്റെ പിന്തുണയുമില്ല. കുഴല്‍പ്പണ കേസുകളും സ്ഥാനാര്‍ത്ഥി സ്വാധീനവും കോഴ വിവാദവും കൊഴുക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിക്കുള്ള വഴക്ക് തീര്‍ക്കാന്‍ വി. മുരളീധരനും രംഗത്തില്ല. കുമ്മനം സംസ്ഥാന അധ്യക്ഷ സ്ഥാനത്തിനായി വീണ്ടും കച്ചക്കെട്ടി ഇറങ്ങിയാല്‍ മൗന സമ്മതവുമായി വി. മുരളീധരന്‍ മുന്നില്‍ നില്‍ക്കുമെന്നും സൂചനയുണ്ട്.

Next Story